Asianet News MalayalamAsianet News Malayalam

യൂത്തിനിഷ്ടം യുകെ, പുതിയൊരു കുടിയേറ്റ അധ്യായമോ ഇത്? വിദ്യാഭ്യാസ വായ്പാ തുക മൂന്നിരട്ടിയായി, കണക്കുകളിങ്ങനെ

രാജ്യം വിട്ട് പഠിക്കാനായി പറന്ന് വിദേശത്തേക്ക് കുടിയേറുന്ന മലയാളിയുവാക്കളുടെ എണ്ണത്തിൽ കൊവിഡിന് ശേഷം വലിയ വർധനവാണുണ്ടായത്. ഇതോടെ സംസ്ഥാനത്തെ ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് മൂന്നിരട്ടിയായതായാണ് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്കുകൾ

Kerala students migration trend to foreign countries, educational loans given by banks has tripled in three years
Author
First Published Jan 20, 2024, 8:48 AM IST

കൊച്ചി: വിദേശപഠനം തെരഞ്ഞെടുക്കുന്ന വിദ്യാർത്ഥികളുടെ എണ്ണം കൂടിയതോടെ സംസ്ഥാനത്തെ ബാങ്കുകൾ നൽകിയ വിദ്യാഭ്യാസ വായ്പാ തുക മൂന്ന് വർഷം കൊണ്ട് മൂന്നിരട്ടിയായി. വിദേശത്ത് പഠിക്കാനായി പോകുന്നവരിൽ ഇടത്തരം സാമ്പത്തിക പശ്ചാത്തലമുള്ളവരുടെയും, പെൺകുട്ടികളുടെയും എണ്ണം കൂടുകയാണ്. കുടിയേറ്റ അധ്യായത്തിന്‍റെ മാറുന്ന സാമൂഹ്യചിത്രമാണ് ഇതിലൂടെ വ്യക്തമാകുന്നത്. ദേശീയതലത്തിൽ നാല് ശതമാനം മാത്രമാണ് സംസ്ഥാനത്ത് നിന്നുള്ള വിദേശ കുടിയേറ്റമെന്ന് സർക്കാർ വിശദീകരിക്കുമ്പോഴും പഠിക്കാനായി പോകുന്നവരിൽ വലിയ ശതമാനവും തിരിച്ചെത്തുന്നില്ലെന്ന കണക്കുകളിലാണ് ചർച്ചകൾ വേണ്ടത്. ഇവിടെ അര്‍ധരാത്രി പുറത്തിറങ്ങിയാല്‍ എവിടേക്കാ പോകുന്നത് എന്തിനാ പോകുന്നത് എന്ന ചോദ്യങ്ങളാണ് നാട്ടുകാരില്‍നിന്നുണ്ടാകുകയെന്നും വിദേശത്താണെങ്കില്‍ അവിടെ വ്യക്തികള്‍ക്ക് സ്വാതന്ത്ര്യം നല്‍കുന്നുണ്ടെന്നുമാണ് വിദേശത്തേക്ക് പോകാനായി കൊച്ചിയിലെ ഐഇഎല്‍ടിഎസ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥിനികള്‍ പറയുന്നത്.

ഇവിടെ നില്‍ക്കാനാണ് ഇഷ്ടമെങ്കിലും ഭാവി മുന്നില്‍കണ്ടാണ് പുറത്തേക്ക് പോകാന്‍ ശ്രമിക്കുന്നതെന്നും ഇവര്‍ പറയുന്നു. വിദേശ ഭാഷാ പഠനം പൂര്‍ത്തിയാക്കി വേഗം ഇവിടെനിന്ന് പറക്കാനാണ് ഇവര്‍ ആഗ്രഹിക്കുന്നത്.കൊച്ചി സ്വദേശി ജോസഫ് ബെനഡിക്ടിന്‍റെ മകൻ പീറ്റർ ഹാവിലോ കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് പഠനത്തിനായി കാനഡയിലേക്ക് പറന്നത്. കുസാറ്റിൽ നിന്നാണ് പീറ്റർ ബിടെക് സിവിൽ എഞ്ചിനീയറിംഗ് പാസായത്. സർക്കാർ ജോലിയ്ക്കായി ശ്രമിച്ചെങ്കിലും നടന്നില്ല. സ്വകാര്യ കമ്പനിയിലെ ജോലിയിലും രക്ഷയില്ല. ഇതോടെയാണ് വിദ്യാഭ്യാസ വായ്പയിൽ കാനഡയിലേക്ക് പോയത്. മെഡിക്കൽ റെപ്രസെന്‍റീവായ ജോസഫ് മകന്‍റെ ആഗ്രഹത്തിനൊപ്പം നിന്നു. അധ്യാപന ജോലിക്ക് പോലും ലക്ഷങ്ങള്‍ കൊടുക്കേണ്ട അവസ്ഥയാണുള്ളതെന്നും പിഎസ്‍സിക്ക് വേണ്ടി കുറെ ശ്രമിച്ചെങ്കിലും ഒടുവില്‍ വിദേശത്തേക്ക് പോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നുമാണ് വിദേശത്ത് പഠനത്തിനായി പോയവരുടെ പ്രതികരണം.

