വിട്ട് കൊടുക്കാതെ വിസി, റജിസ്ട്രാർ വീണ്ടും ചുമതലയേറ്റതിൽ അതൃപ്തി; സിസ തോമസ് റിപ്പോർട്ട് തേടി
തിരുവനന്തപുരം : കേരള സർവകലാശാലയിൽ നാടകീയ നീക്കങ്ങൾ തുടരുന്നു. ജോയിന്റ് റജിസ്ട്രാർ ഹരികുമാറിനെതിരെയും നടപടിക്ക് സാധ്യത. വിസി ഇൻ ചാർജ് സിസ തോമസ് പിരിച്ചുവിട്ട സിൻഡിക്കേറ്റ് യോഗത്തിൽ ജോയിന്റ് റജിസ്ട്രാർ തുടർന്നും പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പിരിച്ചു വിട്ട ശേഷവും സിന്ഡിക്കേറ്റ് യോഗത്തിൽ തുടർന്ന ജോയിന്റ് റജിസ്ട്രാർ, ചട്ട വിരുദ്ധമായി ചേർന്ന സിൻഡിക്കേറ്റ് യോഗത്തിന്റെ മിനുട്സ് അംഗീകരിച്ചതും വീഴ്ചയാണെന്നും വിസി പറയുന്നു. ഇന്ന് രാവിലെ 9 മണിക്കുള്ളിൽ മറുപടി നൽകാനാണ് ജോയിൻ രജിസ്ട്രാർക്ക് വിസി നൽകിയ നിർദ്ദേശം.
കേരള സർവകലാശാലയിൽ, സിൻഡിക്കേറ്റ് തീരുമാനത്തിന് പിന്നാലെ വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ കെ.എസ്.അനിൽ കുമാറിന്റെ നടപടിയിൽ വിസി അതൃപ്തിയിലാണ്. സംഭവത്തിൽ ജോയിന്റ് റജിസ്ട്രാറിൽ നിന്ന് വിസി ഇൻ ചാർജ് ഡോ. സിസ തോമസ് റിപ്പോർട്ട് തേടി. ഈ വിഷയത്തിലും 9 മണിക്ക് മുമ്പ് വിശദീകരണം നൽകാനാണ് നിർദേശം.
അതേസമയം വീണ്ടും ചുമതലയേറ്റ രജിസ്ട്രാർ ഇന്ന് ഓഫീസിലെത്തിയേക്കും. ഇന്നലെ ചേർന്ന പ്രത്യേക സിൻഡിക്കേറ്റ് യോഗം വിസിയുടെ നടപടി റദ്ദാക്കിയതോടെ നാലര മണിക്ക് റജിസ്ട്രാർ ഓഫീസിലെത്തി ചുമതലയേറ്റിരുന്നു. സിൻഡിക്കേറ്റ് നടപടിക്ക് നിയമസാധുത ഇല്ലെന്ന് വിസിയുടെ നിലപാട് തള്ളിയാണ് റജിസ്ട്രാർ തിരികെ ഓഫീസിൽ എത്തിയത്. കോടതിയിൽ നിന്ന് തിരിച്ചടിയുണ്ടാകില്ലെന്ന വിലയിരുത്തലിലാണ് രജിസ്ട്രാറും ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും. ഇന്ന് സർവകലാശാലയിലെത്തുന്ന വിസിയെ തടഞ്ഞ് പ്രതിഷേധിക്കാനാണ് എസ്എഫ്ഐ തീരുമാനം.
ഹർജി ഇന്ന് പിൻവലിക്കും
കേരളാ സർവകലാശാല വൈസ് ചാൻസലറുടെ നടപടി ചോദ്യം ചെയ്ത് കേരള സർവകലാശാല റജിസ്ട്രാർ നൽകിയ ഹർജി ഇന്ന് പിൻവലിക്കും. റജിസ്ട്രാറായ കെ.എസ്.അനിൽകുമാർ ഹർജി പിൻവലിക്കുന്നതായി കോടതിയെ അറിയിക്കും. സസ്പെൻഷൻ നടപടി സിൻഡിക്കേറ്റ് റദ്ദാക്കിയതിന് പിന്നാലെയാണ് നീക്കം. സസ്പെൻഷൻ നടപടി സിൻഡിക്കേറ്റ് റദ്ദാക്കിയതോടെ റജിസ്ട്രാർ ഇന്നലെ വീണ്ടും ചുമതല ഏറ്റെടുത്തിരുന്നു. ഭാരതാംബയുടെ ചിത്രം മതചിഹ്നമാകുന്നത് എങ്ങനെയാണെന്നതുൾപ്പെടെയുള്ള ചോദ്യങ്ങൾ കഴിഞ്ഞ സിറ്റിങിൽ കോടതി ഉന്നയിച്ചതിനാൽ ഹർജി പിൻവലിക്കുന്നതിൽ കോടതി എന്ത് നിലപാട് എടുക്കും എന്നത് ശ്രദ്ധേയമാണ്.
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദവും സസ്പെഷൻഷനും
കാവിക്കൊടിയേന്തിയ ഭാരതാംബ വിവാദത്തെ തുടര്‍ന്ന് സെനറ്റ് ഹാളില്‍ നടത്താനിരുന്ന ഗവർണർ പങ്കെടുക്കുന്ന പരിപാടി റദ്ദാക്കിയതിനാണ് റജിസ്ട്രാർ കെ.എസ്. അനില്‍കുമാറിനെ വിസി മോഹനൻ കുന്നുമ്മൽ സസ്പെൻഡ് ചെയ്തത്. സെനറ്റ് ഹാളിലെ പരിപാടി മുൻവിധിയോടെ റജിസ്ട്രാർ റദ്ദാക്കുകയായിരുന്നുവെന്നും ഗവർണ്ണറോട് അനാദരവ് കാണിച്ചെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിസിയുടെ നടപടി. നിലവിൽ വിസി മോഹനൻ കുന്നുമ്മൽ വിദേശ സന്ദർശനത്തിലാണ്. പകരം ചുമതല വഹിക്കുന്നത് ഡിജിറ്റൽ യൂണിവേഴ്സിറ്റി വിസി സിസ തോമസാണ്. ഇടത് സിൻഡിക്കേറ്റ് അംഗങ്ങളും സംസ്ഥാന സർക്കാരും റജിസ്ട്രാർ കെ.എസ് അനിൽ കുമാറിനൊപ്പമാണ്. സിൻഡിക്കേറ്റ് ചേരാത്ത അടിയന്തര സാഹചര്യത്തിൽ ഉപയോഗിക്കാവുന്ന സർവകലാശാല നിയമത്തിലെ വകുപ്പ് അനുസരിച്ചായിരുന്നു വിസിയുടെ നടപടി. അടിയന്തര സാഹചര്യം ഉണ്ടായിരുന്നില്ലെന്നാണ് റജിസ്ട്രാറും സർക്കാരും പറയുന്നത്.


