ആദിവാസി കോളനികളില്‍ അടക്കം നിരവധി പേര്‍ ദുരിതജീവിതം നയിക്കുന്പോള്‍ തിരക്ക് പിടിച്ചു നടത്തുന്ന പ്രഖ്യാപനം കേവലമായ അവകാശ വാദം മാത്രമാകുമെന്ന വിമര്‍ശനം താഴെ തട്ടിലുണ്ട്.
കോഴിക്കോട്: രാജ്യത്തെ ആദ്യ അതിദാരിദ്ര്യ മുക്ത സംസ്ഥാനമെന്ന പ്രഖ്യാപനം കേരളം നാളെ നടത്താനൊരുങ്ങുമ്പോഴും അതീവ ദുരിതാവസ്ഥയില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ ഇപ്പോഴുമുണ്ട്. അതിദരിദ്രര്‍ക്കായി തയ്യാറാക്കിയ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാന്‍ അര്‍ഹതയുള്ള പലരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല. ആദിവാസി കോളനികളില്‍ അടക്കം നിരവധി പേര്‍ ദുരിതജീവിതം നയിക്കുന്പോള്‍ തിരക്ക് പിടിച്ചു നടത്തുന്ന പ്രഖ്യാപനം കേവലമായ അവകാശ വാദം മാത്രമാകുമെന്ന വിമര്‍ശനം താഴെ തട്ടിലുണ്ട്.
കോടഞ്ചേരി പഞ്ചായത്തിലെ വട്ടച്ചിറ പണിയ കോളനിയിലെ ബിന്ദു വീടിനായുള്ള കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷങ്ങളായി. സര്‍ക്കാരില്‍ നിന്ന് വീട് പാസായെന്ന അറിയിപ്പ് കിട്ടിയതോടെയായിരുന്നു താമസിച്ചിരുന്ന കൊച്ചുകൂര പൊളിച്ച് പ്ലാസ്റ്റിക് വലിച്ചുകെട്ടിയ ഷെഡിലേക്ക് മാറിയത്. എന്നാല്‍ നിര്‍മിതി കേന്ദ്ര തുടങ്ങിയ വീട് പണി തറയില്‍ തന്നെ ഒടുങ്ങി. കരാറുകാര്‍ ഈ വഴി വരാറായി. തറയില്‍ കാട് കയറിത്തുടങ്ങി. ഇതിനിടെ കാറ്റിലും മഴയിലും തകര്‍ന്ന ഷെഡ് പല വട്ടം മാറ്റി. വീട്ടുമുറ്റം വരെയത്തുന്ന കാട്ടാനക്കൂട്ടം ഏത് നിമഷവും ഷെഡ് തകര്‍ക്കാമെന്ന ഭിതിയില്‍ ബിന്ദു ഏഴാം ക്ലാസില്‍ പഠിക്കുന്ന ഏക മകളെ പേരമ്പ മുതുകാടുളള സ്വന്തം വീട്ടിലാക്കി. ഭര്‍ത്താവ് ബാബൂ വയറിന് രണ്ട് വട്ടം ശസ്തക്രിയ കഴിഞ്ഞുളള തുടര്‍ ചികിത്സകളില്‍ ആയതിനാല്‍ മിനിക്ക് വല്ലപ്പോഴും മാത്രമെ കൂലിവേലയ്ക്ക് പോകാനാകൂ. ഇത്രയെല്ലാമായിട്ടും ബാബുവും ബിന്ദുവും സര്‍ക്കാര്‍ തയ്യാറാക്കിയ അതിദരിദ്രരുടെ പട്ടികയിലില്ല.
യാതൊരു വരുമാന മാര്‍ഗ്ഗങ്ങളോ വീട് ഉള്‍പ്പെടെയുളള അടിസ്ഥാന സൗകര്യങ്ങളോ ഇല്ലാത്തവരും ആഹാരത്തിന് പോലും മറ്റുള്ളവരെ ആശ്രയിക്കേണ്ടി വരുന്നുവരുമെല്ലാമാണ് അതിദരിദ്രരെന്നാണ് സര്‍ക്കാര്‍ മാനദണ്ഡം. ഇതുപ്രകാരം കോടഞ്ചേരി പഞ്ചായത്ത് തയ്യാറാക്കിയ പട്ടികയില്‍ 72 കുടുംബങ്ങളാണ് ഉള്‍പ്പെട്ടത്. വീടില്ലാത്ത 8 കുടുംബങ്ങള്‍ക്ക് വീടും മറ്റുള്ളവര്‍ക്ക് അവര്‍ നേരിടുന്ന ക്ളേശ ഘടകങ്ങള്‍ മറികടക്കാനാവശ്യമായ സഹായവും നല്‍കാനായെങ്കിലും അതീവ ദുരതത്തില്‍ കഴിയുന്ന നിരവധി കുടുംബങ്ങള്‍ പട്ടികയ്ക്ക് പുറത്തുണ്ട് എന്ന യാഥാര്‍ത്ഥ്യം പഞ്ചായത്ത് ഭരണസമിതി സമ്മതിക്കുന്നു.
