Asianet News MalayalamAsianet News Malayalam

കിഴക്കന്‍ വെള്ളത്തിന്‍റെ വരവ് ശക്തമായി; ആശങ്കയോടെ കുട്ടനാട്

കഴിഞ്ഞതവണത്തേതു പോലെ ഇത്തവണ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. എങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായാൽ വീടുകളിൽ വെള്ളം കയറുമെന്നുറപ്പാണ്.

kerala rains situation in kuttanad alappuzha
Author
Alappuzha, First Published Aug 10, 2019, 12:22 PM IST

ആലപ്പുഴ: കുട്ടനാട്ടിലേക്ക് കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ ഉയർന്ന പ്രദേശങ്ങളിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ജനങ്ങൾ. ആലപ്പുഴ-ചങ്ങനാശ്ശേരി റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ചെറിയ വാഹനങ്ങൾക്ക് ഭാഗിക നിയന്ത്രണം ഏർപ്പെടുത്തി. അതേസമയം, കഴിഞ്ഞ പ്രളയകാലത്തേതു പോലെ  ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

കഴിഞ്ഞതവണത്തേതു പോലെ ഇത്തവണ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നിട്ടില്ല. എങ്കിലും കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായാൽ വീടുകളിൽ വെള്ളം കയറുമെന്നുറപ്പാണ്. അതുകൊണ്ടുതന്നെ വീട്ടുപകരണങ്ങളടക്കമുള്ളവ ഉയർന്ന സ്ഥാനങ്ങളിലേക്ക് മാറ്റികഴിഞ്ഞു. സ്ഥിതിരൂക്ഷമായാൽ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറാനുള്ള തയ്യാറെടുപ്പിലാണ് കുട്ടനാട്ടുകാര്‍. .

ആലപ്പുഴ ചങ്ങനാശ്ശേരി റോഡിൽ കിടങ്ങറ, മങ്കൊമ്പ് എന്നിവിടങ്ങളിൽ വെള്ളം കയറിയതോടെ, ചെറിയ വാഹനങ്ങളിലെ യാത്ര ദുഷ്കരമായി. രണ്ടാംവിള കൃഷി നശിക്കാതിരിക്കാൻ മോട്ടോറുകൾ ഉപയോഗിച്ച് പാടങ്ങളിലെ വെള്ളം പമ്പ് ചെയ്തു കളയുന്നുണ്ട്.

കിഴക്കൻ വെള്ളത്തിന്‍റെ വരവ് ശക്തമായതോടെ തണ്ണീർമുക്കം ബണ്ട് ,തോട്ടപ്പള്ളി സ്പിൽവേ എന്നിവയുടെ മുഴുവൻ ഷട്ടറുകളും ഉയർത്തിയിട്ടുണ്ട്. റോഡിൽ വെള്ളം കയറിയതിനെത്തുടർന്ന് ആലപ്പുഴയിൽ നിന്നും പുളിങ്കുന്നിലേക്കും , എടത്വയിൽ നിന്നും കളങ്ങര, മുട്ടാ‍ർ, വീയപുരം എന്നിവടങ്ങളിലേക്കുമുള്ള സർവീസുകൾ കെഎസ്ആർടിസി നിർത്തിവച്ചു. ചെങ്ങന്നൂർ, തലവടി എന്നിവിടങ്ങളിലായി ഏഴ് ദുരിതാശ്വസ ക്യാമ്പുകളാണ് ആലപ്പുഴ ജില്ലയിലുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ എൻഡിആർഎഫും സൈന്യവുമടക്കം സജ്ജമാണെന്ന് ജില്ലാഭരണകൂടം അറിയിച്ചു.

Follow Us:
Download App:
  • android
  • ios