സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ 'സമുന്നതി ഇ-യാത്ര' പദ്ധതിക്ക് തുടക്കം കുറിച്ചു. മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സ്ത്രീകൾക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങാൻ ഒരു ലക്ഷം രൂപ വരെ സബ്സിഡി നൽകുന്നതാണ് പദ്ധതി.  

തിരുവനന്തപുരം: മുന്നാക്ക സമുദായങ്ങളിലെ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ സാമ്പത്തിക സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന 'സമുന്നതി ഇ-യാത്ര' പദ്ധതിയ്ക്ക് തുടക്കമായി. ഇ-യാത്രയുടെ ഫ്‌ളാ​ഗ് ഓഫ് സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെ.ജി. പ്രേംജിത്ത് നിര്‍വഹിച്ചു. സംസ്ഥാനത്തെ സംവരണേതര സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സ്ത്രീകള്‍ക്ക് ഇലക്ട്രിക് ഓട്ടോ വാങ്ങുന്നതിനായി മൂലധന സബ്സിഡിയായി ഒരു ലക്ഷം രൂപവരെ അല്ലെങ്കില്‍ ലോണ്‍ തുകയുടെ 40 ശതമാനം തുക അനുവദിക്കുന്നതാണ് പദ്ധതി.

സംസ്ഥാനത്തെ മുന്നാക്ക സമുദായങ്ങളില്‍ പിന്നാക്കം നില്‍ക്കുന്ന സ്ത്രീകളുടെ തൊഴിലും വരുമാനവും വര്‍ധിപ്പിക്കുക, സ്ത്രീകളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരിക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഇ-യാത്ര പദ്ധതി രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. മസ്കറ്റ് ഹോട്ടലിൽ നടന്ന ചടങ്ങില്‍ മാനേജിംഗ് ഡയക്ടര്‍ ദേവി.എല്‍. ആര്‍, സംസ്ഥാന മുന്നാക്ക സമുദായ ക്ഷേമ കോര്‍പ്പറേഷൻ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍, ധനലക്ഷ്മി ബാങ്ക് റീജിയണല്‍ ഹെഡ് ശ്രീകാന്ത് വി വി എന്നിവര്‍ പങ്കെടുത്തു.