കേരളത്തില്‍ അതി ദരിദ്ര വിഭാഗക്കാരായി കണ്ടെത്തിയ 64,000 ത്തോളം കുടുംബങ്ങളില്‍ വട്ടച്ചിറ കോളനിയിലെ ബിന്ദുവിനെ പോലെ 5% മാത്രമേ ആദിവാസി വിഭാഗങ്ങളിലുളളവര്‍ ഉളളൂ എന്നാണ് ഈ രംഗത്തെ സംഘടനകളുടെ കണക്ക്. ഗോത്രവർഗ്ഗ വിഭാഗങ്ങൾ ഏറെയുള്ള വയനാട്ടിൽ പണിയ, അടിയ, കാട്ടുനായ്ക്ക, വേട്ടക്കുറുമ തുടങ്ങിയവരിൽ ബഹുഭൂരിപക്ഷവും ഭൂരഹിതരും, ഭവന രഹിതരും, തൊഴിൽ രഹിതരുമാണെങ്കിലും ഏറെ പേരും പട്ടികയ്ക്ക് പുറത്താണ്. ഇവരോകട്ടെ പുഴയോരങ്ങളിലും പുറമ്പോക്കുകളിലും വനാതിർത്തികളിലുമുള്ള ചോർന്നൊലിക്കുന്ന കൂരകളിൽ താമസിക്കുന്നവരും. അരിവാള്‍ രോഗം ഉള്‍പ്പെടെ ബാധിച്ച് തൊഴിലെടുക്കാനാവാത്തവരും പോഷകാഹാര കുറവ് നേരിടുന്ന കുട്ടികളും ഏറെയാണ്.
ഇത്തരത്തിലുള്ള മനുഷ്യര്‍ പുറത്ത് നില്‍ക്കെ സര്‍ക്കാര്‍ നടത്താനിരിക്കുന്ന പ്രഖ്യാപനം എങ്ങനെ യാഥാര്‍ത്ഥ്യബോധത്തോടെയാകുമെന്നതാണ് താഴെ തട്ടിലുയരുന്ന ചോദ്യം. അതേസമയം, പട്ടികയില്‍ ഉള്‍പ്പെട്ടവരെ അവര്‍ നേരിടുന്ന പ്രതിസന്ധികളില്‍ നിന്ന് കരകയറ്റാനായി കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങള്‍ നിരവധി മനുഷ്യര്‍ക്ക് വലിയ ആശ്വാസം പകര്‍ന്നിട്ടുമുണ്ട്. ലൈഫ് പദ്ധതിയില്‍ പേര് ഉള്‍പ്പെടാതെ പോയ നടുവണ്ണൂര്‍ പഞ്ചായത്തിലെ സുജാതയ്ക്ക് വീടിന് വഴിയൊരുക്കിയത് അതി ദരിദ്രര്‍ക്കായി തയ്യാറാക്കിയ പ്രത്യേക പദ്ധതിയായിരുന്നു.
കനാല്‍ മുറിച്ചുകടക്കാന്‍ വഴിയില്ലാതെ പ്രയാസം നേരിട്ടിരുന്ന ഇതേ പഞ്ചായത്തിലെ തന്നെ ഒരു കുടുംബത്തിന് നടപ്പാലം ഒരുക്കിയതും ഇതേ പദ്ധതിയിലൂടെ വകയിരുത്തിയ തുക ഉപയോഗിച്ചാണ്. ഇത്തരത്തില്‍ നിരവധി മനുഷ്യരുടെ മുഖത്ത് പുഞ്ചിരി തെളിയുമ്പോഴും ഇതേ പട്ടികയില്‍ ഉള്‍പ്പടാതെ പോയ നിരവധി പേരുടെ നിസഹായ മുഖങ്ങളും സര്‍ക്കാരിന്‍റെ പ്രഖ്യാപന വേളയില്‍ ചോദ്യചിഹ്നമായി മാറുന്നുണ്ട്.



