Asianet News MalayalamAsianet News Malayalam

Kerala Rains| ഇടുക്കി ഡാം ഉച്ചയ്ക്ക് തുറക്കും, മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറന്നേക്കും

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർന്നതോടെ തമിഴ്നാട് ജാഗ്രതാ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. 140 അടിയായ സാഹചര്യത്തിൽ ആദ്യ പ്രളയജാഗ്രതാ നിർദേശം തമിഴ്നാട് പുറത്തുവിടുന്നു. 

Kerala Rains Live Updates Water Level Rises In Mullapperiyar And Idukki
Author
Idukki Dam, First Published Nov 14, 2021, 10:33 AM IST

ഇടുക്കി: കനത്ത മഴ തുടരുന്നതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിൽ ആശങ്ക ഉയരുകയാണ്. ഇടുക്കി ഡാം ഇന്ന് ഉച്ചയ്ക്ക് തുറക്കും. ഉച്ചയ്ക്ക് രണ്ട് മണിക്ക് ഒരു ഷട്ട‍ർ 40 സെ.മീ ഉയ‍ർത്തുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. പെരിയാർ തീരത്തുള്ളവരോട് ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. 

ഇടുക്കിയിൽ രാവിലെ 10 മണിക്ക് പുറത്തുവന്ന ഏറ്റവും പുതിയ കണക്ക് അനുസരിച്ച് ജലനിരപ്പ് 2398.80 അടിയാണ്. ഇടുക്കിയുടെ ജലനിരപ്പുയരുന്ന പശ്ചാത്തലത്തിൽ ചെറുതോണി ഡാമിന്‍റെ ഷട്ടറുകൾ ഉയർത്തണോ എന്ന കാര്യത്തിൽ കെഎസ്ഇബി നിലവിൽ ചർച്ചകൾ നടത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ഒരു ഷട്ടർ തുറക്കാൻ തീരുമാനിച്ചത്.

റൂൾ കർവ് പ്രകാരം ഇടുക്കി ഡാമിലെ ബ്ലൂ അലർട്ട് ലെവൽ 2392.03 അടിയാണ്. ഓറഞ്ച് അലർട്ട് 2398.03 അടിയും റെഡ് അലർട്ട് 2399.03 അടിയുമാണ്. റെഡ് അലർട്ട് ലെവലിലെത്തിയ ശേഷം ഇടുക്കി തുറന്നാൽ മതിയെന്നാണ് കെഎസ്ഇബി ഇന്നലെ തീരുമാനിച്ചിരുന്നത്. എന്നാൽ ഡാമിന്‍റെ വൃഷ്ടിപ്രദേശത്ത് മഴ കനക്കുകയും, മുല്ലപ്പെരിയാർ സ്പിൽ വേ ഷട്ടറുകൾ തുറക്കേണ്ട സ്ഥിതി വരികയും ചെയ്തു. ചെറുതോണി ഷട്ടറുകൾ തുറന്ന് സെക്കന്‍റിൽ ഒരു ലക്ഷം ലിറ്റർ വെള്ളം പുറത്തേക്ക് ഒഴുക്കാൻ അനുമതി കളക്ടർ ഇന്നലെത്തന്നെ നൽകിയിരുന്നു. 

ഇടുക്കിയിലെ ജലനിരപ്പ്, കണക്കിങ്ങനെ:

Date :-14-11-2021  
Time :-10-00 AM
Idukki reservoir water level :2398.80Ft
Rain fall /1-Hour:-0.8mm

മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പ് 140 അടിയായി ഉയർന്നു. 9 മണിയോടെയാണ് മുല്ലപ്പെരിയാറിലെ ജലനിരപ്പ് 140 അടിയായി ഉയർന്നത്. ഇതോടെ തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് സെക്കന്‍റിൽ 900 ഘന അടിയായി ഉയർത്തി. മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പുയർന്നതോടെ തമിഴ്നാട് ജാഗ്രതാ നിർദേശം പുറത്തിറക്കിയിട്ടുണ്ട്. 140 അടിയായ സാഹചര്യത്തിൽ ആദ്യ പ്രളയജാഗ്രതാ നിർദേശം തമിഴ്നാട് പുറത്തുവിടുന്നു. ജലനിരപ്പ് 140 അടിയായെന്ന് തമിഴ്നാട് കേരളത്തെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. 

