സംസ്ഥാനത്ത് കാലവർഷം ശക്തമായതിനെ തുടർന്ന് അടുത്ത അഞ്ച് ദിവസത്തേക്ക് അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പല ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴിയാണ് മഴ ശക്തമാകാൻ കാരണമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് വ്യക്തമാക്കുന്നു.
തിരുവനന്തപുരം : സംസ്ഥാനത്ത് കാലവർഷം ശക്തമായി. അടുത്ത അഞ്ച് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്. ഇന്ന് ജൂൺ 5 ന് കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും നാളെ ജൂൺ 6 ന് കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളിലും ഒറ്റപ്പെട്ട അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകുന്നത്.
അടുത്ത 2-3 ദിവസങ്ങളിൽ തെക്കുപടിഞ്ഞാറൻ കാലവർഷം, മധ്യ അറബിക്കടലിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കും. ഗോവ പൂർണ്ണമായും, മഹാരാഷ്ട്ര, ആന്ധ്രാപ്രദേശ്, കർണാടക എന്നിവയുടെ ചില ഭാഗങ്ങൾ, തമിഴ്‌നാടിന്റെ ബാക്കി ഭാഗങ്ങളും തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലും, മധ്യ-പടിഞ്ഞാറൻ, മധ്യ-കിഴക്കൻ, വടക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കൂടുതൽ ഭാഗങ്ങൾ, ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിലേക്ക് കാലവർഷമെത്തും.
മധ്യ-കിഴക്കൻ അറബിക്കടലിൽ ഗോവ തീരത്തിന് മുകളിലെ ചക്രവാതച്ചുഴി നിലവിൽ തീരദേശ കർണാടകയ്ക്കും സമീപപ്രദേശങ്ങൾക്കും മുകളിലായി നിലകൊള്ളുകയാണ്. ജൂൺ 5 മുതൽ 9 വരെ തീയതികളിൽ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇടിമിന്നലും കാറ്റും (മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയുള്ള) ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.


