Asianet News MalayalamAsianet News Malayalam

Kerala Police : പ്രതികളെ കിട്ടിയാല്‍ ഇനിയും ഇടിക്കുമെന്ന പോസ്റ്റ്; വിവാദമായതിന് പിന്നാലെ പിന്‍വലിച്ച് പൊലീസ്

ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ രംഗമാണ് പൊലീസ് ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പിന്നാലെ രൂക്ഷ വിമർശനം ഉയർന്നതിനെ തുടര്‍ന്നാണ് പോസ്റ്റ് പിൻവലിച്ചത്.

kerala police delected controversy facebook post action hero biju
Author
Thiruvananthapuram, First Published Jan 5, 2022, 11:16 PM IST

തിരുവനന്തപുരം: പ്രതികളെ കിട്ടിയാൽ ഇനിയും തല്ലുമെന്ന എന്ന സിനിമ സീനിന്റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച ഫേസ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് കേരള പൊലീസ്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയിലെ രംഗമാണ് പൊലീസ് ഓഫീഷ്യൽ ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടത്. പിന്നാലെ രൂക്ഷ വിമർശനം ഉയർന്നതിനെ തുടര്‍ന്നാണ് പോസ്റ്റ് പിൻവലിച്ചത്.

രണ്ടായിരത്തി പതിനാറിൽ ഇറങ്ങിയ എബ്രിഡ് ഷൈൻ ചിത്രം ആക്ഷൻ ഹീറോ ബിജുവിലെ ഇടിയൻ സബ് ഇൻസ്പെക്ടർ. പ്രതികളെ സ്റ്റേഷനിലിട്ട് തേങ്ങ തോർത്തിൽ കെട്ടിയടിക്കുന്ന എസ്ഐയെയാണ് കേരള പൊലീസ് ഒഫീഷ്യൽ പേജിൽ പങ്കുവെച്ചത്. സിനിമയിലെ രംഗത്തിൽ മർദ്ദനം ചോദ്യം ചെയ്ത മനുഷ്യാവകാശ പ്രവർത്തകരോട് അശ്ളീല ചുവയോടെ സംസാരിക്കുകയും പ്രതികളെ ഇനിയും പൊലീസ് സ്റ്റേഷനിലിട്ട് ഇടിക്കും എന്നും പറയുന്ന രംഗത്തിന്റെ സ്ക്രീൻ ഷോട്ടാണ് പങ്കുവച്ചത്.

മാവേലി എക്സ്പ്രസിൽ മദ്യപിച്ച് കയറിയ ഷമീർ എന്നയാളെ ബൂട്ട് കൊണ്ട് എസ് ഐ ചവിട്ടിയ സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് സ്ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെട്ടത്. സംഭവത്തിൽ എഎസ്ഐ എംസി പ്രമോദ് സസ്പെൻഷനിലായതോടെ ഇയാളുടെ പ്രവർത്തിയെ ന്യായീകരിച്ച് പൊലീസ് ഉദ്യോഗസ്ഥരിലെ ഒരു വിഭാഗം സമൂഹ മാധ്യമങ്ങളിലൂടെ പ്രതികരണങ്ങൾ നടത്തുന്നുണ്ട്. അതിന് പിന്നാലെയാണ് കേരള പൊലീസിന്റെ ഔദ്യോഗിക പേജിലൂടെയുള്ള ഈ പ്രതികണം. സ്റ്റേഷനിലെത്തുന്ന കുറ്റാരോപിതരോട് മാന്യമായി പെരുമാറണമെന്ന് ഡിജിപിയുടെ സർക്കുലർ ഇറങ്ങി ദിവസങ്ങൾക്കകമാണ് പൊലീസിന്റെ ഫേസ്ബുക്ക് പേജിൽ പ്രതികളെ ഇടിക്കുമെന്ന് സിനിമ നായകൻ പറയുന്ന സ്ക്രീൻ ഷോട്ട് പ്രത്യക്ഷപ്പെടുന്നത്.  രൂക്ഷ വിമർശനം ഉയർന്നതോടെ ഏഴ് മണിക്കൂറിന് ശേഷം ഫേസ്ബുക്കിൽ നിന്നും കേരള പൊലീസ് ഇടിയൻ എസ്ഐയുടെ സ്ക്രീൻ ഷോട്ട് നീക്കി.

Follow Us:
Download App:
  • android
  • ios