പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഘാടകര്‍ ആരും തന്നെ എത്തിയില്ലെന്നും പൊലീസിനെകൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും നാടന്‍പാട്ട് കലാകാരന്മാര്‍ ആരോപിച്ചു
കൊല്ലം: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയില്‍ പ്രതിഷേധം. വേദിയില്‍ നാടന്‍പാട്ട് അവതരിപ്പിക്കുന്നതിനുള്ള സൗകര്യമില്ലെന്നും സൗണ്ട് സിസ്റ്റത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ചാണ് നാടന്‍പാട്ട് പരിശീലകരായ കലാകാരന്മാല്‍ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഘാടകര്‍ ആരും തന്നെ എത്തിയില്ലെന്നും പൊലീസിനെകൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഇവര്‍ ആരോപിച്ചു. മത്സരത്തിന് നാലാം നിലയിൽ വേദി അനുവദിച്ചതും നാടൻ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. നാടന്‍പാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം.
നാടന്‍പാട്ട് കലാകാരന്മാര്‍ വേദിക്ക് സമീപം പ്രതിഷേധിച്ചെങ്കിലും സൗണ്ട് സിസ്റ്റത്തിലെ പ്രശ്നം ഉള്‍പ്പെടെ പരിഹരിക്കാതെ മത്സരം ആരംഭിക്കുകയായിരുന്നുവെന്നാണ് ആരോപണം. പൊലീസ് ഇടപെട്ട് പ്രതിഷേധക്കാരെ മാറ്റിനിര്‍ത്താനാണ് ശ്രമിച്ചതെന്നും ഈ രീതിയില്‍ കാര്യങ്ങള്‍ തുടര്‍ന്നാല്‍ പ്രതിഷേധം ശക്തമായി തുടരുമെന്നും നാടന്‍പാട്ട് കലാകാരന്മാരുടെ സംഘടനയായ നാട്ടു കലാകാര കൂട്ടം പ്രവര്‍ത്തകര്‍ മാധ്യമങ്ങളോട് പറഞ്ഞു. പ്രതിഷേധത്തിനിടെയും വേദിയില്‍ നാടന്‍ പാട്ട് മത്സരം തുടരുകയാണ്. ഇതിനിടെയും നാടന്‍ പാട്ടുകള്‍ പാടി കലാകാരന്മാര്‍ വേദിക്ക് സമീപം പ്രതിഷേധം തുടരുകയാണ്.
അതേസമയം, അപ്പീലുകളുടെ ബാഹുല്യം കലോൽസവ സമയ ക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.ഇക്കാര്യത്തിൽ കോടതി തീരുമാനം എടുക്കണം. വിഷയം കോടതിയുടെ ശ്രദ്ധയിൽപ്പെടുത്താൻ അഡ്വക്കറ്റ് ജനറലുമായി ചർച്ച നടത്തി. സബ് കോടതി മുതൽ ഹൈക്കോടതി വരെ ഉള്ള അപ്പീലുകളുമായാണ് വിദ്യാർഥികൾ മൽസരത്തിന് എത്തുന്നെന്ന് മന്ത്രി പറഞ്ഞു. ജില്ലാ തലങ്ങളിൽ എട്ടും ഒമ്പതും സ്ഥാനങ്ങളിൽ എത്തിയവർ പോലും അപ്പീലുമായി എത്തുന്നത് മൽസര സംഘാടനത്തെ ബാധിക്കുകയാണെന്നും ഇക്കാര്യത്തില്‍ ഉചിതമായ നടപടിയുണ്ടാകേണ്ടതുണ്ടെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.
സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പോരാട്ടം കടുക്കുന്നു; ഇന്ന് ജനപ്രിയ ഇനങ്ങള്‍ വേദിയില്‍
