ജീവനക്കാരുടെ വീടുകളിലും പൊലീസ് തിരച്ചിൽ നടത്തി. സ്ഥാപനത്തിൽ പ്രവേശിക്കരുതെന്നും പൊലീസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

തിരുവനന്തപുരം: ഓൺലൈൻ മാധ്യമമായ മറുനാടൻ മലയാളിയുടെ ഹെഡ് ഓഫിസിൽ നിന്ന് പൊലീസ് പിടിച്ചെടുത്തത് കമ്പ്യൂട്ടററുകളും ക്യാമറകളും മറ്റ് അനുബന്ധ ഉപകരണങ്ങളും. ഇതോടെ ചാനലിന്റെയും വെബ്സൈറ്റിന്റെയും പ്രവർത്തനം പൂർണമായും നിലച്ചു. തിരുവനന്തപുരം പട്ടത്തെ പ്രധാന ഓഫിസിലാണ് കഴിഞ്ഞ ദിവസം രാത്രി പൊലീസ് റെയ്ഡ് നടത്തിയത്. എഡിറ്റർ ഷാജൻ സ്കറിയുടെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും തള്ളിയ സാഹചര്യത്തിലായിരുന്നു റെയ്ഡ്. ഷാജൻ സ്കറിയ ഒളിവിലാണെന്നും പൊലീസ് അറിയിച്ചു. 29 കമ്പ്യൂട്ടർ, ക്യാമറകൾ, ലാപ്ടോപ് എന്നിവയെല്ലാം കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു.

ജീവനക്കാരുടെ വീടുകളിലും പൊലീസ് തിരച്ചിൽ നടത്തി. സ്ഥാപനത്തിൽ പ്രവേശിക്കരുതെന്നും പൊലീസ് ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മറുനാടൻ മലയാളിയുടെ മറ്റിടങ്ങളിലെ ഓഫീസുകളിലും റെയ്ഡ് നടത്തിയിട്ടുണ്ട്. ജീവനക്കാരുടെ വീടുകളിലും പൊലീസ് പരിശോധന നടത്തി. മറുനാടൻ മലയാളി കൊല്ലം റിപ്പോർട്ടറെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്തു. തിരുവനന്തപുരത്ത് മറുനാടൻ മലയാളിയുടെ ജീവനക്കാരായ രണ്ട് പേരുടെ വീടുകളിൽ പൊലീസ് പരിശോധന നടത്തി. തിരുവനന്തപുരം ന​ഗരത്തിലെ മരുതംകുഴി, വലിയവിള എന്നിവിടങ്ങളിലെ താമസസ്ഥലത്തായിരുന്നു പരിശോധന. ഷാജൻ സ്കറിയയുടെ ബന്ധുക്കളുടെ വീട്ടിലും പൊലീസ് തിരച്ചിൽ നടത്തുന്നുണ്ട്.

കുന്നത്തുനാട് എംഎൽഎ പി വി ശ്രീനിജന്റെ പരാതിയിലാണ് മറുനാടൻ മലയാളി എഡിറ്റർ ഷാജൻ ഷാജൻ സ്കറിയക്കെതിരെ കേസെടുത്തത്. പട്ടികജാതി പീഡന നിരോധന വകുപ്പ് പ്രകാരമാണ് കേസ്. എംഎൽഎക്കെതിരെ അപകീ‍ർത്തികരമായ പരാമ‍ർശം നടത്തിയെന്നാണ് പരാതി. മുൻകൂർ ജാമ്യം തേടി ഷാജൻ സ്കറിയ ഹൈക്കോടതി വരെ പോയെങ്കിലും ഹർജി തള്ളി. തുടർന്ന് പൊലീസ് ലുക്ക് ഔട്ട് പൊലീസ് പുറപ്പെടുവിച്ചു. രാഷ്ടീയ പ്രേരിതമായ കേസാണെന്നും പൊലീസ് ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നുമായിരുന്നു കോടതിയിൽ ഹർജിക്കാരന്‍റെ വാദം. എന്നാൽ പ്രോസിക്യൂഷൻ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമെന്ന് ഹൈക്കോടതി വിലയിരുത്തി. ആദ്യം ജാമ്യം തേടി എറണാകുളം ജില്ലാ സെഷൻസ് കോടതിയെയാണ് സമീപിച്ചത്. എന്നാൽ സെഷൻസ് കോടതിയും ജാമ്യം നിഷേധിച്ചിരുന്നു. തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.