മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി.
പാലക്കാട്: കേരളം മുഴുവന്‍ ഇന്ന് കാത്തിരിപ്പിലാണ്. മലമ്പുഴയിലെ ചെറാട് മലയില്‍ കുടുങ്ങിയ ബാബുവിനെ സൈന്യം രക്ഷിക്കുമെന്നാണ് പ്രതീക്ഷ. കരസേന അംഗങ്ങള്‍ ബാബുവിന് അടുത്തെത്തിയെന്നാണ് വിവരം. ചെങ്കുത്തായ മലയും പ്രതികൂല കാലാവസ്ഥയുമായിരുന്നു രക്ഷാദൗത്യത്തിന് വെല്ലുവിളിയായിരുന്നത്. ബാബുവിന്റെ ആരോഗ്യനിലക്ക് പ്രശ്‌നമില്ലാത്തതും യുവാവുമായി സംസാരിക്കാന്‍ സാധിച്ചതും പ്രതീക്ഷ നല്‍കുന്നു. കരസേനയുടെ എന്‍ജിനീയറിങ് വിഭാഗവും എനന്‍ഡിആര്‍എഫുമാണ് മലമുകളില്‍ എത്തിയത്. പ്രദേശവാസികളും പര്‍വതാരോഹകരും ഇവര്‍ക്കൊപ്പമുണ്ട്.
ബാബുവിന് ഭക്ഷണവും വെള്ളവും നല്‍കാനാണ് ആദ്യം ശ്രമിക്കുന്നത്. ബാബു മലയില്‍ കുടുങ്ങിയിട്ട് 40 മണിക്കൂറോളം പിന്നിടുകയാണ്. ഈ സമയത്തിനുള്ളില്‍ ബാബു വെള്ളം പോലും കുടിച്ചിട്ടില്ല. പകല്‍ സമയത്തെ കനത്തെ വെയിലും തിരിച്ചടിയാണ്. ഇന്ന് രാവിലെയോടെ ബാബുവിനെ മലയിറക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് സൈന്യവും നാട്ടുകാരും.
സൈന്യം രണ്ട് സംഘമായിട്ടാണ് എത്തിയത്. ബെംഗളൂരുവില്‍ നിന്നൊരു ടീമും ഊട്ടിയില്‍ നിന്ന് മറ്റൊരു ടീമുമെക്കി. മലയാളിയായ ലഫ്. കേണല്‍ ഹേമന്ത് രാജാണ് രക്ഷാദൗത്യത്തിന് നേതൃത്വം നല്‍കുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെ ഹെലികോപ്ടറും ദൗത്യത്തിന് എത്തിയേക്കും. പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ സംഘവും വനം ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.
അപകടം ഇങ്ങനെ
മൂന്ന് സുഹൃത്തുക്കളോടൊപ്പം തിങ്കളാഴ്ചയാണ് ബാബു മലകയറിയത്. ഒരു കിലോമീറ്റര്‍ ഉയരമുള്ള മലയുടെ മുകളിലെത്തുകയായിരുന്നു ലക്ഷ്യം. എന്നാല്‍ കയറുന്നതിനിടയില്‍ ക്ഷീണം തോന്നിയ സുഹൃത്തുക്കള്‍ വിശ്രമിച്ച സമയം ബാബു കുറച്ചുകൂടി ഉയരത്തിലേക്ക് പോയി. അവിടെ നിന്ന് കൂട്ടുകാരുടെ അടുത്തേക്ക് ഇറങ്ങുമ്പോള്‍ കാല്‍ വഴുതി കുത്തനെയുള്ള മലയിലൂടെ താഴേക്ക് വീണ് പാറയിടുക്കില്‍ കുടുങ്ങി. കാലിന് ചെറിയ പരിക്കേറ്റു. തിരിച്ചെത്തിയ കൂട്ടുകാരാണ് ബാബു കുടുങ്ങിയ കാര്യം അറിയിക്കുന്നത്.
കൈയില്‍ ഫോണുണ്ടായത് ബാബുവിന് തുണയായി. കൂട്ടുകാര്‍ക്കും പൊലീസിനും ബാബു കുടുങ്ങിക്കിടക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ എടുത്ത് അയച്ചു നല്‍കി സഹായമഭ്യര്‍ഥിച്ചു. രാത്രി ഫ്‌ലാഷ് ലൈറ്റ് തെളിച്ച് രക്ഷാപ്രവര്‍ത്തകരെ അറിയിച്ചു. ഡ്രോണ്‍ ഉപയോഗിച്ച് നടത്തിയ നിരീക്ഷണത്തിലും ബാബുവിനെ സ്‌പോട്ട് ചെയ്യാന്‍ സാധിച്ചു. ഇന്നത്തെ ആദ്യ മണിക്കൂറുകള്‍ ബാബുവിന് നിര്‍ണായകമാണ്.
