കളിയിക്കാവിള: കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അതിര്‍ത്തികളില്ലെന്ന് തെളിയിച്ച് കേരള പൊലീസ്. കൊറോണ കാലത്ത് കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തിയില്‍ കേരളത്തില്‍ നിന്നുള്ള രോഗികളെ തടയുമ്പോഴാണ് കേരള പൊലീസിന്‍റെ മാതൃകാപരമായ നടപടി. സംസ്ഥാന അതിര്‍ത്തിയിലെ ചെക്ക് പോസ്റ്റുകളില്‍ സേവനം ചെയ്യുന്ന പൊലീസുകാര്‍ക്ക് പ്രതിരോധ മാര്‍ഗങ്ങള്‍ എത്തിച്ച് നല്‍കിയിരിക്കുകയാണ് കേരള പൊലീസ്. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കളിയിക്കാവിള ചെക്ക് പോസ്റ്റിലെ ഓഫീസര്‍മാര്‍ക്ക് മാസ്കും, സാനിട്ടയ്‌സറും, കുടിവെള്ളവും നല്‍കിയാണ് അതിര്‍ത്തികള്‍ ഇല്ലാതാകുന്ന മാതൃക കേരള പൊലീസ് നല്‍കിയിരിക്കുന്നത്.  കേരള പൊലീസ് അസോസിയേഷൻ തിരുവനന്തപുരം ജില്ല റൂറൽ ജനറൽ സെക്രട്ടറി ആയിരുന്ന ജ്യോതിഷ് ആര്‍കെയാണ് വിവരം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരിക്കുന്നത്. 

ജ്യോതിഷ് ആര്‍ കെയുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണരൂപം

അതിർത്തികൾ ഇല്ലാതാകുന്ന നിമിഷം .....

ലോക്ഡൗൺ തുടങ്ങിയതിനു ശേഷം തിരു ; റൂറലിലെ പോലീസ് സംഘടനകൾ നിത്യേനെ കുടിവെള്ളവും. ഫലവർഗ്ഗങ്ങളോ.സംഭാരമോ അല്ലെങ്കിൽ മറ്റെന്തെങ്കിലുമോ, അതിനോടൊപ്പം ലഭ്യമാകുന്ന മാസ്കും, സാനിട്ടയ്‌സറുമെല്ലാം പോലീസ് സ്റ്റേഷനുകളിലേക്കും, പിക്കറ്റ് പോസ്റ്റുകളിലേക്കും എത്തിക്കാറുണ്ട്. തിരുവനന്തപുരം റൂറൽ പോലീസ് ജില്ലയുടെ തെക്കൻ പ്രദേശങ്ങൾ തമിഴ്നാടുമായി അതിർത്തി പങ്കിടുന്നവയാണ് എന്ന് പറയേണ്ടതില്ലലോ. ഒരതിർത്തിയിൽ നിൽക്കുന്ന കാക്കിയിട്ടവരിൽ ഞങ്ങൾ സ്ഥിരമായി സാധനങ്ങൾ നൽകിയിരുന്നത് കേരളത്തിൽ നിന്നുള്ള പോലീസുകാർക്ക് മാത്രമാണ്. 

എന്നാൽ ദിനംപ്രതി ഈ മഹാവ്യാധി നമ്മെയെല്ലാവരെയും പലതും പഠിപ്പിക്കുന്നുണ്ട്, ആഴത്തിൽ ചിന്തിപ്പിക്കുന്നുണ്ട്. ആ ചിന്തയും , പഠനവും കാരണം ഞങ്ങളുടെ മനസിലെവിടയോ ശേഷിച്ചിരുന്ന അതിർത്തികളും അലിഞ്ഞലിഞ്ഞു ഇല്ലാതാവുകയാണ്. അതിന്റെ ഭാഗമായി ഇന്ന് മുതൽ അതിർത്തികൾക്കപ്പുറം നിൽക്കുന്ന പിക്കറ്റ് പോസ്റ്റിലെ തമിഴ്നാട് പോലീസിന് കൂടി ഞങ്ങൾക്ക് ലഭിക്കുന്നതിൽ ഒരു പങ്ക് നൽകുകയാണ് . അതിന്റെ ആദ്യവിതരണം കളിയിക്കാവിള പോലീസ് സബ് ഇൻസ്പെക്ടർക്ക് നൽകികൊണ്ട് കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ സംസ്ഥാന നിർവാഹക സമിതി അംഗം ക്രിസ്റ്റിരാജ് നിർവഹിച്ചു . ഒരു തരത്തിൽ ഇത് സംഘടനപരമായ ഞങ്ങളുടെ ഉത്തരവാദിത്വം കൂടിയാണ് ,ഇന്ത്യയിൽ ജനാധിത്യപരമായി അവശേഷിക്കുന്ന ഏക പോലീസ് സംഘടന എന്ന നിലയിൽ .

അടയ്ക്കപ്പെട്ട അതിർത്തികളിൽ പൊലിയുന്ന ജീവനുകൾ നമ്മെ സങ്കടപ്പെടുത്തുന്ന സമയത്ത് മാനവികതയ്ക്ക് അതിർത്തികളില്ല എന്ന് നാം തിരിച്ചറിഞ്ഞേ മതിയാവൂ .തിളച്ചു പൊള്ളുന്ന സൂര്യന് താഴെ ആളിക്കത്തുന്ന കാക്കിയിൽ നിന്നാവട്ടെ അതിർത്തികൾ ഭേദിക്കുന്ന മാനവികതയുടെ തുടക്കം .

നന്മ നിറഞ്ഞ
പ്രവർത്തനങ്ങൾ
പ്രകാശിതമായി
ഇരുളടഞ്ഞ മുറികളിലെ
വെള്ളിവെളിച്ചമാകട്ടെ .......