വകുപ്പ് മന്ത്രി ഗുണ്ടയായത് കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പൊലീസുകാര്‍ 'കെപി' എന്നാല്‍ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ലെന്ന് മനസിലാക്കണമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

കണ്ണൂര്‍: കെ റെയിലിനെതിരെ (K Rail) പ്രതിഷേധം ഉയര്‍ത്തുന്നവരോടുള്ള കേരള പൊലീസിന്‍റെ (Kerala Police അതിക്രമങ്ങള്‍ക്കെതിരെ പ്രതികരണവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍ (Rahul Mamkootathil). വകുപ്പ് മന്ത്രി ഗുണ്ടയായത് കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പൊലീസുകാര്‍ 'കെപി' എന്നാല്‍ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ലെന്ന് മനസിലാക്കണമെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു. 

രാഹുലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

K റെയിലിൽ ഇതിലും ആഴത്തിലുള്ള സാമൂഹികാഘാത പഠനം ഒന്നും വേണമെന്നില്ല...
IPC സെക്ഷൻ 354 എന്താണെന്നും, സ്ത്രീത്വത്തിനു നേർക്കുള്ള കടന്നു കയറ്റം എന്താണെന്നുമൊക്കെ ആ സ്ത്രീയെ വലിച്ചിഴയ്ക്കുന്ന ഏമാന്മാർക്ക് ആരെങ്കിലും പഠിപ്പിച്ച് കൊടുക്കണം.
വകുപ്പ് മന്ത്രി ഗുണ്ടയായതു കൊണ്ട് ഗുണ്ടായിസം നാട്ടുകാരോട് കാണിക്കാനിറങ്ങുന്ന പോലീസുകാരോട്, 'KP' എന്നാൽ കേരള പോലീസ് എന്നാണ് അല്ലാതെ 'കുറ്റി പ്രൊട്ടക്ട്ടേഴ്സ്' എന്നല്ല.

ചങ്ങനാശ്ശേരിയിൽ നാളെ ഹർത്താൽ; സ്റ്റേഷന് മുന്നിലും പ്രതിഷേധം

കോട്ടയം മാടപ്പള്ളിയിൽ കെ റെയിൽ കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിൽ നാളെ ഹർത്താലിന് ആഹ്വാനം. കെ റെയിൽ വിരുദ്ധ സമരസമിതിയും യുഡിഎഫും ബിജെപിയുമാണ് ഹർത്താലിന് ആഹ്വാനം ചെയ്തത്. 

സ്ത്രീകളടക്കമുളള സമരക്കാരെ അറസ്റ്റുചെയ്ത പൊലീസ് നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമാവുകയാണ്. അറസ്റ്റുചെയ്ത സമരക്കാരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തൃക്കൊടിത്താനം പൊലീസ് സ്റ്റേഷന് മുന്നിൽ യുഡിഎഫും ബിജെപിയും പ്രതിഷേധവുമായെത്തി. അറസ്റ്റിലായ 23 പേരിൽ 2 പേരെ ഇനിയും വിട്ടയച്ചിട്ടില്ല. സ്റ്റേഷന് മുന്നിൽ പൊലീസും പ്രതിഷേധക്കാരുമായി ഉന്തും തള്ളും നടന്നു.

സിൽവർ ലൈൻ പ്രതിഷേധത്തിനെതിരായ ചങ്ങനാശ്ശേരിയിലെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി. കെ റെയിലിനെതിരെ സമരം ശക്തമാക്കുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പിന്റെ ലംഘനമാണുണ്ടായതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. 

കെ റെയിൽ കല്ലിടൽ; കോട്ടയത്ത് നാട്ടുകാരുടെ വൻ പ്രതിഷേധം; പൊലീസ് ബലംപ്രയോ​ഗിച്ചു, സ്ത്രീകളെ വലിച്ചിഴച്ച് നീക്കി

