Asianet News MalayalamAsianet News Malayalam

ഏറെ വിവാദമായ കേരള സർവകലാശാല അസിസ്റ്റന്‍റ് നിയമനക്കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി

കേരള സർവകലാശാലാ മുൻ വൈസ് ചാൻസലർ അടക്കമുള്ളവർ പ്രതിയായ കേസാണ് എഴുതിത്തള്ളിയത്. സിപിഎം ബന്ധമുള്ളവർക്ക് വഴിവിട്ട് നിയമനം നൽകിയെന്നതാണ് കേസ്. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടിയെന്ന് ക്രൈംബ്രാഞ്ച്.

kerala university assistant appointment case written off by crime branch
Author
Thiruvananthapuram, First Published Sep 19, 2020, 2:42 PM IST

തിരുവനന്തപുരം: ഏറെ വിവാദമായ കേരളസർവകലാശാല നിയമനത്തട്ടിപ്പ് കേസ് ക്രൈംബ്രാഞ്ച് എഴുതിത്തള്ളി. കേസ് നിലനിൽക്കില്ലെന്ന് നിയമോപദേശം കിട്ടിയതായും അതിനാൽ എഴുതിത്തള്ളുന്നുവെന്നും കാണിച്ച് ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകി. സർവകലാശാല മുൻ വൈസ് ചാൻസലറും റജിസ്ട്രാറും അ‌ഞ്ച് സിൻഡിക്കറ്റ് അംഗങ്ങളും അടക്കം പ്രതികളായ കേസാണ് എഴുതിത്തള്ളിയിരിക്കുന്നത്. സിപിഎം ബന്ധമുള്ള ആളുകൾക്ക് പരീക്ഷ പോലും എഴുതാതെ നിയമനം നൽകിയെന്ന കേസ് വലിയ കോളിളക്കമുണ്ടാക്കിയിരുന്നു.

അസിസ്റ്റന്‍റ് നിയമനത്തിൽ തട്ടിപ്പ് നടന്നുവെന്നാണ് ക്രൈംബ്രാഞ്ച് ആദ്യം നൽകിയ കുറ്റപത്രം. എന്നാൽ ഈ കുറ്റപത്രത്തിലെ പിഴവുകൾ ചൂണ്ടിക്കാട്ടി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് കെമാൽ പാഷ നിയമനം നേടിയവർക്ക് എതിരെയും അന്വേഷണം വേണമെന്ന് കാട്ടി ഉത്തരവിട്ടു, ഈ കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ആഴത്തിലുള്ള അന്വേഷണം കേസിൽ നടത്തണമെന്നായിരുന്നു ജസ്റ്റിസ് കെമാൽ പാഷയുടെ ഉത്തരവ്. നിയമനം ലഭിച്ചവരെ ചോദ്യം ചെയ്യാനോ, അവരുടെ മൊഴി രേഖപ്പെടുത്താനോ അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിച്ചിട്ടില്ല. ഇത് മതിയാകില്ല. വിശദമായ തുടരന്വേഷണം തന്നെ വേണം. അതിനാൽ നിലവിൽ സമർപ്പിച്ച കുറ്റപത്രം റദ്ദാക്കുന്നുവെന്നും ജസ്റ്റിസ് കെമാൽ പാഷ ഉത്തരവിട്ടു. 

ഇതനുസരിച്ച് തുടരന്വേഷണം നടത്തിയപ്പോഴാണ് കേസ് നിലനിൽക്കില്ലെന്നും വേണ്ടത്ര തെളിവില്ലെന്നും ക്രൈംബ്രാഞ്ചിപ്പോൾ കണ്ടെത്തിയിരിക്കുന്നത്. അത് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തിട്ടുണ്ട്.

മുൻ വൈസ് ചാൻസലർ ഡോ. എം കെ രാമചന്ദ്രൻ നായർ, പ്രോവിസി ഡോ. വി ജയപ്രകാശ്, സിൻഡിക്കേറ്റംഗങ്ങളും തെരഞ്ഞെടുപ്പ് സമിതി അംഗങ്ങളുമായിരുന്ന എ എ റഷീദ്, ബി എസ് രാജീവ്, എം പി റസ്സൽ, കെ എ ആൻഡ്രൂ, റജിസ്ട്രാറായിരുന്ന കെ എ ഹാഷിം എന്നിവരാണ് ഈ കേസിലെ പ്രതികൾ. ഇതിൽ എ എ റഷീദും, എം പി റസ്സലും സിപിഎം നേതാക്കളാണ്.

പരീക്ഷ എഴുതാത്തവർ പോലും കേരളസർവകലാശാലയിൽ നിയമനം നേടിയെന്നതായിരുന്നു കേസ്. പരീക്ഷ എഴുതാത്തവർ പക്ഷേ, ഇന്‍റർവ്യൂവിൽ പങ്കെടുത്തു, നിയമനം നേടി. പരീക്ഷ എഴുതിയവരുടെയെല്ലാം ഫലം പുറത്തുവന്നിട്ടില്ല. ഉത്തരപ്പേപ്പർ മൂല്യനിർണയത്തിന് അയച്ചത് തന്നെ 46 എണ്ണം കുറവായിരുന്നു. തിരിമറി നടത്തിയതിൽ അന്വേഷണം വന്നപ്പോൾ, വിരമിച്ച ശേഷം ലാപ്‍ടോപ്പ് മോഷണം പോയെന്ന് വിസി അന്വേഷണസംഘത്തെ ഒരു വർഷത്തിന് ശേഷം അറിയിച്ചത് വേറെ വിവാദമായി. ഇങ്ങനെ ഏറെ തിരിമറികൾ നടന്ന കേസാണ്, ഹൈക്കോടതി വിശദമായ തുടരന്വേഷണത്തിന് ഉത്തരവിട്ടിട്ടും തെളിവില്ലെന്ന് കാട്ടി എഴുതിത്തള്ളി ക്രൈംബ്രാഞ്ച് ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകിയിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios