തിരുവനന്തപുരം: കേരളാ പൊലീസിന്‍റെ കൈവശമുണ്ടായിരുന്ന വെടിയുണ്ടകള്‍ കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചങ്ങനാശ്ശേരി സ്വദേശി രാമചന്ദ്ര കൈമൾ ആണ് പൊതുതാത്പര്യ ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.

നിലവിലുള്ള പൊലീസ് അന്വേഷണം കൊണ്ട് സത്യം പുറത്ത് വരില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഹർജിക്കാരന്‍റെ ആവശ്യം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്. എന്നാൽ, വെടിയുണ്ട കാണാതായ സംഭവത്തിൽ ക്രൈം ബ്രാഞ്ച് അന്വേഷണം പുരോഗമിക്കുകയാണെന്നും സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. അന്വേഷണം ശരിയായ രീതിയിലാണ് നടക്കുന്നതെന്നും സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. നേരത്തെ പൊതുപ്രവർത്തകനായ ജോർജ്ജ് വട്ടകുളം നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു.