Asianet News MalayalamAsianet News Malayalam

കൊവിഡ്-19 : പരിശോധന, അറസ്റ്റ് തുടങ്ങി പൊലീസിന്‍റെ പ്രവര്‍ത്തനക്രമങ്ങളില്‍ തിങ്കളാഴ്ച മുതല്‍ മാറ്റം

രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം.

kerala police Changes activities since Monday on covid 19 pandemic
Author
Thiruvananthapuram, First Published May 16, 2020, 7:40 PM IST

തിരുവനന്തപുരം: കൊവിഡ് 19 ബാധയുടെ പശ്ചാത്തലത്തില്‍ പൊലീസിന്‍റെ പ്രവര്‍ത്തനക്രമങ്ങളില്‍ മാറ്റം വരുത്തി. രേഖകളുടെ പരിശോധന, അറസ്റ്റ്, കുറ്റകൃത്യം നടന്ന സ്ഥലം, പരാതിക്കാരോട് സംസാരിക്കല്‍, വിവിധ ഉപകരണങ്ങളുടെ പ്രയോഗം എന്നിവ സംബന്ധിച്ച കാര്യങ്ങളിലാണ് മാറ്റം.  സ്റ്റാന്‍റേര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങളില്‍ പലതും അന്താരാഷ്ട്ര നിലവാരത്തിലുളളവയാണ്. നിർദ്ദേശങ്ങൾ തിങ്കളാഴ്ച നിലവിൽ വരും.  ഈ മാറ്റങ്ങള്‍ ഒരു സാഹചര്യത്തിലും പൊലീസിന്‍റെ പ്രവര്‍ത്തനമികവിനെ ബാധിക്കില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു.  

പൊലീസ് സേനാംഗങ്ങളുടെ ക്ഷേമം ഉറപ്പാക്കുന്നതിന് പരിശീലന വിഭാഗം എ.ഡി.ജി.പി ഡോ.ബി സന്ധ്യ, ബറ്റാലിയന്‍ വിഭാഗം എ.ഡി.ജി.പി എം.ആര്‍ അജിത് കുമാര്‍ എന്നിവരെ ചുമതലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടേയും ക്ഷേമം, ആരോഗ്യം എന്നിവ ഉറപ്പ് വരുത്തുന്നതിന് ഇവര്‍ നടപടി സ്വീകരിക്കും. അസുഖബാധിതരാകുന്ന ഉദ്യോഗസ്ഥര്‍ അക്കാര്യം ഉടന്‍തന്നെ മേലധികാരികളെ അറിയിക്കേണ്ടതാണ്. സാമൂഹിക അകലം ഉള്‍പ്പെടെയുളള കോവിഡ് സുരക്ഷാ പ്രോട്ടോകോള്‍ പാലിക്കുന്നതില്‍ പോലീസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിന് മാതൃകയായിരിക്കണം.  ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും.  ഇവയില്‍ മികവ് പുലര്‍ത്തുകയും മാനദണ്ഡങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്ക് സേവനം ലഭ്യമാക്കുകയും ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥരെ ആദരിക്കുകയും ചെയ്യും. 
റോള്‍കാള്‍, ഷിഫ്റ്റ് മാറ്റം, പരേഡ്, ക്ലാസുകള്‍ എന്നിങ്ങനെ  പൊലീസുദ്യോഗസ്ഥര്‍ ഒത്തുകൂടുന്ന അവസരങ്ങള്‍ പരമാവധി ഒഴിവാക്കണമെന്ന് പുതിയ നിര്‍ദ്ദേശത്തില്‍ പറയുന്നു.

