കേരള സർവകലാശാല ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാർത്ഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. 

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പില്‍ സെഷൻ ഓഫീസർ വിനോദിനെതിരെ പൊലീസ് കേസെടുത്തു. ചതി, വിശ്വാസ വഞ്ചന, ഐടി ആക്ട് എന്നിവ പ്രകാരമാണ് കേസ്. രജിസ്ട്രാറുടെ പരാതിയിലാണ്‌ പൊലീസ് കേസെടുത്തത്. ഗുരുതരമായ ക്രമക്കേടിൽ ഒരുദ്യോഗസ്ഥനിൽ മാത്രം കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്.

കേരള സർവകലാശാലക്കേറ്റ നാണക്കേടിൽ ഒടുവിൽ പൊലീസ് കേസെടുത്തു. സോഫ്റ്റ്‍വെയർ വിഭാഗത്തിന്‍റെ ചുമതലയുണ്ടായിരുന്ന എ വിനോദിനെതിരെയാണ് കന്‍റോണ്‍മെന്‍റ് പൊലീസ് കേസെടുത്തത്. കേരള സർവകലാശാല ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് പരീക്ഷയിലെ മാർക്കുകളാണ് തിരുത്തിയത്. ഒരു വിദ്യാർത്ഥിയുടെ മാർക്കിലാണ് ആദ്യം തിരിമറി വ്യക്തമായത്. തുടർന്നുളള പരിശോധനയിൽ എഴുപതിലേറെ വിദ്യാർത്ഥികളുടെ മാർക്കുകളിൽ വ്യത്യാസം വരുത്തിയതായി കണ്ടെത്തി. സെക്ഷൻ ഓഫീസർ എ വിനോദാണ് മാർക്ക് തിരുത്തിയതെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ സസ്പെൻഡ് ചെയ്തിരുന്നു. 

ബിഎസ്‍സി കമ്പ്യൂട്ടർ സയൻസ് ബാച്ചിലെ വിദ്യാർത്ഥികളുടെ മാർക്ക് സോഫ്റ്റ്‍വെയറിൽ കയറി തിരുത്തിയെന്നാണ് കണ്ടെത്തൽ. സംഭവം വാർത്തയായതിന് പിന്നാലെ എ വിനോദിനെ സർവകലാശാല സസ്പെന്‍റ് ചെയ്തിരുന്നു. എന്നാൽ ഏറെ ശ്രദ്ധ നൽകേണ്ട സോഫ്റ്റ്‍വെയറിൽ കയറി മാർക്ക് തിരുത്താൻ സെക്ഷൻ ഓഫീസർ മാത്രം ശ്രമിച്ചാൽ സാധ്യമാകുമോ എന്നാണ് ഉയരുന്ന ആക്ഷേപം. സോഫ്റ്റ്‍വെയർ വിഭാഗം കൈകാര്യം ചെയ്തിരുന്ന വിനോദിൽ മാത്രം പഴിചാരിയാണ് സർവകലാശാല നടപടിയും. പരീക്ഷ കണ്‍ട്രോളർ ഉത്തരവാദിത്തം പറയേണ്ട സാഹചര്യത്തിൽ ആ നിലക്കും നടപടിയും അന്വേഷണങ്ങളും നീങ്ങിയിട്ടില്ല.