രണ്ട് രാത്രിയും രണ്ട് പകലും പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഇന്ന് ഉച്ചയോടെയാണ് സൈന്യം രക്ഷിച്ചത്. റോപ്പിലൂടെ രക്ഷിച്ച യുവാവിനെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
പാലക്കാട്: മലമ്പുഴയില്‍ (Malampuzha) മലയിടുക്കില്‍ നിന്ന് സൈന്യം രക്ഷപ്പെടുത്തിയ ബാബുവിന്‍റെ (Babu) ആരോഗ്യനില തൃപ്തികരം. ഇസിജി ഉൾപ്പടെയുള്ള പരിശോധനാ ഫലം നോർമലെന്ന് ഡോക്ടർ പറഞ്ഞു. രണ്ട് രാത്രിയും രണ്ട് പകലും പാറയിടുക്കിൽ കുടുങ്ങിയ ബാബുവിനെ ഇന്ന് ഉച്ചയോടെയാണ് സൈന്യം രക്ഷിച്ചത്. റോപ്പിലൂടെ രക്ഷിച്ച യുവാവിനെ ഹെലികോപ്ടറില്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
രാജ്യത്തെ ഏറ്റവും മികച്ച പർവ്വതാരോഹകർ അടങ്ങുന്ന രണ്ട് കരസേനാ സംഘങ്ങൾ രാവിലെ 9.05 നാണ് മലയിടുക്കില്‍ കുടുങ്ങിയ ബാബുവിന് അരികിലെത്തിയത്. ആയിരം മീറ്റർ ഉയരമുള്ള മലയുടെ ഉച്ചിയിൽ നിന്ന് റോപ്പിൽ സൈനികനായ ബാലകൃഷ്ണ ഊർന്നിറങ്ങി ബാബുവിന് അരികിലെത്തി. ആദ്യം ഭക്ഷണവും വെള്ളവും നൽകി. പിന്നെ റോപ്പിൽ ബാബുവിനെ സുരക്ഷിതമായി ബന്ധിപ്പിച്ചു. ചെങ്കുത്തായ മലയുടെ മുകളിലേക്ക് സൈന്യത്തിന്‍റെ കരങ്ങളിൽ സുരക്ഷിതനായി ബാബു പിടിച്ചു കയറി. ഒരു വ്യക്തിയെ രക്ഷിക്കാൻ കേരളം കണ്ട അസാധാരണമായ രക്ഷാ ദൗത്യമാണ് മലമ്പുഴയിൽ നടന്നത്. കേന്ദ്ര സേനകളെ ഒന്നൊന്നായി എടുത്ത് പറഞ്ഞ് രക്ഷാ ദൗത്യത്തിൽ പങ്കെടുത്തവർക്ക് മുഖ്യമന്ത്രി നന്ദി പറഞ്ഞു.
