ജാമ്യത്തിലിറങ്ങിയ  ജിബിന്‍ രാജ്  ഒളിവില്‍ പോയി. തുടർന്ന്  പ്രത്യേക പോലീസ് സംഘം മൊബൈൽ ഫോണ് കേന്ദ്രീകരിച്ചാണ് ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയത്.

തൃശൂർ: ഷാഡോ പൊലീസ് (police) ചമഞ്ഞ് പത്ത് ലക്ഷം രൂപ പിടിച്ചുപറിച്ച കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയ പ്രതി അറസ്റ്റില്‍. മാള പൊയ്യ സ്വദേശി ജിബിൻ രാജിനെയാണ് ചാവക്കാട് പൊലീസ് പിടികൂടിയത്. നാലു വർഷമായി ഇയാൾ ഒളിവിൽ ആയിരുന്നു. 2017 ഏപ്രില്‍ 15-നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പണവുമായി സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന കടപ്പുറം സ്വദേശി അബ്ദുല്‍ വഹാബിനെ കാറിലെത്തിയ ജിബിന്‍രാജ് ഉള്‍പ്പെടെയുള്ള നാലംഗ സംഘവും സ്‌കൂട്ടറിലെത്തിയ സ്ത്രീയും പുരുഷനുമടങ്ങിയ സംഘവും ചേർന്ന് തടഞ്ഞുനിര്‍ത്തി പണം പിടിച്ചുപറിച്ചെന്നാണ് കേസ്. 

തങ്ങള്‍ ഷാഡോ പൊലീസാണെന്ന് പറഞ്ഞ് അബ്ദുള്‍ വഹാബിനെ ബലമായി കാറില്‍ പിടിച്ചുകയറ്റുകയും സ്‌കൂട്ടറിന്റെ താക്കോല്‍ കൈക്കലാക്കി അതിനകത്ത് സൂക്ഷിച്ചിരുന്ന എട്ട് ലക്ഷം രൂപയെടുത്ത് കടന്നുകളയുകയും ചെയ്തു. ഇതേ സമയം കാറിലുണ്ടായിരുന്ന മറ്റൊരാള്‍ അബ്ദുള്‍ വഹാബിന്റെ മടിക്കുത്തില്‍ സൂക്ഷിച്ചിരുന്ന 1.8 ലക്ഷം രൂപ കത്തി കാണിച്ചു ഭീഷണിപ്പെടുത്തി കൈക്കലാക്കി. തുടര്‍ന്ന് അബ്ദുള്‍ വഹാബിനെ വഴിയില്‍ ഇറക്കിവിടുകയായിരുന്നു. 

കേസിൽ എല്ലാ പ്രതികളെയും പിടികൂടി കോടതിയില്‍ ഹാജരാക്കുകയും റിമാന്‍ഡിലാവുകയും ചെയ്തിരുന്നു. ജാമ്യത്തിലിറങ്ങിയ ജിബിന്‍ രാജ് ഒളിവില്‍ പോയി. തുടർന്ന് പ്രത്യേക പൊലീസ് സംഘം മൊബൈൽ ഫോണ് കേന്ദ്രീകരിച്ചാണ് ഇയാൾക്ക് വേണ്ടി അന്വേഷണം നടത്തിയത്. വീട്ടിൽ രഹസ്യമായി എത്തിയ പ്രതിയെ ഇന്നലെ പിടികൂടുകയായിരുന്നു.