മാടപ്പള്ളിയിൽ ഇന്ന് സംഭവിച്ചത്

മാടപ്പള്ളി മുണ്ടുകുഴിയിൽ കെ റെയിൽ കല്ലിടലിനെതിരെ നാട്ടുകാർ നടത്തിയ പ്രതിഷേധമാണ് വലിയ സംഘർഷത്തിലേക്ക് വഴിവെച്ചത്. ആത്മഹത്യാ ഭീഷണി നടത്തിയ നാട്ടുകാരുടെ പ്രതിഷേധം പിന്നീട് പൊലീസിന് നേരയും തിരിയുകയായിരുന്നു. പിന്നാലെ പൊലീസിന്റെ ബലപ്രയോ​ഗം ഉണ്ടായി. സ്ത്രീകളെ പൊലീസ് വലിച്ചിഴച്ച് നീക്കി. സമരത്തിന്റെ മുൻ നിരയിലുണ്ടായിരുന്നവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. നാല് സ്ത്രീകൾ ഉൾപ്പടെ 23 പേരാണ് അറസ്റ്റിലായത്. പൊലീസിന് നേരെ മണ്ണെണ്ണ ഒഴിച്ചത് കൊണ്ടാണ് അറസ്റ്റിലേക്ക് നീങ്ങിയതെന്നാണ് പൊലീസ് വിശദീകരിക്കുന്നത്. ചെറിയ കുട്ടിയെ സമരമുഖത്ത് ഉപയോഗിച്ചതും അറസ്റ്റിന് കാരണമായെന്ന് പൊലീസ് പറയുന്നു. 

മനുഷ്യശൃംഖല തീർത്തായിരുന്നു രാവിലെ മുതൽ ഇവിടെ പ്രതിഷേധം. കല്ലുമായെത്തിയ വാഹനത്തിന്റെ ചില്ല് പ്രതിഷേധക്കാർ തകർത്തു. നാട്ടുകാർ റോഡ് ഉപരോധിച്ചു. കല്ലിടൽ നടപടിക്രമം പാലിക്കാതെയെന്നാണ് പ്രതിഷേധക്കാർ ആരോപിച്ചത്. വലിയ പ്രതിഷേധമാണ് മുണ്ടുകുഴിയിൽ നാട്ടുകാരുടെ ഭാ​ഗത്തു നിന്നുണ്ടായത്. കല്ലുമായെത്തിയ വാഹനം തുടർന്ന് തിരികെപ്പോകേണ്ടതായി വന്നു. മനുഷ്യശൃംഖല തീർത്ത് നാട്ടുകാർ ഉദ്യോ​ഗസ്ഥർക്കെതിരെ പ്രതിഷേധിക്കുകയും ആക്രോശിക്കുകയുമാണുണ്ടായത്. കൂട്ട ആത്മഹത്യ നടത്തുമെന്ന് സമക്കാർ പറഞ്ഞു. മണ്ണെണ്ണ ഉയർത്തി കാട്ടി പ്രതിഷേധിക്കുന്ന അവസ്ഥയുമുണ്ടായി. 

പിന്നീട് കെ റെയിൽ അടയാള കല്ലുമായി വാഹനം തിരിച്ചെത്തി. കനത്ത പൊലീസ് സന്നാഹം സ്ഥലത്തുണ്ടായിരുന്നു. കെ റെയിൽ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പൊലീസ് അകമ്പടിയോടെ കല്ലിടുന്ന സ്ഥലത്തേക്ക് നീങ്ങി. പൊലീസ് പ്രതിഷേധക്കാർക്ക് മുന്നറിപ്പ് നൽകി. എന്നാൽ, പിരിഞ്ഞുപോകാൻ കൂട്ടാക്കാതെ നാട്ടുകാർ ഉ​ദ്യോ​ഗസ്ഥർക്ക് നേരെ ​ഗോ ബാക്ക് വിളികളുയർത്തി. തുടർന്നാണ് സമരക്കാരും പൊലീസും നേർക്കുനേർ വരുന്ന സ്ഥിതിയുണ്ടായത്. പൊലീസിന്റെ അനുനയ ശ്രമങ്ങളൊന്നും വിലപ്പോയില്ല. പ്രതിഷേധത്തിൽ നിന്ന് പിന്മാറാതെ സമരക്കാർ, പൊലീസ് പിൻമാറണമെന്ന് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് ബലപ്രയോ​ഗമുണ്ടായത്. മണ്ണെണ്ണ കയ്യിലെടുത്ത് വളരെ വൈകാരികമായി സ്ത്രീകൾ പ്രതിഷേധിച്ചു. മണ്ണെണ്ണ മാറ്റിവെക്കാനും കുട്ടികളെ സമരസ്ഥലത്തു നിന്ന് മാറ്റാനും പൊലീസ് ആവശ്യപ്പെട്ടു. എന്നാൽ, ഇതിന് സമരക്കാർ തയ്യാറായില്ല. ഇതോടെയാണ് വനിതാ പൊലീസ് സ്ത്രീകളെ ബലം പ്രയോ​ഗിച്ച് നീക്കിയത്.