കോട്ടയം ജില്ലയുടെ കിഴക്കൻ മേഖലയിൽ പ്രളയജലം ഇറങ്ങിയെങ്കിലും ദുരിതം തുടരുകയാണ്. ഈരാറ്റുപേട്ട, പാലാ തുടങ്ങിയ പ്രദേശങ്ങളിൽ വീടുകളിലും കടകളിലും ചെളി നിറഞ്ഞതോടെ ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടമുണ്ടായി. അടിസ്ഥാന സൗകര്യങ്ങൾ തകരുകയും കൃഷി നശിക്കുകയും ചെയ്തതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്.
കോട്ടയം: മഴമാറി വെള്ളം ഇറങ്ങി തുടങ്ങിയെങ്കിലും പ്രളയം വിതച്ച ദുരിതത്തിൽ വലയുകയാണ് കോട്ടയം ജില്ലയുടെ കിഴക്കൻ മേഖല. ഈരാറ്റുപേട്ട കാരയ്ക്കാട് പ്രദേശത്തെ ജനജീവിത ആകെ സ്തംഭിച്ച നിലയിലാണ്. പാലയിലും കാഞ്ഞിരപ്പള്ളിയിലും കൂട്ടിക്കലൂം ചെളിനിറഞ്ഞതോടെ വീടുകൾ താമസയോഗ്യമല്ലാതായി.
ഇന്നലെ രാത്രിയിൽ അപ്രതീക്ഷിതമായി ഇരച്ചുകയറിയ വെള്ളം ഈരാറ്റുപേട്ടയിലുണ്ടാക്കിയ നാശനഷ്ടങ്ങൾ ചെറുതല്ല. മീനച്ചിലാറിനോട് ചേർന്നുള്ള കാരയ്ക്കാട് ആണ് ഏറ്റവും വലിയ നഷ്ടം. 150 ഓളം വീടുകളിൽ വെള്ളം കയറി. പല വീടുകൾക്കും കേടുപാടുകളുണ്ടായി. കെഎസ്ഇബി ട്രാൻസ്‌ഫോറും പോസ്റ്റുകളും തകർന്നത്തോടെ വൈദ്യുതി നിലച്ചു. വിദ്യാർത്ഥികൾ അടക്കം നിരവധി ആളുകൾ ആശ്രയിക്കുന്ന വട്ടിവട്ട പാലം പൂർണമായും തകർന്നു. നാട്ടുകാർ കുടിവെള്ളത്തിന് ആശ്രയിച്ച കിണർ ഇടിഞ്ഞു പോയി. ഇവിടെ മാത്രം ലക്ഷകണക്കിന് രൂപയുടെ കൃഷിനാശമുണ്ടായി.
ഈരാറ്റുപേട്ടയിലും പാലയിലുമായി ഇരുന്നൂറോളം കടകളിൽ വെള്ളം കയറി. ഓണം മുന്നിൽ കണ്ട് സ്റ്റോക്ക് ഇറക്കിയ തുണിക്കച്ചവടക്കാർക്ക് അടക്കം ലക്ഷകണക്കിന് രൂപയുടെ നഷ്ടം സംഭവിച്ചു. കടകളിലും വീടുകളിലും ശുചീകരണ ജോലികൾ തുടരുകയാണ്. മുൻകാലങ്ങളെക്കാൾ കൂടുതൽ ചെളിയാണ് ഇത്തവണ അടിഞ്ഞത്. പാലായിൽ കൊട്ടാരമറ്റത്തും മുത്തോലിയിലും വെള്ളക്കെട്ട് തുടരുകയാണ്. താഴ്ന്ന പ്രദേശത്തെ റോഡുകളും വെള്ളത്തിൽ. ബ്രില്യന്റ് സ്റ്റഡി സെന്ററിനു സമീപത്തു വെള്ളം കയറിയതോടെ വിദ്യാർത്ഥികളെ മാറ്റി പാർപ്പിച്ചു. മീനച്ചിലാറിൽ ഇന്നലെത്തെക്കാൾ രണ്ടര അടിയോളം വെള്ളം താഴ്ന്നു.പക്ഷേ കുത്തൊഴുക്ക് നിലച്ചിട്ടില്ല. കിഴക്കൻ പ്രദേശങ്ങളിൽ വെള്ളം താഴ്ന്നത്തോടെ പടിഞ്ഞാറൻ മേഖലയിൽ വെള്ളം കയറി തുടങ്ങി.


