Asianet News MalayalamAsianet News Malayalam

ഉമിനീരിൽ മയക്കുമരുന്നിന്റെ സാന്നിധ്യം കണ്ടെത്തുന്ന 'അബോൺ' കിറ്റ് ഇനി കേരളാ പൊലീസിനും സ്വന്തം

 മയക്കുമരുന്നുകൾ ഉപയോഗിച്ച് നിൽക്കുന്നവരെ സ്പോട്ടിൽ വെച്ചു  ടെസ്റ്റ് ചെയ്യാൻ വേണ്ട  ഒരു കിറ്റും ഇന്നോളം കേരളാ പൊലീസിന്റെ കയ്യിൽ ഇല്ലായിരുന്നു. എന്നാൽ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാൻ പോവുകയാണ്. 

Kerala Police to procure Abon Multi-drug Test Kits to detect Drugs from Saliva samples
Author
Kochi, First Published May 28, 2019, 5:47 PM IST

എറണാകുളം :  ബസ്സിൽ സഞ്ചരിക്കുമ്പോൾ, ട്രെയിൻ യാത്രയ്ക്കിടെ, അല്ലെങ്കിൽ ചിലപ്പോൾ വിമാനയാത്രയ്ക്കിടെ ഒക്കെ നമ്മൾ പലപ്പോഴും വളരെ വിചിത്രമായ രീതിയിൽ പെരുമാറുന്ന ആളുകളെ കണ്ടിട്ടുണ്ടാവും. കണ്ടാൽ മദ്യപിച്ച് ലക്കുകെട്ട് പെരുമാറുന്ന പോലെ തോന്നും. എന്നാൽ, ആരെങ്കിലും പരാതിപ്പെട്ട്, പോലീസ് വന്ന് ബ്രെത്ത് അനലൈസർ വെച്ച് ഊതി നോക്കിയാൽ അവർ അതിനെ വളരെ കൂളായി അതിജീവിക്കും. കാരണം, അവർ മദ്യപിച്ചിട്ടാവില്ല അങ്ങനെ പെരുമാറുന്നത്.

നമ്മുടെ നാട്ടിൽ ലഭ്യമായ നൂറുകണക്കിന് മയക്കുമരുന്നുകളിൽ ഏതെങ്കിലും ഉപയോഗിച്ചതിന്റെ ഫലമാവും അവരുടെ പെരുമാറ്റത്തിലെ ആ അസാധാരണത്വം.  ഹെറോയിൻ, ചരസ്, MDMA, എക്സ്റ്റസി, മരിജുവാന, മെത്താംഫിറ്റമിൻ, പെത്തഡിൻ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്തത്ര മയക്കുമരുന്നുകൾ  ലഭ്യമാണ് ഇന്ന് കേരളത്തിൽ.അവയിൽ ഏതെങ്കിലുമൊക്കെ   ഉപയോഗിച്ച് നിൽക്കുന്നവരെ  കണ്ടാൽ സ്പോട്ടിൽ വെച്ചു തന്നെ ഒന്ന്  ടെസ്റ്റ് ചെയ്യാൻ വേണ്ട  ഒരു മൾട്ടി ഡ്രഗ്ഗ് കിറ്റും ഇന്നോളം കേരളാ പോലീസിന്റെ കയ്യിൽ ഇല്ലായിരുന്നു. എന്നാൽ ആ അവസ്ഥയ്ക്ക് മാറ്റമുണ്ടാവാൻ പോവുകയാണ്. 

വഡോദരാ പോലീസിന്റെ വിജയ മാതൃകയെ അനുകരിച്ചുകൊണ്ട് കേരളത്തിലും ഇനി അതിനുള്ള സംവിധാനമൊരുങ്ങുകയാണ്. ഏതൊരാളിന്റെയും ഉമിനീരിന്റെയോ മൂത്രത്തിന്റെയോ ഒരു സാമ്പിൾ ഈ ടെസ്റ്റിംഗ് കിറ്റിൽ എടുത്താൽ നിമിഷ നേരം കൊണ്ടുതന്നെ പ്രസ്തുത വ്യക്തി ഏത് മയക്കുമരുന്നിന്റെ സ്വാധീനത്തിലാണുള്ളത് എന്ന് കൃത്യമായി മനസ്സിലാക്കാൻ കഴിയുന്ന  ABON കമ്പനിയുടെ മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളാണ് കേരളാപോലീസ് വാങ്ങാൻ പോവുന്നത്. അബോണിന്റെ ഒരു തവണമാത്രം ഉപയോഗിക്കാവുന്ന ഒരു കിറ്റിന് ഏകദേശം 500  രൂപയാണ് വില. തുടക്കത്തിൽ 50 കിറ്റുകളാണ് പോലീസ് വാങ്ങുക.  പത്തു കിറ്റുകൾ വീതം അഞ്ചു സ്‌റ്റേഷനുകൾക്കായി അവ വീതിച്ചു നൽകി, പരീക്ഷാടിസ്ഥാനത്തിൽ ആദ്യം ഉപയോഗിച്ച്, ഫലപ്രദമെന്ന്  ഉറപ്പിച്ചശേഷം സംസ്ഥാനത്തെ സേനയ്ക്ക് മുഴുവൻ തികയുന്നത്ര കിറ്റുകൾ ഓർഡർ ചെയ്യും. ജില്ലാ പോലീസ് മേധാവികൾ നയിക്കുന്ന  ആന്റി നാർക്കോട്ടിക് ആക്ഷൻ ഫോഴ്‌സിനാവും ഇതിന്റെ ചുമതല. 

Kerala Police to procure Abon Multi-drug Test Kits to detect Drugs from Saliva samples

മയക്കുമരുന്നിന്റെ സ്വാധീനത്തിൽ നടത്തപ്പെടുന്ന ക്രിമിനൽ കുറ്റങ്ങളെപ്പറ്റിയുള്ള ഒരു പൊതുതാത്പര്യ ഹർജി പരിഗണിക്കുന്നതിനിടെ  സർക്കാരിന്റെ ഭാഗത്തുനിന്നും സീനിയർ ഗവണ്മെന്റ് പ്ലീഡർ സുമൻ ചക്രവർത്തിയാണ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ഈ വിവരം അറിയിച്ചത്. പത്രമാധ്യമങ്ങളിൽ മയക്കുമരുന്നിന്റെ വർധിച്ചുവരുന്ന ഉപയോഗത്തെപ്പറ്റി വന്ന എഡിറ്റോറിയൽ ആർട്ടിക്കിളുകൾ, സംസ്ഥാനത്ത് നിലവിൽ മയക്കുമരുന്ന് തത്സമയം ടെസ്റ്റുചെയ്യാൻ പറ്റുന്ന മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകളില്ല എന്ന് സൂചിപ്പിച്ചുകൊണ്ട്  ഇന്ത്യൻ പോലീസ് ഫൗണ്ടേഷൻ സ്ഥാപകപ്രസിഡന്റും മുൻ വിജിലൻസ് എസ്പിയും ആയിരുന്ന എൻ. രാമചന്ദ്രൻ ഐപിഎസ് കോടതിക്കെഴുതിയ കത്ത് എന്നിവയെ അധികരിച്ചുകൊണ്ട് കോടതി സുവോ മോട്ടോ ആയി ഒരു പൊതു താത്പര്യ ഹർജി രജിസ്റ്റർ ചെയ്യുകയായിരുന്നു.  

