മുൻ ഡിജിപി ആർ. ശ്രീലേഖ പ്രതിഷേധ സമരത്തിൽ പോലീസിനെതിരെ 'പോടാ പുല്ലേ' എന്ന് മുദ്രാവാക്യം വിളിച്ചത് വിവാദമായി. രാഷ്ട്രീയ പ്രേരിതമായി പോലീസ് ബിജെപി പ്രവർത്തകരെ മർദ്ദിക്കുന്നുവെന്ന് ശ്രീലേഖ ആരോപിച്ചപ്പോൾ, ഇത്തരം ഭീഷണികളിൽ തകരില്ലെന്ന് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ തിരിച്ചടിച്ചു.

തിരുവനന്തപുരം: പോടാ പുല്ലേ പൊലീസേ മുദ്രാവാക്യം മുഴക്കി മുൻ ഡി.ജി.പി ആർ. ശ്രീലേഖ. കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധ സമരത്തിലാണ് ശ്രീലേഖ പോലീസിനെതിരെ മുദ്രാവാക്യം വിളിച്ചത്. സംഭവം സോഷ്യൽമീഡിയയിലടക്കം വ്യാപക ചർച്ചയായി. കേരളത്തിലെ ആദ്യത്തെ വനിതാ ഡിജിപിയാണ് ശ്രീലേഖ. ഇത്രയും ഉന്നത പോസ്റ്റിൽ ഇരുന്നയാൾ പൊലീസിനെതിരെ ഇത്തരത്തിൽ മുദ്രാവാക്യം വിളിച്ചത് ശരിയായില്ലെന്ന് വിമർശനമുയർന്നു. പിന്നാലെ വിശദീകരണവുമായി ശ്രീലേഖയും രം​ഗത്തെത്തി. ഡിജിപി പദവിയിൽ നിന്നും വിരമിച്ച, 33 വർഷത്തിലധികം പോലീസ് സേനയിൽ അഭിമാനത്തോടെ പ്രവർത്തിച്ച താൻ പൊലീസിനെതിരെ വിളിയ്ക്കണമെങ്കിൽ തക്കതായ കാരണമുണ്ടെന്ന് ശ്രീലേഖ പറയുന്നു. വട്ടിയൂർക്കാവ് എസ്എച്ചഒ വിപിൻ, എസ്ഐ ദീപു പിള്ള തുടങ്ങി. പോലീസുകാർ ചേർന്ന് കഴിഞ്ഞ ഒരു മാസത്തിലേറേയായി ബിജെപി പ്രവർത്തകരെ മാത്രം തിരഞ്ഞു പിടിച്ച് കേസുകൾ ‌എടുത്ത്, മർദ്ദിച്ച് രസിക്കുകയാണെന്നും സിപിഎമ്മുമാരുടെ നിർദേശ പ്രകാരമാണ് സംഭവമെന്നും ശ്രീലേഖ ആരോപിച്ചു. 

ഏപ്രിൽ 19ന് ഇടപഴനി ക്ഷേത്രം ചവിട്ടി തുറന്ന്, ഒരു സിപിഎം പ്രവർത്തകൻ ഭാര്യയെ ലൈംഗികമായി അവഹേളിക്കുകയും അവയവ പ്രദർശനം നടത്തുകയും ചെയ്തു എന്ന് പരാതിപ്പെട്ട ബിജെപി പ്രവർത്തകനെയും കൂട്ടരെയും വലിച്ചിഴച്ചു പോലീസ് വാനിൽ കയറ്റി അതി ക്രൂരമായി മർദ്ദിച്ച് ബിനുവിന്റെ കണ്ണിനു പരിക്കേൽപ്പിച്ചു രക്തത്തിൽ കുളിച്ച അവസ്ഥയിൽ എആർ ക്യാമ്പിൽ കൊണ്ട് പോയി തള്ളി. അവർക്കെതിരെ ഒരു കേസുപോലും ഇല്ലാത്തതു കൊണ്ട് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചോളാൻ പറയുകയായിരുന്നു ഈ പൊലീസുകാർ. മർദ്ദനം ഏറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇപ്പോഴും ഉണ്ട്.. ഇത് ചെയ്ത പോലീസുകാർക്കെതിരെ ഒരു നടപടിയും ഇല്ല, ഒരു കേസുമില്ല! ഇത് കാണുമ്പോൾ കഷ്ടം തോന്നി പോകും. നാണം തോന്നും ഇങ്ങനെയുള്ള ഒരു സേനയിലായിരുന്നോ ഇത്ര നാൾ പ്രവർത്തിച്ചതെന്ന് ഓർത്ത്! വെറുതെയാണോ ജനം പോലീസിനെ ഇത്ര മാത്രം വെറുക്കുന്നത്- ശ്രീലേഖ കുറിച്ചു.

പിന്നാലെ ശ്രീലേഖക്ക് മറുപടിയുമായി പൊലീസ് ഓഫിസേഴ്സ് അസോസിയേഷനും രം​ഗത്തെത്തി. ഔദ്യോഗിക കൃത്യ നിർവഹണത്തിൽ ഏർപ്പെട്ട പൊലീസ് ഉദ്യോഗസ്ഥന്മാർക്കെതിരെ അസഭ്യ വർഷം നടത്തുന്ന രീതി ഓരോരുത്തരുടേയും സംസ്‌കാരത്തിൻ്റെ ഭാഗമാണ് എന്ന് കാണാം. എന്നാൽ പൊലീസ് ഉദ്യോഗസ്ഥരുടെ വാസസ്ഥലത്ത് ചെന്ന് ഭീഷണിപ്പെടുത്തുക, അവരുടെ മാതാപിതാക്കളെ ഭീഷണിപ്പെടുത്തുക തുടങ്ങിയ പ്രവർത്തികൾ നടത്തുന്നവരോട് ഒന്നേ പറയാനുള്ളു. അത്തരം ഓലപ്പാമ്പ് കാണിച്ചൊന്നും തകർക്കാൻ പറ്റുന്നതല്ല കേരള പൊലീസിൻ്റെ പ്രവർത്തനങ്ങൾ. അത്തരക്കാരുടെ കൂട്ടത്തിൽ ഊർജം പകരാൻ വിരമിച്ച ചില പൊലീസ് ഉദ്യോഗസ്ഥർ ഉണ്ടായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ഇല്ല എന്നും തിരിച്ചറിയുക. പൊലീസ് നടപടികൾക്കെതിരെ ആക്ഷേപങ്ങൾ ഉണ്ടെങ്കിൽ ആർക്കും പ്രതികരിക്കാം. ആർക്കും പ്രതിഷേധിക്കാം. നിയമപരമായ എന്ത് നടപടിയും സ്വീകരിക്കാം. പകരം ഗുണ്ടായിസവുമായാണ് കടന്നു വരുന്നതെങ്കിൽ തിരിച്ച് ശക്തമായ നിയമ നടപടികൾ സ്വീകരിക്കുക തന്നെ ചെയ്യും'- കേരള പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി ആർ ബിജു ഫെയ്സ്ബുക്കിൽ കുറിച്ചു.