റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് 3 ആഴ്ചക്കുള്ളിലായിരുന്നു നിയമനം. പിഴവ് തിരുത്താതെയാണ് അതിവേഗ നിയമന ശുപാർശ. സംസ്ഥാന സർക്കാരിനെ നേരിട്ട് ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയെന്ന ആരോപണം ഉയരുന്നത്.
തിരുവനന്തപുരം: പബ്ലിക് സർവ്വീസ് കമ്മീഷന്‍റെ പരീക്ഷാ മൂല്യനിർണയത്തിൽ വൻ ക്രമക്കേട്. ആസൂത്രണ ബോർഡിലെ ഉന്നത പരീക്ഷയിലാണ് അട്ടിമറി ശ്രമമെന്ന സംശയം. അഡീ. സെക്രട്ടറിക്ക് തത്തുല്യമായ ചീഫ് ഇൻഡസ്ട്രിയൽ ആൻഡ് ഇൻഫ്രാസ്ട്രക്ചർ പരീക്ഷയിലാണ് ക്രമക്കേട് ആരോപണം ഉയരുന്നത്. പരീക്ഷയെഴുതിയ പലരുടെയും 10 ഉത്തരങ്ങൾ പരിശോധിച്ചില്ല. ഉത്തര കടലാസിന്റെ പകർപ്പ് പരിശോധനയിലാണ് മാർക്ക് നൽകിയില്ലെന്നു കണ്ടത്. പരീക്ഷ കഴിഞ്ഞ് പി.എസ്.സി അതിവേഗം നിയമന ശുപാർശയും നൽകി. പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയത് ഇടത് അനുകൂല സംഘടനയിലെ അംഗമാണെന്ന് പരീക്ഷ എഴുതിയ മറ്റുള്ള ഉദ്യഗാർത്ഥികൾ ആരോപിച്ചു.
റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് 3 ആഴ്ചക്കുള്ളിലായിരുന്നു നിയമനം. പിഴവ് തിരുത്താതെയാണ് അതിവേഗ നിയമന ശുപാർശ. സംസ്ഥാന സർക്കാരിനെ നേരിട്ട് ഉപദേശം നൽകുന്ന ആസൂത്രണ ബോർഡിലെ ഉന്നത പദവിയിലേക്കാണ് വഴിവിട്ട നിയമനം നടത്തിയെന്ന ആരോപണം ഉയരുന്നത്. ഒരു ഒഴിവുമാത്രമുള്ള പദവിയിലേക്ക് എഴുത്ത് പരീക്ഷ നേരത്തെ നടത്തിയിരുന്നു. റാങ്ക് പട്ടിക പ്രസിദ്ധീകരിച്ച് മൂന്ന് ആഴ്ചക്കുള്ളിലാണ് പി.എസ്.സി നിയമന ശുപാർശ നൽകിയത്. എന്നാ റാങ്ക് ലിസ്റ്റ് പ്രസിദ്ധികരിച്ചത് മാർക്ക് വ്യക്തമാക്കാതെയാണെന്നും അഭിമുഖത്തിലും, എഴുത്ത് പരീക്ഷയിലും കിട്ടിയ മാർക്ക് ഉദ്യോഗാർത്ഥികളിൽ നിന്ന് മറച്ചു വെച്ചുവെന്നും പരാതിയിൽ പറയുന്നു.
പരീക്ഷയിൽ 100 മാർക്കിന്‍റെ രണ്ട് പേപ്പറുകളാണ് ഉണ്ടായിരുന്നത്. അതിൽ രണ്ടാം പേപ്പറിൽ ക്രമക്കേട് നടന്നു എന്നാണ് ഉദ്യോഗാർത്ഥികൾ ആരോപിക്കുന്നത്. രണ്ടാം പേപ്പറിൽ 100 മാർക്കിന് 28 ചോദ്യങ്ങളാണ് ഉണ്ടായിരുന്നത്. ഒരു ഉദ്യോഗാർത്ഥി ഉത്തരക്കടലാസ് പരിശോധിച്ചപ്പോൾ 9 മുതൽ 19 വരെയുള്ള ഉത്തരങ്ങൾക്ക് മാർക്ക് ഇട്ടിട്ടില്ലെന്ന് കണ്ടെത്തുകയായിരുന്നു. ഇതോടെയാണ് പരീക്ഷ പിഎസ്‍സി അട്ടിമറിച്ചെന്ന സംശയം ബലപ്പെടുന്നത്. 100 മാർക്കിൽ 58 മാർക്കിന്‍റെ ഉത്തരം പരിശോധിച്ചിട്ടില്ലെന്ന് ഉദ്യോഗാർത്ഥി പറയുന്നു.
പരീക്ഷയുടെ ഉത്തരക്കടലാസ് നൽകാതെയും പി എസ് സി ഒളിച്ചുകളി നടത്തിയെന്നാണ് ആരോപണം. ഉത്തരകടലാസ് പകർപ്പിന് അപേക്ഷ നൽകിയവരെ ഒരു വർഷം വട്ടം കറക്കി. വിവരാവകാശ നിയമപ്രകാരവും ഉത്തരക്കടലാസ് നൽകിയില്ല. ഇതിന് പിന്നാലെ ആസൂത്രണ ബോർഡിലെ ഉന്നത നിയമനത്തിൽ ക്രമക്കേട് ആരോപിച്ച് ദ്യോഗാർഥികൾ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിക്കുകയായിരുന്നു. പരാതിയിൽ മൂന്നാഴ്ചക്കുള്ളിൽ മറുപടി നൽകാൻ പിഎസ്സിക്ക് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ നിർദേശം നൽകി.