സംസ്ഥാനത്തെ പോലീസ് സേനയെ നയിച്ച തന്റെ അനുഭവങ്ങളുടെ വെളിച്ചത്തിൽ, ഏറെ നാളായി മയക്കുമരുന്നുകൾക്ക് ക്രിമിനൽ കുറ്റങ്ങളിൽ ഉള്ള സ്വാധീനശക്തിയെപ്പറ്റി പഠനങ്ങൾ നടത്തുകയായിരുന്നു എൻ. രാമചന്ദ്രൻ ഐപിഎസ്. ലിംഗഭേദമെന്യേ, കാട്ടുതീപോലെയാണ് കുട്ടികളിലെ മയക്കുമരുന്നിന്റെ ഉപയോഗം വ്യാപിച്ചുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ  ലഹരി ഉപഭോക്താക്കൾ മദ്യത്തിൽ നിന്നും വലിയ തോതിൽ മയക്കുമരുന്നുകളിലേക്ക് മാറിയിട്ടുണ്ടെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊണ്ടുനടക്കാനുള്ള എളുപ്പം, പിടിക്കപ്പെടാനുള്ള സാധ്യതക്കുറവ്, താരതമ്യേന കൂടിയ വീര്യം എന്നിവയാണ് ആളുകളെ മയക്കുമരുന്നിലേക്ക് അടുപ്പിക്കുന്നത്. ഇങ്ങനെ വർധിച്ച ഉപഭോഗം സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകർക്കുന്ന അവസ്ഥയിലേക്ക് നീങ്ങുന്ന കാഴ്ചയാണ് കഴിഞ്ഞ കുറെ മാസങ്ങളായി കണ്ടുവരുന്നത്. 

അപൂർവം കേസുകളിൽ മയക്കുമരുന്നിന്റെ ശേഖരവുമായി ഇതിന്റെ വിൽപനക്കാർ പിടിക്കപ്പെടുമ്പോൾ മാത്രമാണ് ഈ മയക്കുമരുന്നുകളുടെ സാന്നിധ്യത്തെപ്പറ്റിപ്പോലും നമ്മൾ അറിയുന്നത്. ഈയടുത്ത് MDMA എന്ന ഒരു പാർട്ടി ഡ്രഗുമായി കൊച്ചിയിലെ ഒരു സീരിയൽ നടി പിടിക്കപ്പെട്ട സംഭവം തന്നെ ഉദാഹരണം. എന്നാൽ അത് വളരെ അപൂർവമായി മാത്രം നടക്കുന്ന ഒരു സംഭവമാണ്. 

Kerala Police to procure Abon Multi-drug Test Kits to detect Drugs from Saliva samples

