തിരുവനന്തപുരം: സെപ്തംബ‍ർ ആദ്യവാരത്തോടെ കേരളത്തിൽ കൊവിഡ് കേസുകൾ പാരമ്യത്തിലെത്തുമെന്നും കൂടുതൽ ജില്ലകൾ സമൂഹവ്യാപനത്തിന്റെ വക്കിലാണെന്നും വിദഗ്ധ സമിതി അധ്യക്ഷൻ ഡോ ബി ഇക്ബാൽ. കേരളത്തിൽ 75,000 രോഗികൾ വരെയാകാമെന്നാണ് മുന്നറിയിപ്പ്. എന്നാൽ ഒക്ടോബറോടെ കേരളത്തിൽ കൊവിഡ് വ്യാപനം കുറഞ്ഞു തുടങ്ങുമെന്നും സ്വകാര്യ അഭിമുഖത്തിൽ ഡോ ബി ഇക്ബാൽ പറഞ്ഞു. ലക്ഷണമില്ലാത്ത കൊവിഡ് രോഗികൾക്ക് വീട്ടിൽത്തന്നെ ചികിത്സ നൽകാനുള്ള നടപടികൾ ഇന്നാരംഭിച്ചു.

സമ്പർക്ക വ്യാപനം, ഉറവിടമില്ലാത്ത കേസുകൾ, ക്ലസ്റ്ററുകൾ, മരണസംഖ്യ ഇവ കൂടുന്നത് നൽകുന്നത് അപായ സൂചനയാണെന്ന് ഡോ ഇക്ബാൽ പറയുന്നു. 172 ക്ലസ്റ്ററുകളാണുള്ളത്. തിരുവനന്തപുരത്ത് തീരദേശത്ത് ഇതിനോടകം സംഭവിച്ച സമൂഹവ്യാപനം കൂടുതൽ ജില്ലകളിലേക്ക് കൂടി വ്യാപിക്കുമെന്ന് ആശങ്കയുണ്ട്.കേരളമിപ്പോൾ കൊവിഡ് വ്യാപനം മൂന്നാംഘട്ടത്തിന്റെ രണ്ടാം പാദത്തിലാണെന്നാണ് ഡോ ഇക്ബാലിന്‍റെ വിലയിരുത്തൽ. വിപുലമായ പൊതുജനാരോഗ്യ സംവിധാനത്തിലൂടെ വെല്ലുവിളികൾ മറികടക്കാമെന്നും ഡോ ഇക്ബാൽ പറഞ്ഞു. 

ദുരന്ത നിവാരണ സമിതി നൽകിയ മുന്നറിയിപ്പുകളും വിദഗ്ധ സമിതിയുടെ നിർദേശങ്ങളും അനുസരിച്ചാണ് കേരളത്തിന്റെ കൊവിഡിനെതിരെ ഇതുവരെയുള്ള നീക്കങ്ങൾ. രോഗികളുടെ എണ്ണം പൊടുന്നനെ കൂടുന്നത് കണക്കാക്കി ലക്ഷണമില്ലാത്തവർക്ക് വീടുകളിൽ തന്നെ ചികിത്സ നൽകാൻ നടപടികൾ തുടങ്ങി. തിരുവനന്തപുരം അടക്കമുള്ള ജില്ലകളിൽ ഇന്ന് ഉത്തരവിറങ്ങും. ഇതോടെ പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളിലടക്കം ഭാരം കുറയും.