തിരുവനന്തപുരം: പ്രത്യേക നിയമസഭാ സമ്മേളനം ചേരുന്നതിന് അനുമതി നൽകണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ മന്ത്രിമാർ ഗവർണറെ നേരിട്ട്  കണ്ട് സംസാരിച്ചു. സർക്കാർ നടപടികളിലെ അതൃപ്‌തി ഗവർണർ മന്ത്രിമാരെ അറിയിച്ചു. പ്രത്യേക സഭ സമ്മേളനത്തിന്റെ അടിയന്തിര പ്രധാന്യം സർക്കാരിന് ബോധ്യപ്പെടുത്താൻ കഴിഞ്ഞില്ല. അതാണ് അനുമതി നിഷേധിക്കാൻ കാരണമെന്ന് ഗവര്‍ണര്‍ അറിയിച്ചു. ഗവര്‍ണറെ വിശ്വാസത്തിലെടുക്കുമെന്ന് കാര്‍ഷിക പ്രശ്നം അടിയന്തര പ്രധാന്യമുള്ളതെന്നും മന്ത്രിമാര്‍ വ്യക്തമാക്കി.

ക്രിസ്മസ് കേക്കുമായിട്ടാണ് മന്ത്രിമാർ ഗവർണറെ കണ്ടത്. നിയമമന്ത്രി എകെ ബാലൻ, വിഎസ് സുനിൽകുമാർ എന്നിവരാണ് ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. പൊലീസ് നിയമ ഭേദഗതി തദ്ദേശ വാർഡ് വിഭജനം ഓർഡിനൻസ് ഇറക്കി പിന്‍വലിച്ചത് ഗവർണർ മന്ത്രിമാരെ ഓർമിപ്പിച്ചു. എന്നാല്‍, ഓർഡിനൻസ് പിൻവലിക്കാൻ ഉള്ള സാഹചര്യം മന്ത്രിമാർ വിശദീകരിച്ചു. ഗവർണറെ വിശ്വാസത്തിൽ എടുത്ത് മാത്രം ആണ് സർക്കാർ പ്രവർത്തനം എന്ന് മന്ത്രിമാർ അറിയിച്ചു. കർഷക പ്രശ്നം അടിയന്തിര പ്രാധാന്യം ഉള്ള കാര്യമാണന്നും മന്ത്രിമാർ വ്യക്തമാക്കി.

ഈ മാസം 31 നു പ്രത്യേക നിയമ സഭാ സമ്മേളനം വിളിക്കണം എന്ന സർക്കാരിന്റെ ശുപാർശയിൽ ഗവർണറുടെ തീരുമാനം നിർണ്ണായകമാണ്. കാർഷിക നിയമ ഭേദഗതി അതീവ പ്രാധാന്യത്തോടെ സഭ ചർച്ച ചെയ്യേണ്ട അടിയന്തിര വിഷയമാണെന്നാണ് സർക്കാരിന്റെ ശുപാർശ. എന്നാൽ ജനുവരിയിൽ ചേരുന്ന സമ്മേളനത്തിൽ ചർച്ച പോരെ എന്ന നിലപാട് ഗവർണർ നേരത്തെ എടുത്തതാണ്. രണ്ടാമതും ശുപാർശ വന്നതിനാൽ ഗവർണർ വഴങ്ങും എന്നാണ് സർക്കാർ പ്രതീക്ഷ. ഗവർണർ അനുമതി വീണ്ടും നിഷേധിച്ചാൽ നിയമ നടപടി സർക്കാർ ആലോചിക്കും.