അടുത്ത 24 മണിക്കൂറിലും ജലനിരപ്പ് ഈ തരത്തിൽത്തന്നെ ഉയരുകയാണെങ്കിൽ മുല്ലപ്പെരിയാർ സ്പിൽവേ ഷട്ടറുകൾ തുറക്കാൻ സാധ്യതയുണ്ട്. അതിനാൽ പെരിയാർ തീരത്തുള്ള ജനങ്ങൾ, പ്രത്യേകിച്ച് നദിയുടെ ഇരുകരകളിലും താമസിക്കുന്നവർ അതീവജാഗ്രത പുലർത്തണമെന്ന് ഇടുക്കി ജില്ലാ കളക്ടർ അറിയിച്ചു. 

നേരത്തേ തമിഴ്നാട് മുല്ലപ്പെരിയാറിൽ നിന്ന് കൊണ്ടുപോകുന്ന ജലത്തിന്‍റെ അളവ് കുറച്ചിരുന്നു. സെക്കന്‍റിൽ 500 ഘന അടിയോളം വെള്ളം മാത്രമേ കൊണ്ടുപോയിരുന്നുള്ളൂ. എന്നാലിപ്പോൾ, ജലനിരപ്പുയർന്ന പശ്ചാത്തലത്തിലാണ് തമിഴ്നാട് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കൂട്ടിയത്. 

ജലനിരപ്പ് 142 അടിയിലെത്തുന്നതിനു മുമ്പേ സ്പിൽവേ ഷട്ടർ തുറന്നത് തമിഴ്നാട്ടിൽ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടർന്ന് ജലനിരപ്പ് 142 അടിയിലേക്ക് എത്തിക്കുന്നതിനാണ് കൊണ്ടുപോകുന്ന വെള്ളത്തിന്‍റെ അളവ് കുറച്ചത്. മുല്ലപ്പെരിയാർ വെള്ളം സംഭരിക്കുന്ന തമിഴ്നാട്ടിലെ വൈഗ അണക്കെട്ടിലെ ജലനിരപ്പ് 69.29 അടിയായി. 71 അടിയാണ് പരമാവധി സംഭരണ ശേഷി.

എന്നാൽ കൊണ്ടുപോകുന്നതിനേക്കാൾ വളരെയധികം അളവ് വെള്ളമാണ് അണക്കെട്ടിലേക്ക് ഒഴുകിയെത്തുന്നത്. അതിനാൽ അണക്കെട്ടിൽ ജലനിരപ്പ് ഉയരാൻ തന്നെയാണ് സാധ്യത കൽപിക്കപ്പെടുന്നത്. 

മുല്ലപ്പെരിയാറിൽ 9 മണിക്ക് ജലനിരപ്പ് സംബന്ധിച്ച് തമിഴ്നാട് പുറത്തുവിട്ട കണക്കിങ്ങനെ:

MULLAPERIYAR DAM
 
DATE     :    14.11.2021  
TIME     :    09.00 AM
LEVEL.  :    140.00 ft
DISCHARGE :  900 cusecs

INFLOW
 
Current  :       4400 cusecs
Average :       4400 cusecs

അതേസമയം, തൃശ്ശൂർ പീച്ചി അണക്കെട്ടിലെ നാല് ഷട്ടറുകള്‍ ഇന്ന് (ഞായര്‍) രാവിലെ 10 മണിക്ക് നിലവിലെ ഒരു സെന്‍റിമീറ്ററില്‍ നിന്ന് അഞ്ച് സെന്‍റിമീറ്ററായി ഉയര്‍ത്തുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

Follow Us:
Download App:
  • android
  • ios