കൊച്ചി: കൊവിഡ് സ്ഥിരീകരിക്കുന്നതിനുള്ള സാമ്പിളുകൾ ശേഖരിക്കുന്നതിന് ഉപയോഗിക്കുന്ന ദക്ഷിണ കൊറിയൻ മോഡൽ കിയോസ്കുകൾ കേരളത്തിലും സജ്ജമായി. കൊവിഡ് പരിശോധനക്ക് സാമ്പിൾ ശേഖരിക്കുമ്പോൾ ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഭീഷണി ഉണ്ടാകാതിരിക്കാൻ പേഴ്സണൽ പ്രോട്ടക്ഷൻ കിറ്റിനു പകരം സംവിധാനം വികസിപ്പിച്ചിരിക്കുകയാണ് കളമശ്ശേരി മെഡിക്കൽ കോളജ്.  

വാക്ക് ഇന്‍ സാപിൾ കിയോസ്ക് അഥവാ വിസ്ക് എന്ന പുതിയ സംവിധാനത്തിൻറെ പേര്.  ഇവിടെ രണ്ട് മിനിട്ടില്‍ താഴെ സമയം കൊണ്ട് സാംപിളുകള്‍ ശേഖരിക്കാന്‍ സാധിക്കും. ഇന്ത്യയില്‍ ആദ്യമായി കേരളത്തിലാണ് ഇത്തരമൊരു കിയോസ്ക് സജ്ജമാക്കിയിരിക്കുന്നത്. കൊവിഡ് ലക്ഷണങ്ങൾ ഉള്ള ആളുകളെ ആശുപത്രികളിൽ എത്തിച്ചാണ് പരിശോധനക്കായി ഇപ്പോൾ സാമ്പിൾ ശേഖരിക്കുന്നത്. ആശുപത്രി ജീവനക്കാർ പിപിഇ  കിറ്റ്  ധരിച്ച് സാന്പിൾ ശേഖരിക്കണമെന്നാണ് നിർദ്ദേശം. ആയിരം രൂപയോളം വില വരുന്ന ഈ സുരക്ഷാ ആവരണങ്ങൾ ഒരിക്കൽ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.  

കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയോ സമൂഹ വ്യാപനമുണ്ടാവുകയോ ചെയ്താല്‍ സാംപിള്‍ ശേഖരണമാകും ആരോഗ്യ വകുപ്പ് നേരിടാൻ പോകുന്ന പ്രധാന വെല്ലുവിളി. എന്നാൽ വിസ്കുകൾ ഈ പ്രവര്‍ത്തനം എളുപ്പമാക്കുമെന്നാണ് രൂപകൽപ്പന ചെയ്തത  ഡോക്ടർമാരുടെ സംഘം പറയുന്നത്.  കിയോസ്കുകളില്‍ സാമ്പിൾ ശേഖരിക്കുന്നവരുടെയും നല്‍കുന്നവരുടെയും  സുരക്ഷക്കാവശ്യമായ സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. ഓരോ തവണ സാംപിൾ ശേഖരിച്ച ശേഷവും കിയോസ്കിലെ കയ്യുറയും കസേരയും അണുവിമുക്തമാക്കും.

കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് അംഗം ടി.കെ.ഷാജഹാൻ രണ്ട് യൂണിറ്റുകൾ സൗജന്യമായി നിർമിച്ചു നൽകി. 40,000 രൂപയാണ് ഒരു കിയോസ്കിന്‍റെ നിര്‍മാണചെലവ്.  ഏതെങ്കിലും പ്രദേശത്ത് കിയോസ്‌ക്ക്  താൽക്കാലികമായി സ്ഥാപിച്ച് കൂടുതൽ പേരുടെ സാമ്പിൾ ശേഖരിക്കാൻ സാധിക്കും. റാപ്പിഡ് ടെസ്റ്റ് പോലുള്ളവ വ്യാപകമായി നടത്തുന്നതിനും വിസ്ക് സഹായകമാവും.