Asianet News MalayalamAsianet News Malayalam

ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും മഴ തുടരുന്നു; കണ്ണൂർ പഴശ്ശി, തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമുകൾ നിറയുന്നു

കണ്ണൂരിൽ പഴശ്ശി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്.

kerala rain updates sunday afternoon
Author
Trivandrum, First Published May 16, 2021, 11:56 AM IST

തിരുവനന്തപുരം: സംസ്ഥാനത്ത് ചുഴലിക്കാറ്റ് ഭീഷണി ഒഴിഞ്ഞെങ്കിലും പല ജില്ലകളിലും മഴ തുടരുന്നു. വടക്കൻ കേരളത്തിൽ ഇന്നും കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തീരങ്ങളിൽ ശക്തമായ കടലാക്രമണം തുടരുകയാണ്. ചുഴലിക്കാറ്റ് ഭീതി ഒഴിഞ്ഞെങ്കിലും സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. അപ്പർകുട്ടനാട് വെള്ളത്തിലാണ്, വടകരയിൽ കടലാക്രമണത്തിൽ കരിങ്കൽ ഭിത്തി തകർന്നു. മണിമലയാറ്റിലെ ജലനിരപ്പ് അപകടരമായ നിലയിലെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. 

കേരള തീരത്ത് ചുഴലിക്കാറ്റിന്റെ സ്വാധീനം മെയ് 16 വരെ തുടരുമെന്നതിനാൽ അതിതീവ്രമോ അതിശക്തമായതോ ആയ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടാണ്. ചുഴലിക്കാറ്റ് കേരളതീരത്ത് നിന്ന് അകന്നെങ്കിലും അറബിക്കടൽ പ്രക്ഷുബ്ദമായിരിക്കും, ശക്തമായ കടലാക്രമണവും കാറ്റും ഉണ്ടാകാൻ സാധ്യതയുണ്ട്. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിൽ ചുഴലിക്കാറ്റിന്റെ പ്രഭാവം മൂലമുള്ള അതിശക്തമായ കാറ്റും മഴയും കടൽക്ഷോഭവും ഇന്നും തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു

കണ്ണൂരിൽ പഴശ്ശി ഡാമിൻ്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്നതിനാൽ ഡാമിൻ്റെ ഷട്ടറുകൾ ഇന്ന് ഉച്ചക്ക് 12 മണിക്ക് ഭാഗികമായി തുറക്കുവാൻ ജില്ലാ കലക്ടർ അനുമതി നൽകിയിട്ടുണ്ട്. നിലവിൽ പഴശ്ശി ഡാമിലെ ജലനിരപ്പ് 24.55m ആണ്. ഓരോ മണിക്കൂറിലും 10 സെൻ്റീമീറ്റർ ജലനിരപ്പ് ഉയരുന്നുണ്ട്.

പടിയൂർ, ഇരിക്കൂർ, നാറാത്ത്, കൂടാളി പാപ്പിനിശ്ശേരി, വളപ്പട്ടണം, കല്യാശ്ശേരി ,മയ്യിൽ, മലപ്പട്ടം, ചെങ്ങളായി എന്നീ ഗ്രാമ പഞ്ചായത്തുകൾ, ആന്തൂർ, മട്ടന്നൂർ ഇരിട്ടി മുനിസിപ്പാലിറ്റികൾ എന്നീ പ്രദേശത്തുള്ളവർ പ്രത്യേക ജാഗ്രത പാലിക്കണം. പോലീസ് ,ഫയർ സർവീസ്, റവന്യൂ ബന്ധപ്പെട്ട തദ്ദേശ സ്വയം ഭരണ സ്ഥാപന അദ്ധ്യക്ഷൻമാർ, സെക്രട്ടറിമാർ എന്നിവർക്ക്‌ ആവശ്യമായ നടപടികൾക്ക്‌ നിർദേശം നൽകിയിട്ടുണ്ട്. 