എന്നാൽ, മയക്കുമരുന്ന് സമൂഹത്തിൽവളരെ ആഴത്തിൽ തന്നെ വേരുറപ്പിച്ചിട്ടുണ്ട് എന്ന് നമ്മളെ ഓർമ്മപ്പെടുത്തുന്ന പല കൊലപാതകങ്ങളും, ആക്രമണങ്ങളും, ബലാത്സംഗങ്ങളും, ശിശുപീഡനങ്ങളും എല്ലാം തന്നെ ഇടയ്ക്കിടെ റിപ്പോർട്ട് ചെയ്യപ്പെടുന്നു. നിരവധി ക്വട്ടേഷൻ സംഘങ്ങൾ അവരുടെ കേഡറുകളെ പോറ്റുന്നത് മയക്കുമരുന്നിന്റെ ബലത്തിലാണ്. ഒരിക്കൽ മയക്കുമരുന്നിന് അടിമപ്പെടുന്നവർ പിന്നീട് അത്  കിട്ടാൻ വേണ്ടി കൊല്ലിനും കൊലയ്ക്കും ഒക്കെ തയ്യാറാവുന്നു. കരമനയിലെ അനന്തുവിന്റെ കൊലപാതകം, ശ്രീ വരാഹത്തെ കൊലപാതകം, മയക്കുമരുന്ന് മാഫിയ രണ്ടു യുവാക്കളെ തൃശൂരിൽ അവരുടെ ബൈക്കിൽ വണ്ടിയിടിച്ച് വെട്ടിക്കൊന്ന സംഭവവും ഇതോടു ചേർത്ത് വായിക്കാവുന്നവയാണ്. സംസ്ഥാനത്തെ വിവിധ എഞ്ചിനീയറിങ്ങ്, മെഡിക്കൽ കോളേജുകളിൽ ഉപരിപഠനം നടത്തുന്ന പല വിദ്യാർത്ഥികളും  മയക്കുമരുന്നുകൾക്ക് അടിമകളാണ്. കഴിഞ്ഞ വർഷം, കൊച്ചിയിലെ നെട്ടൂരിൽ അനന്തു എന്ന ഒരു പ്ലസ്‌ടു വിദ്യാർത്ഥി മയക്കുമരുന്നിന് അടിമയായി ഒടുവിൽ തീവണ്ടിക്കുമുന്നിൽ ചാടി ജീവനൊടുക്കുകയുണ്ടായി. വിദ്യാർത്ഥികൾ  പലപ്പോഴും കേവലം ഒരു കൗതുകത്തിന്റെ പുറത്തും, പലപ്പോഴും കൂട്ടുകെട്ടുകളിൽ പെട്ടും, അല്ലെങ്കിൽ ഒരിത്തിരി സാഹസികതയ്ക്കും ഒക്കെയായിട്ടാവും മയക്കുമരുന്നുപയോഗിച്ച് തുടങ്ങുക. എന്നാൽ ഒരിക്കൽ തുടങ്ങിയാൽ പിന്നെ നിർത്തിക്കിട്ടാൻ വളരെ പ്രയാസമാകും. 

മയക്കുമരുന്നു  നിർമ്മാർജ്ജനത്തിന്റെ ആദ്യപടി, സമയാസമയത്ത് അതിന്റെ ഉപയോഗം കണ്ടെത്തുന്നതാണെന്നു എൻ. രാമചന്ദ്രൻ ഐപിഎസ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. മറ്റു രാജ്യങ്ങളിൽ ഒരാളെ പരിശോധിക്കുമ്പോൾ ആദ്യം ചോദിക്കുന്ന ചോദ്യം, " ആർ യു ക്ളീൻ ..? " എന്നാണെന്നും, പരിശോധിക്കുന്ന ഉദ്യോഗസ്ഥന് സംശയം തോന്നുന്ന പക്ഷം ഉടനടി എടുത്തുപയോഗിക്കാൻ പറ്റുന്ന പാകത്തിന് ഇത്തരത്തിലുള്ള ഡിസ്പോസബിൾ സലൈവ ബേസ്‌ഡ് മൾട്ടി ഡ്രഗ് ടെസ്റ്റിങ്ങ് കിറ്റുകൾ അവിടെ പ്രചാരത്തിലുള്ളതാണ് മയക്കുമരുന്നിനെ നിയന്ത്രിക്കാൻ അവർക്ക് കരുത്തേകുന്നതെന്നും അദ്ദേഹം പറഞ്ഞു.  

ഇപ്പോൾ കേരളാ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ള ഈ നീക്കം വളരെ പോസിറ്റീവ് ആണെന്നും, ഉമിനീരിൽ നിന്നും മയക്കുമരുന്നുപയോഗം കണ്ടെത്തുന്ന സാങ്കേതിക വിദ്യ താമസിയാതെ കേരളാ പോലീസിന് വളരെ എളുപ്പത്തിൽ ഉപയോഗിക്കാൻ പറ്റുന്ന, വളരെ സാധാരണമായ ഒരു പരിശോധനാ ഉപാധിയായി മാറുമെന്നും, അതിലൂടെ സംസ്ഥാനത്തെ  മയക്കുമരുന്നു മാഫിയയെ ഇല്ലായ്മ ചെയ്യുന്നതിൽ പൊലീസിന് വിജയിക്കാനാവുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. 
 

Follow Us:
Download App:
  • android
  • ios