തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേന ബുള്ളറ്റ് പ്രൂഫ് കാറുകൾ ടെണ്ടർ വിളിക്കാതെ വാങ്ങിയത് ഡിജിപിയുടെ നിർദ്ദേശത്തെ തുടർന്നെന്ന് വ്യക്തമാക്കുന്ന ഉത്തരവ് പുറത്ത്. സിഎജി കണ്ടെത്തിയെ ക്രമക്കേടിന് ആധാരമായ ഉത്തരവ് പുറത്ത്. കാർ വാങ്ങാനുള്ള അനുമതിയുടെ ഉത്തരവ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.

കഴിഞ്ഞ വർഷം മെയ് ഒന്നിനാണ് കാറുകൾ വാങ്ങാൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഹിന്ദുസ്ഥാൻ മോട്ടോർസിൽ നിന്ന് മിറ്റ്സുബിഷി പജെറോ സ്പോർട്സ് വാഹനം രണ്ടെണ്ണം വാങ്ങണമെന്നാണ് ഡിജിപി നൽകിയ നിർദ്ദേശം. ഇതിന് എത്ര തുകയാണ് വേണ്ടതെന്നും, മുൻകൂറായി 30 ശതമാനം കമ്പനിക്ക് നൽകണമെന്നുമുള്ള കാര്യങ്ങൾ ഡിജിപി വ്യക്തമാക്കിയിട്ടുണ്ട്.

ഓപ്പൺ ടെണ്ടർ വിളിക്കുമ്പോൾ കാലതാമസം നേരിടും, സുരക്ഷയെ ബാധിക്കും എന്നീ കാരണങ്ങൾ ഡിജിപി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതോടൊപ്പം ഇവയ്ക്ക് വില കുറവാണെന്നും വ്യക്തമാക്കിയിട്ടുണ്ട്. ഡിജിപി അയച്ച കത്തിൽ യാതൊരു തുടർ പരിശോധനയും ഇല്ലാതെ സർക്കാർ അംഗീകരിക്കുകയായിരുന്നു. ബുള്ളറ്റ് പ്രൂഫ് കാറുകൾ വാങ്ങിയതിൽ അഴിമതിയുണ്ടെന്ന് പി ഉബൈദുള്ള ഫെബ്രുവരി മൂന്നിന് സഭയിൽ ഉന്നയിച്ചിരുന്നു. ഇതിന് ഇതുവരെ മറുപടി നൽകിയിട്ടില്ല.