മലപ്പുറം: കേരളം വീണ്ടും കനത്ത മഴയുടെ ദുരിതത്തിലേക്ക്. തോരാതെ പെയ്യുന്ന മഴയില്‍ 22 പേര്‍ക്കാണ് സംസ്ഥാനത്ത് ഇന്ന് ജീവന്‍ നഷ്ടപ്പെട്ടത്. നിരവധിപ്പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. ജില്ലകളില്‍ ഹെല്‍പ്പ് ലൈനുകള്‍ ആരംഭിച്ചിട്ടുണ്ട്. വടക്കന്‍ കേരളത്തിലും മലയോരമേഖലകളിലുമാണ് മഴ കൂടുതല്‍ നാശം വിതക്കുന്നത്.  ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും തുടരുന്നു. 

സംസ്ഥാനത്ത് ഇതുവരെയും 315 ദുരിതാശ്വാസ ക്യാമ്പുകളാണ് തുറന്നിട്ടുള്ളത്. 22,165 പേർ ക്യാമ്പിൽ താമസിക്കുന്നുണ്ട്. ഏറ്റവും കൂടുതൽ പേർ ക്യാമ്പിലുള്ളത് വയനാട്ടിലാണ്. ദുരിതാശ്വാസ ക്യാമ്പുകളുടെ ഏകോപനം ജില്ലാ കളക്ടർമാർക്കാണ്. ശുദ്ധമായ വെള്ളം, ഡോക്ടര്‍മാരുടെ സേവനം എന്നിവ ഉറപ്പാക്കിയിട്ടുണ്ട്.  

 വളണ്ടിയറാവാൻ സന്നദ്ധരായ ആളുകളുടെ സേവനങ്ങള്‍ ആവശ്യപ്പെട്ട് മലപ്പുറം ജില്ലാകലക്ടര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു. 'വളണ്ടിയറാവാൻ സന്നദ്ധരായ ആളുകൾ റജിസ്റ്റർ ചെയ്യണം'. നിങ്ങളുടെ സേവനം വിലപ്പെട്ടതാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.