മുൻ സർക്കാരിന്‍റെ കാലത്ത് നടന്ന ഡയറ്റ് ലക്ചറർ നിയമനങ്ങളിൽ വൻ ക്രമക്കേടുകൾ നടന്നതായി ആരോപണം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ഇടത് അനുകൂല അധ്യാപകർക്ക് വേണ്ടി പിഎസ്‍സി പരീക്ഷ അട്ടിമറിച്ചെന്നും, പ്രത്യേക അന്വേഷണസംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തിയതായും റിപ്പോർട്ടുണ്ട്.

തിരുവനന്തപുരം: അധ്യാപകര്‍ക്കുള്ള ജില്ലാതല പരിശീലന കേന്ദ്രങ്ങളായ ഡയറ്റിലേക്കുള്ള ലക്ചറര്‍ പോസ്റ്റ് നിയമനങ്ങളിലും ക്രമക്കേടുകള്‍ നടന്നെന്ന് ആരോപണം. മുന്‍ സര്‍ക്കാരിന്റെ കാലത്ത് നടന്ന നിയമന നടപടികളില്‍ ഇടത് അനുകൂല സംഘടനയിലെ അധ്യാപകര്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടന്നെന്നും കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ഒരു സംഘം പ്രവര്‍ത്തിച്ചെന്നുമാണ് പരാതി. പിഎസ്‍സി ക്രമക്കേടുകളെക്കുറിച്ചന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.

സര്‍ക്കാര്‍ സര്‍വീസിലുള്ള യോഗ്യരായ അധ്യാപകരുടെ പ്രമോഷന്‍ പോസ്റ്റുകളിലൊന്നായിരുന്ന ഡയറ്റ് ലക്ചറര്‍ തസ്തകയിലെ നിയമനങ്ങളിലെ 50 ശതമാനം പിഎസ്‍സി ക്ക് വിടണമെന്ന സ്പെഷല്‍ റൂള്‍ 2021 ലാണ് കൊണ്ടുവന്നത്. ഇതിന് പിന്നാലെ അപേക്ഷകള്‍ പെട്ടെന്ന് വിളിക്കണമെന്നാവശ്യപ്പെട്ട് അന്നത്തെ ഭരണാനുകൂല അധ്യാപകര്‍ നേതൃത്വം നല്‍കുന്ന സമരസമിതിയും നിലവില്‍ വന്നിരുന്നു. 2022 ലാണ് 44 ഗസറ്റഡ് തസ്തികളിലേക്ക് അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം വന്നത്. ഒരോ തസ്തികളിലേക്കും അപേക്ഷിക്കുന്നവര്‍ക്ക് അതത് വിഷയങ്ങളില്‍ സ്പെഷ്യലൈസേഷന്‍ എന്നതായിരുന്നു പിഎസ്‍സി നിബന്ധന. ഈ വ്യവസ്ഥ മറികടക്കാന്‍ കാലിക്കറ്റ് യൂണിവേഴ്സിറ്റി നേരത്തെ പഠിച്ച ഒരു വിഭാഗം ആളുകള്‍ക്ക് എല്ലാ വിഷയത്തിലും സ്പെഷ്യലൈസേഷന്‍ ഉണ്ടെന്ന തുല്യത സര്‍ട്ടിഫിക്കറ്റ് നല്‍കി എന്നതാണ് ഒരു ആക്ഷേപം.

യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ഒരു സംഘം ഇതിനായി പ്രവര്‍ത്തിച്ചു എന്നാണ് ആരോപണം. ഡയറ്റ് പരീക്ഷയ്ക്ക് പരീശീലനം നല്‍കാനായി ഒരു മാസക്കാലയളവുള്ള കോച്ചിങ് ക്ലാസും 2023 ജൂലൈ മാസത്തില്‍ യൂണിവേഴ്സിറ്റിയില്‍ നടന്നിരുന്നു. കോഴ്സ് ഓണ്‍ ഫൗണ്ടേഷന്‍ ഓഫ് എഡ്യുക്കേഷന്‍ എന്നായിരുന്നു ഈ പരിശീനത്തിന്റെ പേര്. ഈ ക്ലാസുമായി ബന്ധപ്പെട്ടവര്‍ പിഎസ്‍സി പരീക്ഷ ചോദ്യപേപ്പര്‍ തയ്യാറാക്കുന്നതിലും മൂല്യനിര്‍ണ്ണയത്തിലും ഇടപെട്ടെന്നുമാണ് ആരോപണം. പല തസ്തികളിലെ റാങ്ക് പട്ടികയിലെ മുന്‍ നിരയില്‍ ഒരേ ആളുകള്‍ ആവര്‍ത്തിച്ച് വന്നതിലെ അസ്വാഭാവികതയും പരാതിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 9 ലിസ്റ്റുകളില്‍ വരെ മുന്‍പന്തിയില്‍ വന്നവരുമുണ്ട്. ഇടത് അധ്യാപക സംഘനയിലെ ചിലര്‍ക്ക് വേണ്ടി പരീക്ഷ അട്ടിമറിക്കപ്പെട്ടെന്നും അന്വേഷണം വേണമെന്നും കെപിഎസ്ടിഎ കോഴിക്കോട് ജില്ലാ പ്രസിഡന്റ് അരവിന്ദര്‍ പ്രതികരിച്ചു. പരീക്ഷ എഴുതിയ ആളുകളിലൊരാളാണ് എസ്ഐടിയെ സമീപിച്ചത്. എസ്ഐടി ഇയാളുടെ പ്രാഥമിക മൊഴി രേഖപ്പെടുത്തി. 2024 ലാണ് നിയമനങ്ങള്‍ തുടങ്ങിയത്. നിയമനം നടന്ന് ഒരു മാസം ആകുമ്പോഴേക്കും പ്രമോഷന്‍ നീക്കം തുടങ്ങിയെന്നും ആക്ഷേപമുണ്ട്.

YouTube video player