തിരുവനന്തപുരം: തമിഴ്നാട് തീരത്തെ രണ്ട് ന്യൂനമര്‍ദ്ദങ്ങളുടെ സാന്നിധ്യം കൊണ്ട്  സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത. സംസ്ഥാനത്ത് തിങ്കളാഴ്ച മുതല്‍ കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ അറിയിക്കുന്നത്. എറണാകുളം, ഇടുക്കി, മലപ്പുറം, തൃശ്ശൂര്‍ എന്നീ ജില്ലകളിലാണ് കനത്ത മഴയ്ക്ക് സാധ്യയതയുള്ളത്. ഇവിടെയെല്ലാം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 

ശ്രീലങ്കൻ തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദത്തിനു പുറമേ തെക്ക് കിഴക്കൻ‍ ശ്രീലങ്കയോട് ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് നാളെയോടെ ഒരു ന്യൂനമര്‍ദം കൂടി രൂപപ്പെടും എന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. ഇത് 36 മണിക്കൂറില്‍ അതിതീവ്ര ന്യൂനമര്‍ദമാകും. തമിഴ്നാട് തീരത്ത് ഇത് ചുഴലിക്കാറ്റിനും കാരണമായേക്കും. ചുഴലിക്കാറ്റ് കേരളത്തെ ബാധിക്കില്ലെങ്കിലും തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ കേരളത്തില്‍ ശക്തമായ മഴ ഉണ്ടാകും. 

നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിന് പിന്നാലെ 9 ജില്ലകളില്‍ ഉരുള്‍പൊട്ടലിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് .അതിനിടെ സംസ്ഥാനത്തുടനീളം രൂക്ഷമായ കടല്‍ക്ഷോഭം തുടരുകയാണ്. തിരുവനന്തപുരത്തെ തീരമേഖലകളില്‍ 200ലേറെ വീടുകള്‍ കടലാക്രമണ ഭീഷണിയിലാണ്. ഇതുവരെ ഇരുപത് വീടുകള്‍ ഇവിടെ തകര്‍ന്നു കഴിഞ്ഞു. റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ തീരപ്രദേശത്ത് ഇന്ന് സന്ദര്‍ശനം നടത്തി.