തിരുവനന്തപുരം: ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടിലെ പരിശോധന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അവസാനിപ്പിച്ചു. ഒരു ദിവസത്തിലേറെ നീണ്ട പരിശോധനയാണ് അവസാനിച്ചത്. വീട്ടില്‍ നിന്ന് പുറത്തേക്ക് പോയ ഇഡി ഉദ്യോ​ഗസ്ഥരുടെ വാഹനം സംസ്ഥാന പൊലീസ് തടഞ്ഞു. ബിനീഷിന്‍റെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ വിശദീകരണം ആവശ്യപ്പെട്ടാണ് വാഹനം തടഞ്ഞത്. താമസ സ്ഥലത്ത് എത്തിയാല്‍  വിശദീകരണം നല്‍കാമെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഉദ്യോ​ഗസ്ഥരെ പോകാന്‍ അനുവദിച്ചത്.

നാടകീയ രംഗങ്ങളാണ് ബിനീഷ് കോടിയേരിയുടെ വീട്ടില്‍ ഇന്ന് രാവിലെ മുതല്‍ നടന്നത്. ബിനീഷിന്‍റെ ഭാര്യയെ തടങ്കലില്‍ വെച്ചിരിക്കുകയാണെന്ന് ആരോപിച്ച ബന്ധുക്കള്‍ വീടിന് മുന്നില്‍ കുത്തിയിരുന്നു. പിന്നാലെ ബിനീഷ് കോടിയേരിയുടെ വീട്ടിൽ സംസ്ഥാന ബാലാവകാശ കമ്മീഷന് സ്ഥലത്തെത്തി. രണ്ടര വയസ് പ്രായമുള്ള ബിനീഷിന്റെ കുഞ്ഞിനെ നിയമവിരുദ്ധമായി തടവിൽ വെച്ച് മാനസികമായി പീഡിപ്പിക്കുന്നുവെന്ന ബിനീഷിന്റെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ബാലാവകാശ കമ്മീഷനെത്തിയത്.  

കുട്ടിയുടെ അവകാശങ്ങൾ ലംഘിക്കപ്പെടാൻ പാടില്ലെന്നാണ് ബാലാവകാശ കമ്മീഷൻ അധ്യക്ഷൻ പറഞ്ഞത്. എന്നാൽ ബാലാവകാശ കമ്മീഷനെ അകത്തേക്ക് കടത്തിവിടാനാവില്ലെന്ന് ഇഡി അംഗങ്ങൾ നിലപാടെടുത്തു. ഇതോടെ സ്ഥലത്ത് ബന്ധുക്കൾ സുരക്ഷാ ഉദ്യോഗസ്ഥരോട് കുഞ്ഞിനെ പുറത്തുവിടണം എന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചു. ഇതിന് പിന്നാലെ ബാലാവകാശ കമ്മീഷൻ രേഖാമൂലം ഇഡിയോട് കുട്ടിയെ കാണണമെന്ന് ആവശ്യപ്പെട്ടു.

ഇതോടെ ബിനീഷിന്റെ ഭാര്യയെയും കുഞ്ഞിനെയും വീട്ടിന് പുറത്തേക്ക് വിട്ടു. വീട്ടിൽ നിന്ന് കണ്ടെടുത്തുവെന്ന് പറയുന്ന രേഖകളെ കുറിച്ച് തങ്ങൾക്ക് അറിയില്ലെന്നും ഒപ്പിടാനാകില്ലെന്ന് നിലപാടെടുത്തുവെന്നും സാധനങ്ങൾ എടുക്കുമ്പോൾ തങ്ങളെ കാണിച്ചില്ലെന്നും ബിനീഷിന്റെ ഭാര്യാമാതാവ് പ്രതികരിച്ചു. എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ ഭീഷണിപ്പെടുത്തിയെന്ന് ബിനീഷിന്റെ ഭാര്യാ മാതാവ് പറഞ്ഞു. 

പരിശോധനയ്ക്കായി ഇന്നലെ രാവിലെയാണ് ഇഡി ഉദ്യോഗസ്ഥര്‍ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ എത്തിയത്. പരിശോധന ഇന്നലെ രാത്രി 7 മണിയോടെ അവസാനിച്ചെങ്കിലും മഹസറില്‍  ഒപ്പിടാൻ ബിനീഷിൻ്റെ ഭാര്യ തയ്യാറായില്ല. ഇതേ തുടര്‍ന്നാണ് ഇഡി ഉദ്യോഗസ്ഥര്‍ രാത്രിയിലും വീട്ടിൽ തുടരുന്നത്.