Asianet News MalayalamAsianet News Malayalam

തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ചക്രവാത ചുഴി, കേരളത്തിലും ഇടിമിന്നലോടെ മഴ; പുതിയ മുന്നറിയിപ്പ്

കേരളത്തിൽ  നവംബർ 30 നും ഡിസംബർ 1 നും  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്.

kerala rain alert latesr weather forecast for next five days in kerala vkv
Author
First Published Nov 28, 2023, 6:08 PM IST

തിരുവനന്തപുരം: തെക്കൻ ശ്രീലങ്കയ്ക്കും സമീപപ്രദേശത്തുമായി ഒരു ചക്രവാത ചുഴി നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കു കിഴക്കൻ അറബിക്കടൽ മുതൽ വടക്കൻ മഹാരാഷ്ട്ര വരെ  ന്യൂനമർദ്ദ പാത്തി നവംബർ 29 മുതൽ ഡിസംബർ 1 വരെ സ്ഥിതി ചെയ്യാൻ സാധ്യതയുണ്ട്. ഇതിന്റെ സ്വാധീനത്താൽ കേരളത്തിൽ അടുത്ത 5  ദിവസം ഇടി മിന്നലോടു കൂടിയ മിതമായ ഇടത്തരം  മഴയ്ക്ക്‌ സാധ്യതയുണ്ടെന്നാണ് മുന്നറയിപ്പ്. 

കേരളത്തിൽ  നവംബർ 30 നും ഡിസംബർ 1 നും  ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തെക്ക് ആൻഡമാൻ കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത്  ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ട്. തെക്കൻ ആൻഡമാൻ കടലിനു മുകളിലായാണ് ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്നത്.  പടിഞ്ഞാറു - വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു നവംബർ 30 ഓടെ  തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യത. തുടർന്ന്  വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന തീവ്ര ന്യൂനമർദ്ദം ശക്തിപ്രാപിച്ചു അടുത്ത 48 മണിക്കൂറിനുള്ളിൽ ചുഴലിക്കാറ്റായി മാറാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.5  മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിയ്ക്കണം. നാളെ തെക്കൻ ആൻഡമാൻ കടൽ, തെക്കു കിഴക്കൻ ബംഗാൾ ഉൾക്കടൽ എന്നിവിടങ്ങളിൽ  മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.  കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Read More : 'രാവുറങ്ങാതെ കേരളം, ആശങ്കയുടെ 20 മണിക്കൂർ, ഒടുവിൽ സുരക്ഷാ കരങ്ങളിൽ അബിഗേല്‍'; 'പൊൻതൂവലെ'ന്ന് കേരള പൊലീസ്
 

Latest Videos
Follow Us:
Download App:
  • android
  • ios