Asianet News MalayalamAsianet News Malayalam

'നായ കുറുകെ ചാടിയതോടെ ഡ്രൈവർ കാർ വെട്ടിച്ചു' കേരളത്തിലെ ആദ്യ വാഹനാപകട മരണം ഓര്‍മിപ്പിച്ച് കേരളാ പൊലീസ്

വാഹനാപകടങ്ങളുടെ കഥകള്‍ മാത്രം കേള്‍ക്കുന്ന ഇന്ന്  കേരള ചരിത്രത്തില്‍ തന്നെ ആദ്യമായി നടന്ന വാഹനാപകട മരണത്തെ കുറിച്ച് ഓര്‍മ്മപ്പെടുത്തുകയാണ് കേരളാ പൊലീസ്. നായ കുറുകെ ചാടിയപ്പോള‍്  ഡ്രൈവര്‍ വെട്ടിച്ചതായിരുന്നു ആദ്യ അപകടത്തിന്‍റെ കാരണം.

Kerala police fb post about first accident death in the state 105 years ago
Author
Kerala, First Published Sep 23, 2019, 10:46 PM IST

കേരളത്തില്‍ ആദ്യമായി നടന്ന വാഹനാപകട മരണം ഓര്‍മപ്പെടുത്തി കേരള പൊലീസ്. 105 വര്‍ഷം മുമ്പ് 1914ല്‍ കായംകുളത്ത് നടന്ന അപകടത്തെ കുറിച്ചുള്ള ഒരു കുറിപ്പാണ് പൊലീസ് ഫേസ്ബുക്ക് പേജില്‍ പങ്കുവച്ചിരിക്കുന്നത്. സെപ്തംബര്‍ 22ന് നടന്ന അപകടത്തില്‍ കേരള കാളിദാസന്‍ കേരളവര്‍മ്മ  വലിയ കോയിത്തമ്പുരാന്‍ മരിച്ചിരുന്നു. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ കുറുകെ ചാടിയ പട്ടിയെ കണ്ട് ഡ്രൈവര്‍ കാര്‍ വെട്ടിച്ചതാണ് അപകടത്തിലേക്ക് നയിച്ചത്.  

കേരളാ പൊലീസ് ഫേസ്ബുക്ക് പേജിലിട്ട കുറിപ്പ്

കേരളത്തിലെ ആദ്യ വാഹനാപകട മരണത്തിന്‌ 105 വർഷം. 1914 സെപ്‌തംബർ 20ന്‌ കായംകുളത്തിനടുത്തായിരുന്നു അപകടം. അപകടത്തിൽ മരണപ്പെട്ടത് കേരള കാളിദാസൻ കേരളവർമ വലിയ കോയിത്തമ്പുരാൻ. സെപ്റ്റംബർ 22ന്‌ അദ്ദേഹം മരിച്ചു. വൈക്കം ക്ഷേത്രദർശനം കഴിഞ്ഞ്‌ തിരുവനന്തപുരം കൊട്ടാരത്തിലേക്ക്‌ മടങ്ങവേ കായംകുളം കുറ്റിത്തെരുവ്‌ ജങ്‌ഷനിലാണ്‌ കാർ മറിഞ്ഞത്‌. മരുമകൻ കേരള പാണിനി എ ആർ രാജരാജവർമയും കൂടെയുണ്ടായിരുന്നു.

ചികിത്സയിലിരിക്കെ എ ആർ രാജരാജവർമയുടെ മാവേലിക്കരയിലെ കൊട്ടാരത്തിലായിരുന്നു അന്ത്യം. നായ കുറുകെ ചാടിയതോടെ ഡ്രൈവർ കാർ വെട്ടിച്ചതാണ്‌ അപകടത്തിനിടയാക്കിയത്‌. ‘‘അടുത്ത വീട്ടിലെത്തിച്ച്‌ വെള്ളം നൽകി വിശ്രമിച്ചശേഷമാണ്‌ മാവേലിക്കര കൊട്ടാരത്തിലെത്തിച്ചത്‌’’

എ ആർ രാജരാജവർമയുടെ ഡയറികുറിപ്പിൽ അപകടത്തെക്കുറിച്ച്‌ ഇങ്ങനെ പറയുന്നു. ‘ആണ്ടുതോറുമുള്ള വൈക്കം ക്ഷേത്രദർശനത്തിന്‌ കൊല്ലത്തെത്തിയപ്പോഴേ മടക്കയാത്രയ്‌ക്ക്‌ കാറുമായി വരണമെന്ന്‌ തമ്പുരാൻ പറഞ്ഞു. കുറ്റിത്തെരുവുപാലം കഴിഞ്ഞതോടെ നായ കുറുകെ ചാടി. അമ്മാവൻ ഇരുന്ന ഭാഗത്തേക്ക്‌ കാർ മറിഞ്ഞു. നെഞ്ചിന്റെ വലതുഭാഗം കാറിലോ നിലത്തോ ഇടിച്ചിട്ടുണ്ടാവാം. പുറമെ പരിക്കില്ലായിരുന്നു. പരിചാരകൻ തിരുമുൽപാടിന്റെ കാലൊടിഞ്ഞു. എനിക്കോ ഡ്രൈവർക്കോ പരിക്കേറ്റില്ല. ഉടനെ കൊട്ടാരത്തിലെത്തി വലിയത്താൻ ഡോക്ടറെ കാണിച്ചു. രണ്ടാംദിവസമാണ്‌ ശ്വാസോഛ്വാസത്തിനു വേഗത കൂടിയതും എന്റെ കൈകളിലേക്കു ചാരി അന്ത്യശ്വാസം വലിച്ചതും.’

എ ആറിന്റെ മക്കൾ ഭാഗീരഥി അമ്മ തമ്പുരാനും എം രാഘവവർമ രാജായും ചേർന്നെഴുതിയ ‘എ ആർ രാജരാജവർമ’ പുസ്‌തകത്തിലാണ്‌ ഡയറിക്കുറിപ്പുള്ളത്‌.

കടപ്പാട്: ടി ആർ അനിൽകുമാർ

Follow Us:
Download App:
  • android
  • ios