Asianet News MalayalamAsianet News Malayalam

Mullaperiyar Dam : മുല്ലപ്പെരിയാറിൽ ജലനിരപ്പ് 135.70 അടിയില്‍; ആദ്യ ഘട്ട മുന്നറിയിപ്പ് നല്‍കി

പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് ഉയരുന്നത് സാവധാനമാണ്. എന്നാല്‍, ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും.

Kerala rain Mullaperiyar dam water level rises
Author
Idukki, First Published Jul 17, 2022, 8:26 AM IST

ഇടുക്കി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 135.70 അടിയായി ഉയർന്നു. ജലനിരപ്പ് 136 അടിയിലേക്ക് അടുത്തതോടെ ആദ്യഘട്ട മുന്നറിയിപ്പ് ഇന്നലെ വൈകിട്ട് തമിഴ്‌നാട് നല്‍കിയിരുന്നു. ജലനിരപ്പ് 136 അടിയിലേക്ക് എത്തുന്നതിന് പന്ത്രണ്ട് മണിക്കൂർ മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന സംസ്ഥാനത്തിന്‍റെ ആവശ്യത്തെ തുടർന്നാണിത്. 

നിലവിലെ റൂൾ കർവ് അനുസരിച്ച് ജൂലൈ 18 ന് 136.50 അടി വെള്ളം അണക്കെട്ടിൽ സംഭരിക്കാം. അപ്പർ റൂൾ കർവിനോട് അടുത്താൽ സ്പിൽവേ ഷട്ടർ തുറക്കാൻ സാധ്യതയുണ്ടെന്ന് അറിയിക്കാനാണ് തമിഴ്‌നാട് കത്ത് നൽകിയത്. ഷട്ടർ ഉയർത്തേണ്ടി വന്നാൽ മതിയായ സമയത്തിന് മുമ്പ് മുന്നറിയിപ്പ് നൽകണമെന്ന് ഇടുക്കി ജില്ലാ കളക്ടർ തേനി കളക്ടർക്ക് കത്ത് നകിയിട്ടുണ്ട്. സെക്കന്‍റില്‍ 4000 ഘനയടിയോളം വെള്ളം അണക്കെട്ടിലേക്ക് ഒഴുകിയെത്തുമ്പോള്‍ 1867 ഘനയടി വീതമാണ് തമിഴ്‌നാട് കൊണ്ടുപോകുന്നത്.

ജലനിരപ്പ് ഉയർന്നതോടെ മഞ്ചുമല വില്ലേജ് ഓഫീസിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. പദ്ധതി പ്രദേശത്ത് മഴ കുറഞ്ഞതിനാല്‍ ജലനിരപ്പ് ഉയരുന്നത് സാവധാനമാണ്. എന്നാല്‍, ജലനിരപ്പ് അപ്പർ റൂൾ ലെവലിലെത്തിയാൽ സ്പിൽ വേ ഷട്ടർ തുറന്നേക്കും. പെരിയാർ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അതേസമയം, ജനങ്ങള്‍ ആശങ്കപ്പെടേണ്ടെന്നും മുന്‍കരുതലുകള്‍ എല്ലാം എടുത്തിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് പറഞ്ഞു. 

ഇന്നും വ്യാപക മഴയ്ക്ക് സാധ്യത

വടക്കൻ കേരളത്തിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. അഞ്ച് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അറബികടലിലും ബംഗാൾ ഉൾക്കടലിലും നിലനിൽക്കുന്ന ന്യൂനമർദ്ദങ്ങളും, മഹാരാഷ്ട്ര മുതൽ ഗുജറാത്ത് വരെയായുള്ള ന്യൂനമർധ പാത്തിയുമാണ് കാലവർഷം ശക്തമായി തുടരാൻ കാരണം.

ന്യൂനമർദങ്ങൾ അകലുന്നതോടെ മഴയുടെ ശക്തി കുറയാനാണ് സാധ്യത. നാളെയോടെ സംസ്ഥാനത്ത് മഴ കുറഞ്ഞേക്കും. അതേസമയം, കേരളാ തീരത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് തടസ്സമില്ല. എന്നാൽ ഉയർന്ന തിരമാലകൾക്ക് സാധ്യത ഉള്ളതിനാൽ തീരമേഖലയിൽ ഉള്ളവർ ജാഗ്രത പാലിക്കണം എന്ന് മുന്നറിയിപ്പുണ്ട്.

Follow Us:
Download App:
  • android
  • ios