Asianet News MalayalamAsianet News Malayalam

വെടിയുണ്ട കാണാതായ സംഭവം: പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും

പൊലീസുകാരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്റെ തുടർ നടപടികൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യാജ വെടിയുണ്ടകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

kerala police bullet missing case crime branch will questioning police officers
Author
Thiruvananthapuram, First Published Feb 20, 2020, 6:33 AM IST

തിരുവനന്തപുരം: എസ് എ പി ക്യാമ്പിൽ നിന്നും വെടിയുണ്ടകൾ കാണാതായ സംഭവത്തിൽ പ്രാധാന സാക്ഷികളായ പൊലീസുകാരെ ക്രൈംബ്രാഞ്ച് ഇന്ന് ചോദ്യം ചെയ്യും. തിരകൾ നഷ്ടമായ കാലയളവിൽ എസ് എ പിയിൽ ജോലി ചെയ്തിരുന്ന നാല് പൊലീസുകാരെയാണ് ചോദ്യം ചെയ്യാനായി വിളിച്ചിരിക്കുന്നത്. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാകും ക്രൈംബ്രാഞ്ചിന്‍റെ തുടർ നടപടികൾ. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ വ്യാജ വെടിയുണ്ടകൾ ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു.

കേരളാ പൊലീസിന്‍റെ ആയുധശേഖരത്തിൽ നിന്ന് വൻതോതിൽ വെടിക്കോപ്പുകളും ഉണ്ടകളും റൈഫിളുകളും കാണാതായെന്നാണ് സിഎജി കണ്ടെത്തല്‍. 12,061 വെടിയുണ്ടകളുടെ കുറവാണ് കണ്ടെത്തിയിരിക്കുന്നത്. കാണാതായവയ്ക്ക് പകരം വ്യാജ വെടിയുണ്ടകൾ വയ്ക്കുകയും സംഭവം മറച്ചു വയ്ക്കാൻ ഉദ്യോഗസ്ഥർ ശ്രമിക്കുകയും ചെയ്തു. രേഖകൾ തിരുത്തി കുറ്റക്കാരെ സംരക്ഷിക്കാനാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ശ്രമിച്ചതെന്നും സിഎജി കണ്ടെത്തിയിട്ടുണ്ട്. 

എന്നാല്‍, തോക്കുകളും വെടിയുണ്ടകളും കാണാതായിയെന്ന സിഎജി കണ്ടെത്തലുകൾ തള്ളി ആഭ്യന്തര സെക്രട്ടറി ഇന്നലെ മുഖ്യമന്ത്രിക്ക് റിപ്പോർട്ട് സമർപ്പിച്ചു. തോക്കുകൾ കാണാതായിട്ടില്ലെന്ന ക്രൈംബ്രാഞ്ചിന്‍റെ കണ്ടെത്തൽ ശരിവച്ചുകൊണ്ടാണ് റിപ്പോര്‍ട്ട്. രജിസ്റ്ററിൽ രേഖപ്പെടുത്തുന്നതിലെ പിഴവ് മാത്രമാണ് ഉണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

തോക്കുകളും തിരകളും കാണാതായിയിട്ടില്ല. 94 മുതൽ തോക്കുകളുടെ രജിസ്റ്റർ സൂക്ഷിക്കുന്നതിൽ വീഴ്ച്ചയുണ്ട്. ആയുധങ്ങളും വെടിക്കോപ്പുകളും കാണാനില്ലെന്ന് പറഞ്ഞ്, സുരക്ഷാ പ്രശ്നം ഉണ്ടെന്ന് പ്രചാരണം നടത്തുന്നത് തെറ്റാണ്. ഫണ്ട് വകമാറ്റിയതിനെ സർക്കാർ അംഗീകരിച്ചിട്ടുണ്ട്‌. ഉപകരങ്ങൾ വാങ്ങിയത് സർക്കാർ സ്ഥപനമായ കെൽട്രോൺ വഴി. പൊലീസ് ചട്ടം ലംഘിച്ചിട്ടില്ലെന്നും ആഭ്യന്തര സെക്രട്ടറിയുടെ റിപ്പോർട്ട് പറയുന്നു.

കെൽട്രോണിന്റെ ഭാഗത്തുള്ള വീഴ്ചയാണ് സിഎജി ചൂണ്ടിക്കാട്ടിയത്. എന്നാൽ കെൽട്രോണിനെ കുറ്റപ്പെടുന്നത് നീതിപൂർവ്വമല്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ടിൽ പറയുന്നു. ഡിജിപിയുടെ പേരെടുത്ത് പറഞ്ഞതിന് സിഎജിയെ ആഭ്യന്തര സെക്രട്ടറി തന്റെ റിപ്പോർട്ടിൽ വിമർശിച്ചു. ഇത്തരം വിമർശനം സിഎജി നടത്തുന്നത് പതിവില്ലെന്നും ആഭ്യന്തര സെക്രട്ടറി റിപ്പോർട്ട് പറയുന്നു.

Follow Us:
Download App:
  • android
  • ios