വാക്സിനേഷനായി സജ്ജമാക്കിയ 133 കേന്ദ്രങ്ങളിലായി 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്ങനെ 13300 പേര്‍ ഒരു ദിവസം വാക്സീൻ എടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണം ഇപ്പോഴും 9000-ൽ താഴെയാണ്. 

തിരുവനന്തപുരം: കേരളത്തില്‍ കൊവിഡ് വാക്സീൻ കുത്തിവയ്പിൽ മെല്ലെപ്പോക്ക്. ലക്ഷ്യം വച്ചവരില്‍ 67 ശതമാനം മാത്രമാണ് പ്രതിദിനം ശരാശരി വാക്സീൻ സ്വീകരിക്കുന്നത്. കൊ-വിൻ ആപ്പിലെ സാങ്കേതിക പ്രശ്നങ്ങൾ തിരിച്ചടിയായെന്നാണ് സര്‍ക്കാര്‍ വിലയിരുത്തൽ.

വാക്സിനേഷനായി സജ്ജമാക്കിയ 133 കേന്ദ്രങ്ങളിലായി 100 വീതം ആരോഗ്യ പ്രവര്‍ത്തകര്‍, അങ്ങനെ 13300 പേര്‍ ഒരു ദിവസം വാക്സീൻ എടുക്കുമെന്നായിരുന്നു തീരുമാനം. എന്നാല്‍ കുത്തിവയ്പ് എടുക്കുന്നവരുടെ എണ്ണം ഇപ്പോഴും 9000-ൽ താഴെയാണ്. ആദ്യ ദിനം കൊവിൻ ആപ്പ് വഴിയല്ലാതെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് വാക്സീൻ നല്‍കിയത്. 

കഴിഞ്ഞ ദിവസം മുതല്‍ കൊവിൻ ആപ്പ് വഴി രജിസ്റ്റര്‍ ചെയ്തവരെയാണ് കുത്തിവയ്പിനായി വിളിക്കുന്നത്. എന്നാല്‍ ഇവരിൽ പലര്‍ക്കും ആപ്പ് വഴിയുള്ള മെസേജ് കിട്ടാൻ വൈകുകയാണ്. മുൻകൂട്ടി അറിയാത്തതിനാൽ പലര്‍ക്കും വാക്സീനേഷന് എത്താൻ കഴിയാത്ത അവസ്ഥയും ഉണ്ടാകുന്നുണ്ട്. സാങ്കേതിക പ്രശ്നം തിരിച്ചറിഞ്ഞെന്നും പരിഹരിക്കുമെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നു.

''ഇതൊരു പുതിയ ആപ്പാണ്. അതിനാൽത്തന്നെ അതിന് അതിന്‍റേതായ പ്രശ്നങ്ങളുണ്ടാകാം. വളരെ പതുക്കെയാണ് അതിലെ വിവരങ്ങൾ നൽകാനും എടുക്കാനും ഒക്കെ പറ്റുന്നത്. ഇപ്പോഴും വാക്സിൻ എടുക്കാൻ വരേണ്ട ആളുകൾക്ക് എഴുതി നൽകുകയാണ് നൽകുകയാണ് ചെയ്യുന്നത്. പുതിയ ആപ്പ് എന്ന നിലയിൽ അതിന് അതിന്‍റേതായ സമയം നൽകണം. കുറച്ച് കാലം കഴിയുമ്പോഴേക്ക്, ആപ്പ് കുറച്ചുകൂടി മെച്ചപ്പെടുന്ന സാഹചര്യം വരുമ്പോഴേക്ക്, ഇതിലേക്ക് കുറച്ചുകൂടി ഡാറ്റ കയറ്റാൻ കഴിയും'', എന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കൽ ഓഫീസർ ഡോ കെ എസ് ഷിനു പറയുന്നു.

അതൃപ്തിയുമായി കേന്ദ്രം

അതേസമയം, കേരളത്തിലും തമിഴ്നാട്ടിലും വാക്സീൻ സ്വീകരിക്കുന്നതിന് വിമുഖതയുണ്ട് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്. കേരളത്തിലും തമിഴ്നാട്ടിലും ആകെ വാക്സിനേഷൻ തോത് 25 ശതമാനത്തിലും താഴെ മാത്രമാണ് എന്നാണ് കേന്ദ്രം വ്യക്തമാക്കുന്നത്. ആരോഗ്യപ്രവർത്തകർക്കിടയിൽ വാക്സിനേഷനിലുള്ള വിശ്വാസമില്ലായ്മയാണ് പ്രശ്നമെന്ന് കേന്ദ്രസർക്കാർ പറയുന്നു. അത് പാടില്ല. ആരോഗ്യപ്രവർത്തകർക്കിടയിൽ വാക്സിനുകളിൽ വിശ്വാസം വളർത്തണം. വാക്സിനേഷൻ വിശകലനം ചെയ്യുന്ന ചർച്ചയ്ക്കിടയിലാണ് കേരളത്തിനോടും തമിഴ്നാടിനോടും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ ഈ നി‍ർദേശം. എന്നാൽ ആപ്ലിക്കേഷനിലെ പ്രശ്നങ്ങളാണ് വാക്സിനേഷൻ തോത് താഴാൻ കാരണമെന്ന് കേരളം നേരത്തേ തന്നെ പല വേദികളിലും വ്യക്തമാക്കിയിരുന്നതാണ്. 

അതേസമയം, കേരളത്തിൽ ഇതുവരെ വാക്സീനെടുത്തവര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഉണ്ടായിട്ടില്ല. ആദ്യ ഡോസ് എടുത്ത ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രണ്ടാം ഡോസ് കൂടി ഉറപ്പാക്കിയാണ് ഇപ്പോൾ കുത്തിവയ്പ് നല്‍കുന്നത്. അടുത്തഘട്ടത്തിലേക്കുള്ള വാക്സീൻ ഈ മാസം അവസാനത്തോടെ എത്തുമെന്നാണ് അറിയിപ്പ്.