രാജ്യം വിട്ട് പഠിക്കാനായി പറന്ന് വിദേശത്തേക്ക് കുടിയേറുന്ന മലയാളിയുവാക്കളുടെ എണ്ണത്തിൽ കൊവിഡിന് ശേഷം വലിയ വർധനവാണുണ്ടായത്. ഇതോടെ സംസ്ഥാനത്തെ ബാങ്കുകളിലെ വിദ്യാഭ്യാസ വായ്പ കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് മൂന്നിരട്ടിയായതായാണ് സ്റ്റേറ്റ് ലെവൽ ബാങ്കേഴ്സ് കമ്മിറ്റിയുടെ കണക്കുകൾ. 2021മുതൽ വായ്പകളുടെ എണ്ണം കാര്യമായി കൂടിയില്ലെങ്കിലും തുക മൂന്നിരട്ടിയായത് വലിയ തുക വായ്പ വേണ്ട വിദേശ വിദ്യാഭ്യാസത്തിനെന്നാണ് കണക്കുകളിൽ വ്യക്തമാകുന്നത്. കൊച്ചിയിലെ സെന്‍റർ ഫോർ പബ്ലിക് പോളിസി റിസർച്ച് കാനഡിലെയും,യൂറോപ്യൻ രാജ്യങ്ങളിലുള്ള 104 മലയാളി വിദ്യാർത്ഥികളിൽ നടത്തിയ സർവ്വേയിൽ മാറുന്ന ചിന്തകൾ വ്യക്തമാവുകയാണ്. നാട്ടിലേക്ക് മടങ്ങിയേക്കാമെന്ന സൂചന നൽകിയത് 16 ശതമാനം മാത്രം. വിദേശത്തെത്തിയ മലയാളി വിദ്യാർത്ഥികളിൽ വനിത പങ്കാളിത്തം 32ശതമാനമായി ഉയർന്നു.

2018ൽ പഠിക്കാനും ജോലിക്കായുമെത്തിയ വനിതകൾ 15ശതമാനം മാത്രമായിരുന്നു. 5ലക്ഷത്തിൽ താഴെ പ്രതിവർഷ വരുമാനമുള്ള കുടുംബത്തിലെ 59ശതമാനം വിദ്യാർത്ഥികളാണ് വിദേശപഠനത്തിന് എത്തിയത്.വൻതുക ഫീസിനത്തിൽ രാജ്യത്തിന് പുറത്തേക്ക് പോകുകയാണ് വിദ്യാര്‍ത്ഥികള്‍. ഇവര്‍ തിരിച്ച് വരവില്ലെങ്കിൽ നാട്ടിലെ സമ്പദ്ഘടനയിലേക്കുള്ള പങ്കാളിത്തവും കുറയും നാട്ടിലെ പ്രശ്നങ്ങളാണോ ഈ കുടിയേറ്റത്തിന് കാരണമെന്നും ഇത് ഭാവികേരളത്തെ ഇത് എങ്ങനെ മാറ്റിയെഴുതുമെന്ന കാര്യവും ഉള്‍പ്പെടെ പരിശോധിക്കപ്പെടേണ്ടതാണ്.

ജപ്പാന്‍റെ 'മൂൺ സ്നൈപ്പര്‍' സ്ലിം ചന്ദ്രനിലിറങ്ങി, ഉദ്വേഗത്തിന്‍റെ നിമിഷങ്ങൾ, വിജയമുറപ്പിക്കാന്‍ കാത്തിരിപ്പ്

 

Latest Videos
Follow Us:
Download App:
  • android
  • ios