കൃത്രിമ കൈ വയ്ക്കാൻ എല്ലാ സഹായവും നൽകുമെന്ന് പ്രതിപക്ഷ നേതാവ്  വി ഡി സതീശൻ

പാലക്കാട്: പാലക്കാട്ടെ കുഞ്ഞുവിനോദിനിക്ക് പ്രതീക്ഷയുടെ പുതുവെളിച്ചം. പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് സഹായ ഹസ്തം നീട്ടിയിരിക്കുന്നത്. കൃത്രിമ കൈ ഘടിപ്പിക്കാനുള്ള മുഴുവൻ ചെലവും വഹിക്കാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ അറിയിച്ചു. ഇക്കാര്യം വിനോദിനിയുടെ കുടുംബത്തെ ഫോണിൽ വിളിച്ച് അറിയിച്ചതായും പ്രതിപക്ഷ നേതാവ് പറഞ്ഞു. കൃത്രിമ കൈ വയ്ക്കാനുള്ള നടപടികൾ ഇന്നുതന്നെ തുടങ്ങും. ഇതുമായി ബന്ധപ്പെട്ട നിർദ്ദേശം നൽകിയിട്ടുണ്ടെന്നും വി ഡി സതീശൻ പറഞ്ഞു. ഇത് റിപ്പോർട്ട് ചെയ്ത ഏഷ്യാനെറ്റ് ന്യൂസിന് നന്ദി എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കൃത്രിമകൈ വെക്കാൻ പണമില്ലാതെ വിഷമത്തിലായിരുന്നു കുട്ടിയുടെ വീട്ടുകാർ. കുടുംബത്തിന് ആകെ കിട്ടിയത് 2 ലക്ഷം രൂപ മാത്രമാണ്. കൈ മാറ്റിവെക്കുന്നതിനുള്ള സാമ്പത്തികം കുടുംബത്തിന് ഇല്ലെന്നും കളക്ടറെ കണ്ട് പരാതി അറിയിച്ചിട്ടുണ്ടെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. സഹോദരനൊപ്പം കളിക്കുന്നതിനിടെ നിലത്ത് വീണതായിരുന്നു ഒമ്പതു വയസുകാരി വിനോദിനി. സെപ്റ്റംബര്‍ 24നായിരുന്നു അപകടം.