സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു.  

തിരുവനന്തപുരം: കേരള സർവ്വകലാശാല മുൻ വിസി ഡോ. ജെ. വി. വിളനിലം അന്തരിച്ചു. 87 വയസ്സായിരുന്നു. കുറച്ചു നാളായി കിടപ്പിലായിരുന്നു. തിരുവനന്തപുരം ശ്രീകാര്യം ഗാന്ധിപുര ത്താണ് താമസം. സംസ്ഥാനത്തു സർവ്വകലാശാലകളിൽ ക്രെഡിറ്റ് ആന്റ് സെമസ്റ്റർ സംവിധാനം ആദ്യമായി കൊണ്ട് വന്നത് വിളനിലമായിരുന്നു. വിദ്യാഭ്യാസ യോഗ്യത വ്യാജമെന്നാരോപിച്ചു എസ്എഫ്ഐ വിളനിലത്തിനെതിരെ സമരം നടത്തി. എന്നാൽ സർക്കാർ നിയോഗിച്ച കമ്മീഷൻ മതിയായ യോഗ്യത ഉണ്ടെന്നു ശരി വെക്കുകയായിരുന്നു. അന്യാധീനമായ സർവകലാശാല ഭൂമി തിരിച്ചു പിടിക്കാൻ ശ്രമിച്ചതിനെതിരെ സിപിഎമ്മും വിളനിലത്തിനെതിരെ രംഗത്തു വന്നിരുന്നു.

1935 ൽ സ്കൂൾ അധ്യാപകരായ ചാണ്ടി വർഗീസിന്‍റെയും ഏലിയാമ്മ വർഗീസിന്‍റെയും മകനായി ചെങ്ങന്നൂരിലായിരുന്നു ജോൺ വർഗീസ് വിളനിലത്തിന്‍റെ ജനനം. 12-ാം വയസ്സിൽ ലണ്ടൻ ചേംബർ ഓഫ് കൊമേഴ്സ് നടത്തിയ ഇംഗ്ലീഷ് ടൈപ്പ് റൈറ്റിംഗിലെ ഇന്‍റർനാഷണൽ പരീക്ഷയിൽ മികച്ച വിജയം നേടിയതാണ് സ്കൂൾ കാലഘട്ടത്തിലെ ആദ്യകാല നേട്ടം. ഇംഗ്ലീഷിലും മലയാളത്തിലും പ്രഭാഷണം, ഉപന്യാസ രചന, അഭിനയം മുതലായവയിൽ സമ്മാനങ്ങൾ നേടിയിട്ടുണ്ട്. സ്കൂളിലെ ഫുട്ബോൾ ടീമിലും അദ്ദേഹം അംഗമായിരുന്നു.

കുറച്ചുനാൾ മദ്രാസിലെ എംആർഎഫ് കമ്പനിയിലും ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം തന്‍റെ വഴി അതല്ലെന്ന് തിരിച്ചറിയുകയും അധ്യാപനത്തിലേക്ക് തിരിയുകയുമായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽ നിന്ന് ഡി ലിറ്റ് ബിരുദം നേടിയ അദ്ദേഹം, യുഎസ്സിലെ ടെമ്പിൾ യൂണിവേഴ്സിറ്റിയിൽ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും ഡി ലിറ്റ് ബിരുദം നേടി. അദ്ദേഹത്തിന്‍റെ ഗവേഷണ പ്രബന്ധത്തിന് 1975 -ലെ ജയിംസ് മാർഖം പുരസ്കാരം ലഭിച്ചു. 

ബിരുദതലത്തിൽ തിരുവല്ല മാർത്തോമ്മാ കോളജിലും ബിരുദാനന്തര തലത്തിൽ ദേവഗിരി, കോഴിക്കോട് (കോഴിക്കോട് സെന്‍റ് ജോസഫ് കോളജ് എന്നിവിടങ്ങളിൽ ഇംഗ്ലീഷ് അധ്യാപകനായിരുന്നു. കേരള സർവകലാശാലയിൽ മാധ്യമ പഠന വകുപ്പ് ആരംഭിച്ചപ്പോൾ അധ്യാപകനായി നിയമിക്കപ്പെട്ട അദ്ദേഹം, 1992 -ൽ വൈസ് ചാൻസലറായി നിയമിതനായി. ഇംഗ്ലിഷ്, മലയാളം മാധ്യമങ്ങളിൽ ഒരു കാലത്ത് പ്രവർത്തിക്കുന്ന ഒരു വലിയ വിഭാഗം അദ്ദേഹത്തിന്‍റെ വിദ്യാർത്ഥികളായിരുന്നു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ അദ്ദേഹം രചിച്ചിട്ടുണ്ട്. 1996 -ൽ സർവീസിൽ നിന്ന് വിരമിച്ചു.

1998-ൽ, യൂണിവേഴ്‌സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (യുജിസി) അദ്ദേഹത്തെ കമ്മ്യൂണിക്കേഷനിൽ പ്രൊഫസർ എമറിറ്റസ് അവാർഡ് നൽകി ആദരിച്ചു. ഇംഗ്ലീഷിലും മലയാളത്തിലുമായി നിരവധി പുസ്തകങ്ങൾ രചിച്ച അദ്ദേഹം ഇന്ത്യയിലെ വിവിധ സർവകലാശാലകൾക്ക് ഗവേഷണ മാർഗ്ഗനിർദ്ദേശങ്ങൾ നൽകി. മംഗലാപുരം യൂണിവേഴ്സിറ്റി, ധാർവാർ യൂണിവേഴ്സിറ്റി, കർണാടക, എം.എൽ.സി യൂണിവേഴ്സിറ്റി ഓഫ് -ജേണലിസം, ഭോപ്പാലിലും ഭുവനേശ്വറിലെ NISWASS ലും വിസിറ്റിങ് പ്രഫസറായും പ്രവർത്തിച്ചു. 2002 - 2003 മുതൽ നാക് പീർ ടീം അംഗമായിരുന്നു.

കോഴിക്കോട് വീണ്ടും സ്കൂൾ ബസ് അപകടം; ബസിൽ നിന്ന് വീണ് നാലാം ക്ലാസുകാരന് ഗുരുതര പരിക്ക്