സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് വടക്കൻ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കനത്ത മഴയിൽ തൃശ്ശൂരിൽ മരം വീണ് ഒരാൾ മരിക്കുകയും കോഴിക്കോട് ഉൾപ്പെടെ പലയിടങ്ങളിലും വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. 

തിരുവനന്തപുരം : സംസ്ഥാനത്ത് മഴ ശക്തമാകുന്നു. കാലവർഷം തുടങ്ങി ആദ്യ ദിനങ്ങളിൽ തന്നെ പ്രതീക്ഷിച്ചത് പോലെ പെരുമഴയാണ് ലഭിക്കുന്നത്. നാളെയും മറ്റന്നാളും വടക്കൻ ജില്ലകളിൽ മഴ കനക്കും. നാളെ വടക്കൻ ജില്ലകളായ മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നിവടങ്ങളിലാണ് റെഡ് അലർട്ടാണ്. നാളെ വയനാട്, കാസർകോട്, കോഴിക്കോട് എന്നീ ജില്ലകളിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മഴയ്ക്കൊപ്പം മഴക്കെടുതികളും രൂക്ഷമാണ്. കനത്ത മഴയിൽ സംസ്ഥാനത്ത് ഇന്ന് ഒരു മരണമുണ്ടായി. തൃശ്ശൂർ എസ്.എൻ.പുരം പോഴങ്കാവിൽ റോഡരികിലെ മരം വീണ് സ്കൂട്ടർ യാത്രികൻ കാരുമാത്ര സ്വദേശി മണികണ്ഠൻ ശാന്തി മരിച്ചു. രാവിലെ ഒൻപതരയോടെ ആയിരുന്നു അപകടം. മഴയിൽ റോഡരികിലെ വാകമരം കടപുഴകി ദേഹത്തേക്ക് വീഴുകയായിരുന്നു. കാഞ്ഞങ്ങാട് സ്‌കൂൾ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. വിദ്യാർഥികൾ ക്ലാസിൽ കയറിയതിനാൽവലിയ ദുരന്തമാണ് ഒഴിവായത്.

വയനാട് മേപ്പാടി പഞ്ചായത്തിൽ പ്രത്യേക ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. വയനാട് മേപ്പാടിയിൽ ജൂൺ 6, 7 തീയതികളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ തുറക്കരുതെന്ന് നിർദേശം നൽകി. അതിതീവ്ര മഴമുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിൽ ജാഗ്രത പാലിക്കണമെന്നും ജില്ലാ ഭരണ കൂടങ്ങൾ നിർദേശം നൽകി.

കോഴിക്കോട് ജില്ലയിൽ കനത്ത മഴയിലും കാറ്റിലും പലയിടങ്ങളിലും വ്യാപക നാശനഷ്ടമുണ്ടായി. ചിന്തവളപ്പിൽ റോഡിലേക്ക് മരം കടപുഴകി വീണ് മൂന്ന് ഓട്ടോറിക്ഷകൾക്ക് കേടുപാടുണ്ടായി. കനത്ത മഴയിൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ കടകളിൽ വെള്ളം കയറി. മിഠായി തെരുവിൽ കനത്ത കാറ്റിൽ കടകളുടെ മേൽക്കൂര പറന്നുപോയി. ഹൽവ ബസാറിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് സ്കൂട്ടറുകൾ പൂർണമായും തകർന്നു. ആളുകൾ സമീപത്ത് കൂടി കടന്ന് പോകാത്തതിനാൽ മറ്റ് അപകടങ്ങൾ ഒഴിവായി.