എഡിജിപിക്കാണ് പ്രോഗ്രാം കമ്മിറ്റി കൺവീനറും എസ്എഫ്ഐ ജില്ലാ പ്രസിഡൻ്റുമായ നന്ദന്‍ പരാതി നൽകിയത്. കോഴ ഇടപാടിൻ്റെ തെളിവുകൾ സഹിതമാണ് പരാതി നൽകിയതെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചു. 

തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവ കോഴയിൽ അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസിന് സംഘാടക സമിതി പരാതി നൽകി. സംഘാടക സമിതി കണ്‍വീനറും എസ്എഫ്ഐ ജില്ലാ പ്രസിഡന്‍റുമായ എം എ നന്ദനാണ് പരാതി നൽകിയത്. നിലവിൽ കന്‍റോണ്‍മന്‍റ് പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. ഇതിന് പുറമേയാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലൻസ് ഡയറക്ടക്ക് പരാതി നൽകിയത്. സമ്മാനങ്ങള്‍ക്കുവേണ്ടി കോഴ ഇടപാട് നടന്നതായുള്ള തെളിവുകൾ സഹിതം നൽകിയാണ് പരാതി. ചില മാനേജുമെൻ്റുകളും സമ്മാനം നേടാൻ പണ ഇടപാട് നടത്തിയെന്നും പരാതിയിൽ ആരോപിക്കുന്നു. സംഘാടകർക്കെതിരയും വ്യക്തിപരമായ ആരോപണങ്ങള്‍ ഉയർന്ന സാഹചര്യത്തിലാണ് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടതെന്ന് എസ്എഫ്ഐ നേതൃത്വം അറിയിച്ചത്.

കേരള സർവകലാശാല കലോത്സവം അവസാനിച്ചതിന് പിന്നാലെ അഴിമതി ആരോപണം ശക്തമായി ഉയര്‍ന്നിരുന്നു. ആരോപണം ശരിവയ്ക്കുന്ന വാട്സാപ്പ് സന്ദേശങ്ങളും ഇന്നലെ പുറത്ത് വന്നു. വിദ്യാർത്ഥികളും അധ്യാപകരും ഉൾപ്പെടുന്ന ഗ്രൂപ്പുകളിലാണ് ശബ്ദരേഖ അടക്കമുള്ള സന്ദേശങ്ങൾ പ്രചരിക്കുന്നത്. ടീമുകളെ തിരിച്ചറിയാനുള്ള രേഖകൾ സഹിതം വിധികർത്തകൾക്ക് നൽകിയെന്ന് സംശയിക്കുന്ന സ്ക്രീൻ ഷോട്ടുകളും പ്രചരിപ്പിക്കുന്നുണ്ട്. മത്സരാർത്ഥികളും ഇടനിലക്കാരും തമ്മിലുള്ള ശബ്ദരേഖയാണ് പ്രചരിക്കുന്നത്. മാർഗംകളിയുടെ വിധി നിർണയത്തിന് പിന്നാലെയാണ് കോഴ ആരോപണം ഉയർന്നത്. വിധികർത്താക്കളുടെയും ഇടനിലക്കാരൻ്റെയും ഫോണുകൾ സംഘാടകർ പിടിച്ചെടുത്തിരുന്നു.