Asianet News MalayalamAsianet News Malayalam

'ബഡായിയുടെ ഇടത് ബദൽ' ശമ്പളം ചോദിച്ചതിന് സ്ഥലം മാറ്റം, വാഗ്ധാനങ്ങളിൽ മലയാളികളെ വിഡ്ഡികളാക്കിയ ദിനം: യൂത്ത് ലീഗ്

ഇന്ധന സെസ് വര്‍ധനയടക്കമുള്ള വിലക്കയറ്റങ്ങൾക്കെതിരെ യൂത്ത് ലീഗ്. കഴിഞ്ഞ ബജറ്റിൽ പിണറായി സർക്കാർ പ്രഖ്യാപിച്ച വിലക്കയറ്റങ്ങൾ ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ പ്രാബല്യത്തിൽ വരുന്നത് വിഡ്ഡി ദിനമായ ഇന്നായത് യാദൃശ്ചികമല്ലെന്നും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.

Kerala State  Muslim Youth League  against pinarayi vijayan government ppp
Author
First Published Apr 1, 2023, 4:32 PM IST


കോഴിക്കോട്: ഇന്ധന സെസ് വര്‍ധനയടക്കമുള്ള വിലക്കയറ്റങ്ങൾക്കെതിരെ യൂത്ത് ലീഗ്. കഴിഞ്ഞ ബജറ്റിൽ പിണറായി സർക്കാർ പ്രഖ്യാപിച്ച വിലക്കയറ്റങ്ങൾ ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ പ്രാബല്യത്തിൽ വരുന്നത് വിഡ്ഡി ദിനമായ ഇന്നായത് യാദൃശ്ചികമല്ലെന്നും യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് ഫേസ്ബുക്കിൽ കുറിച്ചു.  ഇന്ന് ലോക വിഡ്ഢി ദിനമാണ്. 'കഴിഞ്ഞ ബജറ്റിൽ പിണറായി സർക്കാർ പ്രഖ്യാപിച്ച വിലക്കയറ്റങ്ങൾ ഉൾപ്പെടെയുള്ള ജനദ്രോഹ നടപടികൾ പ്രാബല്യത്തിൽ വരുന്നതും ഇന്നുമുതലാണ്. രണ്ടും ഒരേദിവസം വന്നത് യാദൃച്ഛികമല്ല. വാഗ്ദാനങ്ങൾ മാത്രം നൽകി ഇടതുപക്ഷം മലയാളികളെ ഒന്നടങ്കം വിഡ്ഢികളാക്കിയ ദിനം കൂടിയാണ് ഏപ്രിൽ ഒന്നെന്ന് ചരിത്രം പറയും. ബഡായിയുടെ ഇടത് ബദൽ..'- എന്നായിരുന്നു അദ്ദേഹത്തിന്റെ കുറിപ്പ്.

അതേസമയം,  ശമ്പളം ലഭിക്കാത്തതിന് ഡ്യൂട്ടിക്കിടെ ബാഡ്ജ് കുത്തി പ്രതിഷേധിച്ച വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി സ്വീകരിച്ചതിനെയും യൂത്ത് ലീഗ് പരിഹസിച്ചു.  'പിണറായിക്കാലത്തെ മറ്റൊരു ക്രൂരത.  ചെയ്ത ജോലിക്ക് ശമ്പളം തരാത്തത് ചോദ്യം ചെയ്തതിന് കെ എസ് ആർ ടി സി കണ്ട്കടർക്ക് സ്ഥലമാറ്റം നൽകി ശിക്ഷിച്ചു.. 'ശമ്പള രഹിത സേവനം നാൽപ്പത്തൊന്നാം ദിവസം' എന്നെഴുതിയ കടലാസ് യൂണിഫോമിൽ തൂക്കി ജോലി ചെയ്ത കണ്ടക്ടർ അഖില എസ് നായരെ കെ എസ് ആർ ടി സി വൈക്കം ഡിപ്പോയിൽ നിന്ന് പാലാ ഡിപ്പോയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറക്കി. ശമ്പളം നൽകിയില്ലെന്ന് മാത്രമല്ല, അത് ചോദ്യം ചെയ്തതിനു തൊഴിയും..'- എന്നാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ യൂത്ത് ലീഗ് കുറിച്ചിരിക്കുന്നത്. 

Read more:  കോളേജ് വനിതാ ഹോസ്റ്റൽ വാട്ടര്‍ ടാങ്കിനടുത്ത് കഞ്ചാവ് വയ്ക്കും, ആവശ്യക്കാര്‍ പണംവച്ച് എടുക്കും, യുവാവ് പിടിയിൽ

അഖിലയെ സ്ഥലംമാറ്റിയ ഉത്തരവില്‍ പറയുന്നത് ഇങ്ങനെ: ''11.01.2023ന് വൈക്കം ഡിപ്പോയിലെ 08.30 കളക്ടറേറ്റ് സര്‍വീസ് പോയ കണ്ടക്ടര്‍ അഖില എസ് നായര്‍ ഒരു ജീവനക്കാരി എന്ന നിലയില്‍ പാലിക്കേണ്ട ചട്ടങ്ങള്‍ക്ക് വിരുദ്ധമായി സ്വന്തം നിലയില്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും എതിരെ പ്രതിഷേധിച്ച് 'ശമ്പളരഹിത സേവനം 41-ാം ദിവസം' എന്ന ബാഡ്ജ് ധരിച്ച് ഡ്യൂട്ടി നിര്‍വഹിക്കുകയും ആയത് നവമാധ്യമങ്ങള്‍ വഴി പ്രചരിക്കപ്പെടുകയും, അതിലൂടെ സര്‍ക്കാരിനെയും കോര്‍പ്പറേഷനെയും അപകീര്‍ത്തിപ്പെടുത്തുന്നതിന് ഇടവരികയും ചെയ്തു. പ്രവൃത്തിയിലൂടെ അച്ചടക്ക ലംഘനം നടത്തിയതായി ബോധ്യപ്പെട്ടു. മേല്‍ക്കാരണങ്ങളാല്‍ അഖില നായരെ ഭരണപരമായ സൗകര്യാര്‍ത്ഥം പാലാ യൂണിറ്റിലേക്ക് സ്ഥലം മാറ്റി കൊണ്ട് ഉത്തരവിടുന്നു.''

Follow Us:
Download App:
  • android
  • ios