മഴ തുടരുന്ന സാഹചര്യത്തില്‍ തൃശ്ശൂർ പെരിങ്ങല്‍ക്കുത്ത് അണക്കെട്ടിന്റെ സ്പില്‍വേ ഷട്ടറുകളും തുറന്നു വിടാന്‍ അനുമതി നൽകിയിട്ടുണ്ട്. 419.41 മീറ്ററിനു മുകളിലേക്ക്  ജലനിരപ്പ്  ഉയര്‍ന്നാലാണ്  സ്പില്‍വേ ഷട്ടറുകള്‍ വഴി വെള്ളം പുറത്തേക്ക് ഒഴുക്കുക. വെള്ളം തുറന്നു വിടുന്ന സാഹചര്യത്തില്‍ ചാലക്കുടി പുഴയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ഇരു കരയിലുമുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് തൃശ്ശൂർ കളക്ടർ നിർദ്ദേശിച്ചു. 

പുഴയില്‍ മത്സ്യബന്ധനം, അനുബന്ധ പ്രവര്‍ത്തികള്‍ എന്നിവയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 418.05 മീറ്ററാണ് അണക്കെട്ടിലെ ജലനിരപ്പ്. അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി 424 മീറ്ററാണ്. അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള മുന്നറിയിപ്പ്  നല്‍കാന്‍ ഇടമലയാര്‍ ഡാം സേഫ്റ്റി ഡിവിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ക്കും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി.

27 ഷട്ടറുകൾ ഉള്ള പാലക്കാട്ടെ തൃത്താല വെള്ളിയാങ്കല്ല് റെഗുലേറ്ററിന്റെ നാല് ഷട്ടറുകൾ തുറന്നു. ജലനിരപ്പ് ഇനിയും ഉയർന്നാൽ കൂടുതൽ ഷട്ടറുകൾ തുറന്നേക്കുമെന്ന് ചമ്രവട്ടം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു. തൃത്താല മേഖലയിൽ മഴ ഇപ്പോഴും തുടരുന്നുണ്ട്.

ബേപ്പൂരില‍് നിന്ന് അഞ്ചാം തീയതി മത്സ്യബന്ധനത്തിന് പോയ ബോട്ട് ഇനിയും തിരിച്ചെത്തിയിട്ടില്ല. കെ പി ഷംസുവിന്റെ ഉടമസ്ഥതയിലുള്ള അജ്മീര്‍ഷ എന്ന ബോട്ടാണിത്. 15 പേരാണ് ബോട്ടിലുള്ളത്. കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയതായി ബോട്ട് ഓണേഴ്സ് അസോസിയേഷൻ അറിയിക്കുന്നു.  ലക്ഷദ്വീപ് ബോട്ടപകടത്തിൽ കാണാതായ 9 മത്സ്യ ബന്ധന തൊഴിലാളികൾക്കായുള്ള തെരച്ചിലും തുടരുകയാണ്. കോസ്റ്റ്ഗാഡിനൊപ്പം നാവിക സേനയും തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. രക്ഷപ്രവർത്തനത്തിനായി കൊച്ചിയിൽ നിന്ന് പുറപ്പെട്ട കോസ്റ്റ്ഗാഡിന്‍റെ കപ്പൽ ലക്ഷദ്വീപിലെത്തിയിട്ടുണ്ട്. തെരച്ചിൽ ഊർജിതമാക്കണമെന്ന് തമിഴ്നാട് സർക്കാരും ആവശ്യപ്പെട്ടിരുന്നു. 

ലക്ഷദ്വീപിൽ കനത്ത മഴക്കും കടൽക്ഷോഭത്തിനും ശമനമുണ്ടായത് ആശ്വാസമാവുകയാണ്. കന്യാകുമാരിയിലെ കടൽ തീരങ്ങളിലും തെരച്ചിൽ നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലുമാണ് തമിഴ്നാടിൽ നിന്നുള്ള ആണ്ടവൻ തുണൈ എന്ന ബോട്ട് ബിത്ര ദ്വീപിന് സമീപം മുങ്ങിയത്. തമിഴ്നാട് നാഗപട്ടണം സ്വദേശികളായ 7 പേരും 2 ഉത്തരേന്ത്യക്കാരെയുമാണ് കാണാതായത്.

 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios