Asianet News MalayalamAsianet News Malayalam

പരാതികളില്ലാതെ എസ്എസ്എൽസി പരീക്ഷ പൂർത്തിയായി, ആഘോഷങ്ങളില്ലാതെ വിദ്യാർത്ഥികൾ മടങ്ങി

കൊവിഡ് സുരക്ഷ, പരീക്ഷയുടെ നടത്തിപ്പ്, ഏകോപനം എന്നിവയെ കുറിച്ചെല്ലാം സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് പരാതികളില്ലാതെ പരീക്ഷാ നടത്തിപ്പ് പൂർത്തിയാക്കിയത്

Kerala SSLC exam completed
Author
Thiruvananthapuram, First Published May 28, 2020, 7:39 PM IST

തിരുവനനന്തപുരം: യൂനിഫോമിൽ പേരെഴുതിയും ആർപ്പുവിളിച്ചും എസ്എസ്എൽസി പരീക്ഷയുടെ അവസാന നാളിൽ വിദ്യാലയങ്ങളിൽ കാണാറുള്ള പതിവ് ആഘോഷങ്ങൾ ഇക്കുറിയുണ്ടായില്ല. കൊവിഡിനെ തുടർന്ന് മാറ്റിവച്ച പരീക്ഷകൾ അവസാനിച്ചപ്പോൾ, വിദ്യാർത്ഥികൾ കൊവിഡ് മാർഗനിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് വീടുകളിലേക്ക് മടങ്ങി.

ലോക്ഡൗൺ മൂലം മാറ്റിവച്ച പരീക്ഷ നടത്താൻ സർക്കാർ തീരുമാനിച്ചത് നിരവധി ചോദ്യങ്ങളുയർത്തിയിരുന്നു. കൊവിഡ് സുരക്ഷ, പരീക്ഷയുടെ നടത്തിപ്പ്, ഏകോപനം എന്നിവയെ കുറിച്ചെല്ലാം സംശയങ്ങളും ആശങ്കകളും ഉണ്ടായിരുന്നു. എന്നാൽ എല്ലാ പ്രതിസന്ധികളെയും അതിജീവിച്ചാണ് പരാതികളില്ലാതെ പരീക്ഷാ നടത്തിപ്പ് പൂർത്തിയാക്കിയത്.

സംസ്ഥാനത്തെ വിവിധ വകുപ്പുകളുടെ സഹായത്തോടെ വിദ്യാഭ്യാസ വകുപ്പിന് പരീക്ഷ വിജയകരമായി പൂർത്തിയാക്കാനായത് നേട്ടമായി. ചിട്ടയായുളള ആസൂത്രണവും പിഴവുകളില്ലാത്ത നടപ്പാക്കലും ഇതിന് നേട്ടമായി. കണക്ക്, ഫിസിക്സ്, കെമിസ്ട്രി പരീക്ഷകളായിരുന്നു കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി നടന്നത്. 
പരീക്ഷകൾക്ക് 99.9 ശതമാനം വിദ്യാർത്ഥികളുടെയും പങ്കാളിത്തം ഉറപ്പാക്കാനായത് വിദ്യാഭ്യാസ വകുപ്പിനും സർക്കാരിനും അഭിമാനത്തിന് വക നൽകുന്ന കാര്യമാണ്.  അതേസമയം സംസ്ഥാനത്തെ ഹയർ സെക്കന്ററി, വിഎച്ച്എസ്ഇ പരീക്ഷകൾ നാളെയും മറ്റന്നാളും കൂടിയുണ്ട്.

Follow Us:
Download App:
  • android
  • ios