Asianet News MalayalamAsianet News Malayalam

ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വിസി; സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ല

ഗവർണർ രണ്ട് അംഗ കമ്മിറ്റി ഉണ്ടാക്കിയത് ചട്ട വിരുദ്ധമാണെന്ന നിലപാടിലാണ് കേരള സർവകലാശാല. ഉടൻ ഗവർണർക്ക് മറുപടി നൽകും. അതേസമയം, കേരള വിസിക്കെതിരെ രാജ്ഭവൻ നടപടി വന്നേക്കും.

kerala university vc will not give name their nominee for search committee rejects governor demand
Author
First Published Sep 26, 2022, 6:35 PM IST

തിരുവനന്തപുരം: ഗവർണറുടെ അന്ത്യശാസനം തള്ളി കേരള വൈസ് ചാൻസലര്‍. വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് സെനറ്റ് പ്രതിനിധിയെ നിർദേശിച്ചില്ല. പ്രതിനിധികളുടെ പേര് ഇന്ന് തന്നെ നിർദേശിക്കണം എന്നായിരുന്നു ഗവർണറുടെ അന്ത്യശാസനം. ഗവർണർ ഏകപക്ഷീയമായി ഉണ്ടാക്കിയ സെർച്ച് കമ്മിറ്റി അംഗീകരിക്കാനാകിലെന്ന് കാണിച്ച് വിസി നൽകിയ മറുപടി കണക്കിലെടുക്കാതെയാണ് രാജ്ഭവൻ സമയപരിധി വെച്ച് കടുപ്പിച്ചത്. എന്നാല്‍, ഗവർണർ രണ്ട് അംഗ കമ്മിറ്റി ഉണ്ടാക്കിയത് ചട്ട വിരുദ്ധമാണെന്ന നിലപാടിലാണ് കേരള സർവകലാശാല. ഉടൻ ഗവർണർക്ക് മറുപടി നൽകും. അതേസമയം, കേരള വിസിക്കെതിരെ രാജ്ഭവൻ നടപടി വന്നേക്കും.

കഴിഞ്ഞ ആഴ്ചയായിരുന്നു വിസി നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിലേക്ക് ഉടൻ സെനറ്റ് പ്രതിനിധിയെ നിർദ്ദേശിക്കാൻ കേരള വിസിയോട് ഗവർണർ ആവശ്യപ്പെട്ടത്. എന്നാൽ വിസി പ്രതിനിധിയെ നിർദ്ദേശിച്ചില്ല. ഗവർണറുടേയും യുജിസിയുടേയും പ്രതിനിധികളെ മാത്രം വെച്ചുള്ള കമ്മിറ്റി രൂപീകരണം ഏകപക്ഷീയമാണെന്ന് കാണിച്ച് ഗവർണറെ തള്ളി സെനറ്റ് പ്രമേയം പാസ്സാക്കിയ കാര്യമാണ് വിസി മറുപടിയായി നൽകിയത്. പ്രമേയത്തിന്‍റെ കാര്യം അറിഞ്ഞെന്ന് പറഞ്ഞ ഗവർണറാകട്ടെ വിസിക്ക് അന്ത്യശാസനമെന്ന നിലക്ക് പുതിയ കത്ത് നൽകി കടുപ്പിച്ചു. ഇന്ന് തന്നെ പ്രതിനിധിയെ നിർദ്ദേശിക്കണമെന്ന് രാജ്ഭവൻ വിസിക്ക് നിർദ്ദേശം നല്‍കുകയായിരുന്നു. എന്നാല്‍ അന്ത്യശാസനം തള്ളിയ വിസിക്കെതിരെ ഗവര്‍ണര്‍ ഇനി എന്ത് നടപടി സ്വീകരിക്കും എന്നാണ് ഇനി കണ്ടറിയേണ്ടത്.

അടുത്ത 24ന് വി സിയുടെ കാലാവധി തീരാനിരിക്കെ നടപടികൾ എല്ലാം ചട്ടപ്രകാരം തന്നെ എന്നാണ് രാജ്ഭവന്‍റെ വിശദീകരണം. നേരത്തെ സെനറ്റ് പ്രതിനിധിയായി ആസൂത്രണ ബോർഡ് ഉപാധ്യക്ഷൻ വി കെ രാമചന്ദ്രനെ സർവകലാശാല നിർദ്ദേശിച്ച ശേഷം അദ്ദേഹം പിന്മാറിയത് സർവകലാശാലയെ സംശയ നിഴലിൽ നിർത്തുന്നു എന്നാണ് രാജ്ഭവൻ നിലപാട്. ഗവർണർ സെർച്ച് കമ്മിറ്റി ഉണ്ടാക്കിയത് ഓഗസ്റ്റ് അഞ്ചിനാണ്. ഓഗസ്റ്റ് ഒന്ന് മുതൽ മുൻകാല പ്രാബല്യത്തോടെ വി സി നിയമനത്തിൽ ഗവർണറുടെ അധികാരം വെട്ടുന്ന ഭേദഗതിയാണ് നിയമസഭ പാസ്സാക്കിയത്. ഗവർണര്‍ ബില്ലിൽ ഒപ്പിടാൻ സർക്കാറിനൊപ്പം കേരള സർവകലാശാലയും കാത്തിരിക്കുന്നു. എന്നാൽ ഒപ്പിടില്ലെന്ന് ഉറപ്പിച്ച ഗവർണർ കേരള സർവ്വകലാശാലക്ക് മേൽ പിടിമുറുക്കുകയായിരുന്നു. സെനറ്റ് പ്രതിനിധി ഇല്ലെങ്കിൽ രണ്ട് അംഗ കമ്മിറ്റി വിസി നിയമന നടപടിയുമായി മുന്നോട്ട് പോകും. ഒപ്പം വിസിക്കെതിരെ അച്ചടക്ക നടപടിയും ഉണ്ടാകാനിടയുണ്ട്.

Follow Us:
Download App:
  • android
  • ios