സേനയിലെ എല്ലാ യൂണിറ്റുകളിലും ദിനംപ്രതി ഡ്യൂട്ടിക്കായി പകുതി ജീവനക്കാരെ നിയോഗിച്ചശേഷം പകുതിപ്പേര്‍ക്ക് റെസ്റ്റ് നല്‍കുന്ന വിധത്തില്‍ ജോലി പുന:ക്രമീകരിക്കുന്നതിന് യൂണിറ്റ് മേധാവിമാര്‍ ശ്രമിക്കണം. ബാക്കി പകുതിപ്പേര്‍ക്ക് ഡ്യൂട്ടി റെസ്റ്റ് അനുവദിക്കണം. അടിയന്തിര ഘട്ടങ്ങളില്‍ ആവശ്യപ്പെട്ടാലുടന്‍ ജോലിക്കെത്തണം. കഴിയുന്നതും ഏഴ് ദിവസത്തെ ജോലിക്ക് ശേഷം ഏഴ് ദിവസത്തെ റെസ്റ്റ് അനുവദിക്കണം. ഡ്യൂട്ടി നിശ്ചയിച്ച ശേഷം എല്ലാദിവസവും വൈകുന്നേരം അക്കാര്യം പൊലീസുദ്യോഗസ്ഥരെ ഫോണ്‍മുഖേന അറിയിക്കണം. ഡ്യൂട്ടിക്കായി സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് പകരം പോലീസുദ്യോഗസ്ഥര്‍ ഡ്യൂട്ടിസ്ഥലങ്ങളില്‍ നേരിട്ട് ഹാജരായശേഷം ഫോണ്‍വഴി സ്റ്റേഷനില്‍ അറിയിച്ചാല്‍ മതിയാകും. ഡ്യൂട്ടി കഴിയുമ്പോള്‍ വീഡിയോ കോള്‍, ഫോണ്‍, വയര്‍ലെസ് മുഖേന മേലുദ്യോഗസ്ഥനെ അക്കാര്യം അറിയിച്ചശേഷം മടങ്ങാം. 

മേലുദ്യോഗസ്ഥര്‍ ദിനംപ്രതി നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ എസ്.എം.എസ്, വാട്സ് ആപ്പ്, ഓണ്‍ലൈന്‍ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കണം. പോലീസ് സ്റ്റേഷനുകളില്‍ പോലീസുദ്യോഗസ്ഥര്‍ ഒരുമിച്ച് വിശ്രമിക്കുന്നതും കൂട്ടംചേര്‍ന്ന് ഇരിക്കുന്നതും ഒഴിവാക്കണം. ഡ്യൂട്ടി കഴിഞ്ഞ് ഉദ്യോഗസ്ഥര്‍ നേരെ വീടുകളിലേയ്ക്ക് പോകേണ്ടതും സുഹൃത്തുക്കളേയോ ബന്ധുക്കളേയോ സന്ദര്‍ശിക്കാന്‍ പാടില്ലാത്തതുമാണ്.  ജോലി ചെയ്യുന്ന സ്ഥലവും സാഹചര്യവുമനുസരിച്ചുളള സുരക്ഷാ ഉപകരണങ്ങള്‍ എല്ലാ പോലീസുദ്യോഗസ്ഥര്‍ക്കും ലഭ്യമാക്കണം.  പോലീസുദ്യോഗസ്ഥര്‍ ഭക്ഷണവും വെളളവും കൈയ്യില്‍ കരുതുകയും ഇത്തരം ആവശ്യങ്ങള്‍ക്ക് പരമാവധി പൊതു ഇടങ്ങളെ ആശ്രയിക്കുന്നത് ഒഴിവാക്കുകയും വേണം. ആരോഗ്യപരമായ ഭക്ഷണക്രമം പാലിച്ച് മതിയായ വ്യായാമമുറകള്‍, യോഗ എന്നിവ ശീലമാക്കണം.  

