Asianet News MalayalamAsianet News Malayalam

കേരള സർവകലാശാല മാർക്ക് തിരിമറിയിൽ നടപടി; മോഡറേഷൻ റദ്ദാക്കും, നാളെ വിദഗ്ധ പരിശോധന

കേരള സർവകലാശാല മോഡറേഷൻ തട്ടിപ്പിൽ അധികം മാർക്കും മാർക്ക് ലിസ്റ്റും റദ്ദാക്കും. നടപടിക്ക് വിസിയുടെ നിർദേശം.

kerala university moderation mark to be cancelled
Author
Thiruvananthapuram, First Published Nov 17, 2019, 12:09 PM IST

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരിമറിയിൽ നടപടിക്ക് വൈസ് ചാൻസലറുടെ നിർദേശം. മോഡറേഷന്‍റെ മറവിൽ നൽകിയ അധികം മാർക്ക് റദ്ദാക്കാൻ വൈസ് ചാൻസിലര്‍ നിർദേശിച്ചു. മോഡറേഷന്‍റെ മറവിൽ അധികമാർക്ക് കിട്ടിയവരുടെ മാർക്ക് ലിസ്റ്റും റദ്ദാക്കും. സോഫ്റ്റ് കമ്പ്യൂട്ടർ വിദഗ്ധർ നാളെ പരിശോധന നടത്തും.

ഇതിനിടെ, കേരള സര്‍വലാശാലയിൽ കൂടുതൽ പരീക്ഷകളിൽ മോഡറേഷൻ തട്ടിപ്പ് നടന്നെന്ന നിര്‍ണായക വിവരങ്ങള്‍ പുറത്തുവന്നു. 12 പരീക്ഷകളില്‍ ക്രമക്കേടുകള്‍ നടന്നുവെന്നും ഒരേ പരീക്ഷയുടെ മോഡറേഷന്‍ നിരവധിത്തവണ തിരുത്തിയതായും കണ്ടെത്തി. മോഡറേഷന്‍ തട്ടിപ്പില്‍ സർവകലാശാല മൂന്നംഗ സമിതി നാളെ അന്വേഷണം തുടങ്ങും. സംഭവത്തില്‍ ക്രൈം ബ്രാഞ്ച് അന്വേഷണവും ഉടന്‍ തുടങ്ങും.

Also Read: കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേട്; ക്രൈംബ്രാഞ്ച് അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കി

12 പരീക്ഷകളിലെ മാര്‍ക്കില്‍ ക്രമക്കേടും തട്ടിപ്പും നടന്നെന്ന് മുന്‍ സിന്‍ഡിക്കറ്റ് അംഗം ജ്യോതികുമാര്‍ ചാമക്കാല പറഞ്ഞു. "16 പരീക്ഷകളെക്കുറിച്ചാണ് തട്ടിപ്പെന്ന ആക്ഷേപം ഉയര്‍ന്നത്. സര്‍വകലാശാല നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ 12 പരീക്ഷകളില്‍ തട്ടിപ്പ് നടന്നെന്ന് ബോധ്യപ്പെട്ടിട്ടുണ്ട്.  ഇതില്‍ തന്നെ നിരവധിത്തവണയാണ് ഒരേ പരീക്ഷയിലെ മാര്‍ക്കില്‍ തിരുത്തല്‍ വരുത്തിയത്. വളരെ ആസൂത്രിതമായാണ് ക്രമക്കേട് നടത്തിയത്. കൃത്യമായ ഇടവേളകളിലാണ് തിരുത്തലുകള്‍ നടത്തിയത്". യഥാര്‍ത്ഥ പ്രതികളെ ഉടന്‍ കണ്ടെത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേരള സർവ്വകലാശാല മോഡറേഷൻ ക്രമക്കേടില്‍ ക്രൈംബ്രാഞ്ച്  അന്വേഷണം ആവശ്യപ്പെട്ട് രജിസ്‍ട്രാര്‍ ഇന്നലെയാണ് ഡിജിപിക്ക് കത്ത് നൽകിയത്. ക്രമക്കേട് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ മഹാദേവന്‍ പിള്ള  പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് രജിസ്ട്രാര്‍ ഡിജിപിക്ക് കത്ത് നല്‍കിയത്. മാർക്ക് ദാനത്തിൽ സർവ്വകലാശാലക്കെതിരെ ആരോപണം ശക്തമായ സാഹചര്യത്തിലാണ് പൊലീസ് അന്വേഷണത്തിന് സർക്കാർ തയ്യാറായത്. 

Follow Us:
Download App:
  • android
  • ios