Asianet News MalayalamAsianet News Malayalam

24 വർഷത്തിന് ശേഷം മാർ ഇവാനിയോസ് എസ്എഫ്ഐയിൽ നിന്ന് പിടിച്ചെടുത്ത് കെഎസ്‍യു, ലോ കോളേജിലും മുന്നേറ്റം

12 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവൺമെൻറ് കോളേജ് യൂണിയന്‍ കെഎസ്‍യു നേടി. അതേ സമയം ഏറ്റവും കൂടുതൽ യൂണിയനുകളുടെ ഭരണം എസ്എഫ്ഐക്കാണ്.

kerala university college union election result SSM
Author
First Published Nov 24, 2023, 10:47 PM IST

തിരുവനന്തപുരം: കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ തിരിച്ചുവരവ് നടത്തി കെഎസ്‍യു. മാർ ഇവാനിയോസ് കോളേജ് അടക്കം എസ്എഫ്ഐയുടെ കുത്തകയായിരുന്ന ക്യാമ്പസ്സുകളിൽ കെഎസ്‍യു ഭരണം പിടിച്ചു. അതേ സമയം ഏറ്റവും കൂടുതൽ യൂണിയനുകളുടെ ഭരണം എസ്എഫ്ഐക്കാണ്. 70 ഇൽ 56 കോളേജുകളിൽ ഭരണം നേടിയെന്ന് എസ്എഫ്ഐ അവകാശപ്പെട്ടു. 15 കോളേജുകളിൽ യൂണിയൻ ഭരണം നേടി എന്ന് കെഎസ്‍യുവും അവകാശപ്പെട്ടു. 

24 വർഷത്തിന് ശേഷമാണ് മാർ ഇവാനിയോസ് കോളേജ് ഭരണം കെഎസ്‍യു നേടിയത്. നേരത്തെ കെഎസ്‍യുവിന്‍റെ ശക്തി കേന്ദ്രങ്ങളിലൊന്നായിരുന്നു മാർ ഇവാനിയോസ് കോളേജ്. 1999ലാണ് എസ്എഫ്ഐ കെ‍എസ്‍യുവില്‍ നിന്ന് മാര്‍ ഇവാനിയോസ് പിടിച്ചെടുത്തത്. അതിനു ശേഷം ഇതുവരെ എസ്എഫ്ഐയുടെ കുത്തകയായിരുന്നു ഇത്. മാര്‍ ഇവാനിയോസിലെ മുഴുവൻ ജനറൽ സീറ്റുകളും കെഎസ്‍യു പിടിച്ചെടുത്തു. 

12 വർഷത്തിന് ശേഷം നെടുമങ്ങാട് ഗവൺമെൻറ് കോളേജ് യൂണിയനും കെഎസ്‍യു നേടി. തോന്നക്കൽ എ ജെ കോളേജിലും കെഎസ്‍യു ഭരണം പിടിച്ചു. ലോ കോളേജിൽ ചെയർമാൻ, വൈസ് ചെയർമാൻ, ജനറൽ സെക്രട്ടറി സീറ്റുകൾ കെഎസ്‍യു സ്വന്തമാക്കി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് തെരഞ്ഞെടുപ്പ് നടന്ന 16 ൽ ഏഴിടത്ത് വീതം കെഎസ്‍യുവും എസ്എഫ്ഐയും ജയിച്ചു. രണ്ടിടങ്ങളിൽ ജയിച്ചത് എബിവിപിയാണ്. യൂണിവേഴ്സിറ്റി കോളേജ്, വുമൺസ് കോളേജ്, ചെമ്പഴന്തി എസ്എൻ., കൊല്ലം എസ്എൻ അടക്കമുള്ള കോളേജുകൾ എസ്എഫ്ഐ നിലനിർത്തി. 

വര്‍ഷങ്ങളായി എസ്എഫ്ഐയുടെ കയ്യിലായിരുന്ന സീറ്റുകള്‍ പിടിച്ചെടുക്കാനായെന്ന് കെഎസ്‍യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ പ്രതികരിച്ചു. കണ്ണൂര്‍ യൂണിവേഴ്സിറ്റിയും കാലിക്കറ്റ് യൂണിവേഴ്സിറ്റിയും എംജി യൂണിവേഴ്സിറ്റിയും കടന്ന് കേരള യൂണിവേഴ്സിറ്റിയിലും ശക്തമായ മുന്നേറ്റം നടത്താനായെന്ന് അദ്ദേഹം പ്രതികരിച്ചു. 


Follow Us:
Download App:
  • android
  • ios