ശക്തി കേന്ദ്രങ്ങളിൽ പോലും പാര്‍ട്ടിയും മുന്നണിയും തകര്‍ന്നടിഞ്ഞു. തിരുവനന്തപുരത്ത് ബിജെപി നേടിയ അട്ടിമറി വിജയവും കൊല്ലം, കോഴിക്കോട് കോട്ടകളിലെ കനത്ത തിരിച്ചടിയും ഇടത് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
തിരുവനന്തപുരം: മൂന്നാം തുടര്‍ഭരണമെന്ന പ്രഖ്യാപിത ലക്ഷ്യവുമായി തദ്ദേശ തെരഞ്ഞെടുപ്പിനിറങ്ങിയ സിപിഎം നേരിട്ടത് സമാനതകളില്ലാത്ത തിരിച്ചടി. ശക്തി കേന്ദ്രങ്ങളിൽ പോലും പാര്‍ട്ടിയും മുന്നണിയും തകര്‍ന്നടിഞ്ഞു. തിരുവനന്തപുരത്ത് ബിജെപി നേടിയ അട്ടിമറി വിജയവും കൊല്ലം, കോഴിക്കോട് കോട്ടകളിലെ കനത്ത തിരിച്ചടിയും ഇടത് നേതൃത്വത്തെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്.
പ്രതിസന്ധിക്കാലത്ത് പോലും കോട്ടകൾകാത്ത ചരിത്രമാണ് സിപിഎമ്മിനുണ്ടായിരുന്നതെങ്കിൽ തദ്ദേശ തെരഞ്ഞെടുപ്പിൽ പാടെ തകര്‍ന്നടിഞ്ഞു പാര്‍ട്ടിയും മുന്നണിയും. സമഗ്രാധിപത്യം ഉണ്ടായിരുന്നിടത്ത് പോലും കനത്ത തോൽവി. ആറ് കോര്‍പറേഷനുകളിൽ അഞ്ചിലും അധികാരത്തിലിരുന്ന് തെരരഞ്ഞെടുപ്പ് നേരിട്ട ഇടതുമുന്നണി ഫലം വന്നപ്പോൾ ഒന്നിലേക്കൊതുങ്ങി. നാല് പതിറ്റാണ്ട് സ്വാഭിമാനം ഭരിച്ച തിരുവനന്തപുരത്ത് ബിജെപി കൊടിനാട്ടി. രണ്ട് എണ്ണത്തിന്‍റെ വ്യത്യാസത്തിൽ ആണെങ്കിലും എൽഡിഎഫ് ലീഡ് നിലനിര്‍ത്തിയ നഗരസഭകളിൽ പുതിയ ഫലം വന്നപ്പോൾ യുഡിഎഫ് തേര്‍വാഴ്ചയാണ്. ഇടതുമുന്നണിയേക്കാൾ ഇരട്ടിയിലധികം നഗരസഭകളിൽ ഭരണം യുഡിഎഫ് പിടിച്ചെടുത്തു. 152 ബ്ലോക്ക് പഞ്ചായത്തുകളിൽ 113 ഇടത്തും ഇതുവരെ ഇടതുമുന്നണിയിയാരുന്നെങ്കിൽ എണ്ണത്തിൽ കൂടുതൽ ഇത്തവണ യുഡിഎഫ് നേടി. ഗ്രാമപഞ്ചായത്തുകളിൽ 50 ശതമാനം വിജയമുറപ്പെന്ന വിഡി സതീശന്‍റെ അവകാശവാദവും അച്ചട്ടായി. 941 ഗ്രാമപഞ്ചായത്തുകളിൽ 350 താഴെ എണ്ണത്തിൽ മാത്രമാണ് ഭരണം ഉറപ്പിക്കാനെ ഇടതുമുന്നണിക്ക് കഴിഞ്ഞിട്ടുള്ളു. ചെങ്കോട്ടയായ കൊല്ലത്ത്, അടിസ്ഥാന ജനവിഭാഗം ഇറങ്ങി നിന്ന് വോട്ടിടുന്ന കോഴിക്കോട്ട്, പാര്‍ട്ടി കോട്ടയായ കണ്ണൂരിൽ, എല്ലായിടത്തും നേരിട്ടത് കനത്ത തിരിച്ചടി.
ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനമോ, സര്‍ക്കാര്‍ നടപ്പാക്കിയ വികസന പദ്ധതികളോ, പത്ത് വര്‍ഷത്തെ പിണറായി ഭരണമോ ഒന്നും പ്രതീക്ഷിച്ച നേട്ടം ഉണ്ടാക്കിയില്ലെന്നാണ് ഇടതുമുന്നണിക്ക് കിട്ടുന്ന തദ്ദേശ ഫല സൂചന. ട്രെന്റ് അങ്ങ് നിയമസഭയോളം നിലനിൽക്കുമെന്നിരിക്കെ പ്രാദേശിക രാഷ്ട്രീയത്തിന് അപ്പുറത്ത് സംസ്ഥാനത്ത് ചര്‍ച്ചയായ സംസ്ഥാന രാഷ്ട്രീയ വിഷയങ്ങളിൽ നയപരമായ തിരുത്തൽ വേണ്ടി വരും സിപിഎമ്മിന്. ആത്മവിശ്വാസം വീണ്ടെടുത്ത പ്രതിപക്ഷ നിരയും സ്വയം വിമര്‍ശനത്തിന് നിര്ബന്ധിക്കുന്ന ഘടകക്ഷികളും എല്ലാം ഇടതുമുന്നണി നേതൃത്വത്തിന് വരും ദിവസങ്ങളിലും വെല്ലുവിളിയാണ്.