പോലീസുകാരുടെ ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ പോലീസ് യൂണിറ്റുകളിലും ഒരു വെല്‍ഫെയര്‍ ഓഫീസറെ നിയോഗിക്കും. ഈ ഉദ്യോഗസ്ഥന്‍ പോലീസുകാര്‍ക്ക് ആവശ്യമുളള സാധനങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുതകുന്ന ഹോമിയോ, ആയുര്‍വേദ പ്രതിരോധ മരുന്നുകള്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ലഭ്യമാക്കണം. ജീവിതശൈലീരോഗങ്ങളുളള 50 വയസ്സിന് മുകളില്‍ പ്രായമുളളവരെ ശ്രമകരമായ ചുമതലകളില്‍ നിന്ന് ഒഴിവാക്കും. ഗര്‍ഭിണികളായ ഉദ്യോഗസ്ഥകള്‍ക്ക് ഓഫീസ്, കമ്പ്യൂട്ടര്‍, ഹെല്‍പ് ലൈന്‍ ചുമതലകള്‍ നല്‍കണം.

തിരക്കേറിയ ജംഗ്ഷനുകളില്‍ മാത്രമേ ട്രാഫിക് ചുമതല നല്‍കാവൂ. റെയില്‍വേ സ്റ്റേഷന്‍, വിമാനത്താവളം, ചെക്ക്പോസ്റ്റ് എന്നിവിടങ്ങളില്‍ പരമാവധി കുറച്ച് ആള്‍ക്കാരെ നിയോഗിക്കണം. ആവശ്യത്തിലേറെ ഉദ്യോഗസ്ഥരെ നിയോഗിക്കുന്നത് നിരുത്സാഹപ്പെടുത്തണം.  ആഭരണങ്ങള്‍ ഉള്‍പ്പെടെ വ്യക്തിഗത ഉപയോഗത്തിനുളള വസ്തുക്കള്‍ മറ്റുളളവരുമായി പങ്ക് വയ്ക്കരുത്. യൂണിഫോം ഉപയോഗിക്കുന്നതില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. എന്നാല്‍ എല്ലാ ദിവസവും അലക്കിയ വൃത്തിയുളള യൂണിഫോം തന്നെ ധരിക്കേണ്ടതാണ്. ഫീല്‍ഡ് ജോലിയില്‍ ആയിരിക്കുമ്പോള്‍ റബ്ബര്‍ ഷൂസ്, ഗം ബൂട്ട്, കാന്‍വാസ് ഷൂ എന്നിവ ഉപയോഗിക്കാം. ഫെയ്സ് ഷീല്‍ഡ് ധരിക്കുമ്പോള്‍ തൊപ്പി നിര്‍ബന്ധമില്ല. മൊബൈല്‍ ഫോണില്‍ കഴിയുന്നതും സ്പീക്കര്‍ മോഡില്‍ സംസാരിക്കണം. എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഏറ്റവും പുതിയ ആരോഗ്യവിവരങ്ങള്‍ അറിവുണ്ടായിരിക്കണം. 

ഇനിയൊരു അറിയിപ്പുണ്ടാകുംവരെ വെളളിയാഴ്ച പരേഡ് ഒഴിവാക്കിയിട്ടുണ്ട്. പതിവ് വാഹനപരിശോധന, നിസാര കാര്യങ്ങള്‍ സംബന്ധിച്ച അറസ്റ്റ് എന്നിവ ഒഴിവാക്കും. പോലീസുമായി നേരിട്ട് ബന്ധമില്ലാത്ത ജോലികള്‍, സാംസ്കാരിക പരിപാടികള്‍ എന്നിവ ഒഴിവാക്കും. സി.സി.ടി.വി, ഹെല്‍പ് ലൈന്‍, ക്യാമറ, സാങ്കേതികവിദ്യ എന്നിവ പരമാവധി ഉപയോഗിക്കും. പൊതുജനങ്ങള്‍ പോലീസ് സ്റ്റേഷന്‍ സന്ദര്‍ശിക്കുന്നത് കഴിയുന്നതും ഒഴിവാക്കണം. പരാതികള്‍ ഇ-മെയില്‍, വാട്സ് ആപ്പ് എന്നിവ മുഖേനയോ കണ്‍ട്രോള്‍ നമ്പര്‍ 112 മുഖേനയോ നല്‍കണമെന്നും പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios