ചിലർക്ക് നേതാവാകാൻ ഉള്ള കളിയാണെന്നും തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് പാർട്ടിയെ കാണിക്കാൻ വേണ്ടിയുള്ള പ്രകടനം ആണ്. ഇത്തരം കോമാളിത്തരം കാണിക്കരുതെന്നും വിസി
തിരുവനന്തപുരം: അധികാര വടംവലിയും ഭരണസ്തംഭനവും തുടരുന്നതിനിടെ വി സി മോഹനൻ കുന്നുമ്മൽ ഇരുപത് ദിവസത്തിനു ശേഷം കേരള സർവകലാശാലയിൽ എത്തി. യൂണിവേഴ്സിറ്റിയുടെ കാര്യത്തിൽ കാണിച്ച താല്പര്യത്തിന് മാധ്യമങ്ങൾക്ക് നന്ദിയെന്നും ഇന്ന് വന്നത് കുട്ടികളുടെ വിഷയം കൈകാര്യം ചെയ്യാനാണെന്നും വി സി മോഹനൻ കുന്നുമ്മൽ വിശദമാക്കി.1838 ഡിഗ്രി സർട്ടിഫിക്കറ്റുകളാണ് വിസി ഇന്ന് ഒപ്പിട്ടത്. എല്ലാ അത്യാവശ്യ ഫയലുകളും ഒപ്പിട്ടു. ഇനി ഒരു ഫയലും ബാക്കിയില്ലെന്നും മേശ ക്ലീൻ ആണെന്നും വി സി മോഹനൻ കുന്നുമ്മൽ പ്രതികരിച്ചു.
20 ദിവസം വന്നില്ല എന്ന് പറയുന്നത് ശരിയല്ലെന്നും യൂണിവേഴ്സിറ്റിയിൽ അക്രമം ഉണ്ടായതിനാൽ ആണ് വരാതിരുന്നതെന്നും വി സി വിശദമാക്കി. വിദ്യാർത്ഥികൾ തന്നെയാണോ അക്രമം നടത്തിയത് എന്ന് സംശയമുണ്ടെന്നും വിസി പറഞ്ഞു. കലാപം ഉണ്ടാകുമ്പോൾ എരിതീയിൽ എണ്ണ ഒഴിക്കേണ്ട എന്ന് കരുതിയാണ് വരാതിരുന്നത്. വിസിയെ തടയില്ല എന്ന വാക്ക് വിശ്വസിച്ചാണ് വന്നത്. തടയാത്തത്തിൽ സന്തോഷമെന്നും വി സി പറഞ്ഞു. ചിലർക്ക് നേതാവാകാൻ ഉള്ള കളിയാണെന്നും എസ്എഫ്ഐക്കെതിരെ വിസി പ്രതികരിച്ചു. തെരഞ്ഞെടുപ്പ് വരുന്നത് കൊണ്ട് പാർട്ടിയെ കാണിക്കാൻ വേണ്ടിയുള്ള പ്രകടനം ആണ്. ഇത്തരം കോമാളിത്തരം കാണിക്കരുത്. ഭരണത്തലവൻ ഗവർണറാണ്. അദ്ദേഹത്തെ അപമാനിക്കുകയാണ് ചെയ്തത്.
രജിസ്ട്രാറിന് സസ്‌പെൻഷൻ നൽകിയത് ശിക്ഷയല്ല സ്വാഭാവിക നടപടി മാത്രമാണ്. അന്വേഷണത്തിന്റെ ഭാഗമാണ് സസ്പെൻഷൻ. അത് അനുസരിക്കില്ല എന്ന് വന്നാൽ എങ്ങനെയാണ്, നിയമം പാലിക്കണം നിയമം ലംഘിക്കുന്നു, ചിലർ പിന്തുണക്കുന്നുവെന്നും വി സി വിമർശിച്ചു. അവർ വിദ്യാർത്ഥികൾ എന്ന വ്യാജന അക്രമികളെ ഇറക്കുന്നു. കുട്ടികൾ വരാതിരുന്നാൽ എങ്ങനെ കുറ്റം പറയാൻ കഴിയും. വിസി ക്ക് സ്വതന്ത്ര തീരുമാനം എടുക്കാം, സിൻഡിക്കേറ്റിന്റെ അനുമതി പിന്നീട് മതിയെന്നും വിസി ചീഫ് എക്സിക്യൂട്ടീവ് ആണെന്നും വിസി പറഞ്ഞു. സിൻഡിക്കേറ്റ് കൂടാത്തപ്പോൾ സിൻഡിക്കേറ്റിന്റെ ചുമതല വിസിക്കാണ്.
സസ്‌പെൻഡ് ചെയ്ത രജിസ്ട്രാർ നൽകിയ ഒരു ഫയലും പരിഗണിച്ചിട്ടില്ല. ഓഫീസിൽ കയറി ഇരിക്കുന്നത് നീതികേടും മര്യാദകേടുമാണ്. ഗവർണറെ എല്ലാം അറിയിച്ചിട്ടുണ്ട്. അദ്ദേഹം തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. രജിസ്ട്രാർ ഓഫീസിൽ കയറിയത് അന്യായം. അത് പൊലീസിൽ അറിയിച്ചു. ഗവർണർക്ക് ഇന്നലെയും റിപ്പോർട്ട് നൽകി. ഗവർണർ ഇങ്ങോട്ട് വിളിച്ചു എന്താണ് സ്ഥിതി എന്ന് അന്വേഷിച്ചുവെന്നും വിസി വിശദമാക്കി. സിപിഎം നിർദേശമുള്ളതിനാൽ വിസിക്കെതിരെ എസ്എഫ്ഐ പ്രതിഷേധമുണ്ടായില്ല. പ്രതിസന്ധി തുടരുന്നത് സർക്കാരിന് ക്ഷീണമാകുമെന്നും കോടതിയിൽ തിരിച്ചടിയാകുമെന്നും കണ്ടാണ് തത്കാലം പിന്മാറാനുള്ള പാർട്ടി തീരുമാനം.
തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് രണ്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയിൽ, സർവകലാശാലാ വളപ്പിലെ മുന്നൂറോളം പൊലീസുകാരുടെ സുരക്ഷാവലയത്തിലാണ് മോഹനൻ കുന്നുമ്മൽ, ഇരുപത് ദിവസത്തിനു ശേഷം ഓഫീസിൽ എത്തിയത്. പ്രധാന ശത്രുവായ വിസിയെ പടി ചവിട്ടാൻ എസ്എഫ്ഐ അനുവദിക്കില്ലെന്നു കരുതിയായിരുന്നു പൊലീസ് കാവൽ. പക്ഷേ ഒന്നുമുണ്ടായില്ല. ബഹളങ്ങളില്ല. കെട്ടിക്കിടന്ന ഫയലുകളിൽ വിസി ഒപ്പിട്ടു. ആയിരത്തി അഞ്ഞൂറോളം സർട്ടിഫിക്കട്ടുകൾക്ക് അംഗീകാരം നൽകി. ഉന്നത വിദ്യാഭ്യാസ കൗൺസിൽ യോഗത്തിൽ ഓൺലൈനായി പങ്കെടുത്തു. വിസി എത്തിയതിനു പിന്നാലെ ഔദ്യോഗിക വാഹനത്തിൽ രജിസ്ട്രാർ കെ എസ് അനിൽ കുമാർ എത്തി. വിസി വിലക്കിയ ഓഫീസിൽ കയറിയ അനിൽ കുമാർ അര മണിക്കൂറിനു ശേഷം മടങ്ങി.
