സ്കൂൾ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകാനുള്ള സർക്കാർ തീരുമാനത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി കെ എ തുളസി. ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികൾക്ക് അവധി അനിവാര്യമാണെന്നും വിഷയം വിവാദമാക്കരുതെന്നും മന്ത്രി അഭ്യർത്ഥിച്ചു. എന്നാൽ, അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന ആശങ്കയുമായി ആർ ശ്രീലേഖയും നൂർബിന റഷീദും രംഗത്തെത്തിയിരുന്നു.

പാലക്കാട്: സ്കൂള്‍ വിദ്യാർത്ഥിനികൾക്ക് 3 ദിവസത്തെ ആർത്തവ അവധി നൽകുമെന്ന യു ഡി എഫ് സർക്കാർ പ്രഖ്യാപനം വിവാദമാക്കരുതെന്ന അഭ്യർഥനയുമായി മന്ത്രി കെ എ തുളസി രംഗത്ത്. ആർത്തവകാലത്ത് മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന പെൺകുട്ടികൾക്ക് അവധി നൽകേണ്ടത് അനിവാര്യമാണെന്ന് ഏഷ്യാനെറ്റ്‌ ന്യൂസിനോട് മന്ത്രി പ്രതികരിച്ചു. സർക്കാരിന്റെ നല്ലൊരു തീരുമാനം വിവാദമാക്കി മാറ്റരുതെന്നും പൊതു സമൂഹത്തോട് തുളസി അഭ്യർഥിച്ചു. നേരത്തെ മുൻ ഡി ജി പിയും ബി ജെ പി നേതാവുമായ ആർ ശ്രീലേഖയും വനിത ലീഗ് മുൻ നേതാവ് നൂർബിന റഷീദുമടക്കമുള്ളവർ ആർത്തവ അവധി, പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം. വേനലവധി കഴിഞ്ഞ് നാളെ സ്കൂൾ തുറക്കാനിരിക്കെ പ്രവേശനോത്സവത്തിന്‍റെ ഒരുക്കങ്ങൾ വിലയിരുത്താൻ പാലക്കാട് സ്കൂളിലെത്തിയപ്പോളായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ശ്രീലേഖയുടെ അഭിപ്രായം

വിദ്യാർഥിനികൾക്ക് 3 ദിവസം വരെ എല്ലാ മാസവും ആർത്തവാവധി പ്രഖ്യാപിച്ച സർക്കാർ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകൾ ആക്കുമോയെന്ന സംശയമാണ് ആർ ശ്രീലേഖ ഉന്നയിച്ചത്. ആർത്തവം സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണ്. അതിൽ ചിലർക്ക് ചില വേദനയും ബുദ്ധിമുട്ടും ഒക്കെ ഉണ്ടാകും. ചിലക്ക് വളരെ സ്വാഭാവികമായും അനുഭവപ്പെടും. ആ സമയം വളരെ കഠിനമായ വേദനയുണ്ടായിരുന്ന ഞാൻ, ഒരിക്കൽ പോലും ഈ കാരണം പറഞ്ഞ് സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ല. ഐ പി എസ് പരിശീലന സമയത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് ആ ദിവസങ്ങളിൽ ഞങ്ങൾ പെൺകുട്ടികൾ ഒരിക്കലും മാറി നിന്നിട്ടില്ല. തീരെ വയ്യാത്തപ്പോൾ മാത്രമാണ് അവധി എടുത്തിരുന്നത്. അതൊക്കെയാണ്‌ സ്ത്രീകളുടെ ശക്തി. എന്നാൽ ഇപ്പോൾ മാസാമാസം ക്ലാസ്സിൽ പോകാതിരുന്നാൽ വീട്ടുകാരും, വിദ്യാലയവും, നാട്ടുകാരും ഒക്കെ അറിയും എപ്പോഴാണ് ഏതു കുട്ടിക്ക് ആർത്തവം എന്ന്. ഇതാണോ മെൻസ്ട്രുൽ ഡിഗ്നിറ്റി? നാണക്കേടല്ലേ? ഇതുപോലുള്ള സൗജന്യങ്ങൾക്ക് പകരം എല്ലാ സ്കൂളിലും കോളേജിലും പെൺകുട്ടികൾക്ക് വൃത്തിയുള്ള ശൗചാലയങ്ങളും നാപ്കിൻ വെൻഡിംഗ് മെഷീനുകളും നൽകാൻ ഏർപ്പാടാക്കിക്കൂടെ? അത്യാവശ്യമെങ്കിൽ സൗജന്യ വേദന സംഹാരി മരുന്നുകൾ വിദ്യാലയങ്ങളിൽ ലഭ്യമാക്കുകയും ചെയ്യാം. അതൊക്കെ എല്ലാ വനിതാ ടീച്ചറിനും സ്റ്റാഫിനും ഗുണകരമാവുകയും ചെയ്യും. ഒരു പെൺകുട്ടിയും ഈ കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്നല്ല, ഒരു ദിവസം പോലും വീട്ടിൽ ഇരിക്കാൻ ആഗ്രഹിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. ഇതു സാധാരണ നിലയിൽ സമ്മതിക്കുന്ന മാതാപിതാക്കളും ഉണ്ടാവില്ലെന്നും ആർ ശ്രീലേഖ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരുന്നു.

നൂർബിനയുടെ അഭിപ്രായം

ആർത്തവ അവധി പ്രഖ്യാപിക്കുന്നത് പെൺകുട്ടികളുടെ ആരോഗ്യപ്രശ്നങ്ങളോടുള്ള കരുതലായി കാണാമെങ്കിലും, അത് പ്രായോഗികമായി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുന്ന സാഹചര്യം സൃഷ്ടിക്കാം. സ്കൂളുകളിലും കോളേജുകളിലും ആർത്തവ അവധി ആവശ്യപ്പെടുകയോ രേഖപ്പെടുത്തുകയോ ചെയ്യുമ്പോൾ ആർത്തവ ദിവസങ്ങൾ പരസ്യമാകാൻ സാധ്യതയുണ്ട്. ഇത് പല. കുട്ടികൾക്കും അനാവശ്യമായ മാനസിക അസ്വസ്ഥത ഉണ്ടാക്കിയേക്കാം. അതിനാൽ, പെൺകുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്ന രീതിയിലുള്ള സംവിധാനങ്ങൾ ഉറപ്പാക്കിയ ശേഷമേ ഇത്തരം നയങ്ങൾ നടപ്പാക്കാവൂ.

YouTube video player