കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സൂര്യാഘാതമേറ്റു. തോപ്പുംപടി ഭാഗത്ത് വച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ തളര്‍ന്ന് വീഴുകയായിരുന്നു.

തിരുവനന്തപുരം: കൊടും ചൂടില്‍ വെന്തുരുകി കേരളം. ഇന്ന് ഇതുവരെ സംസ്ഥാനത്ത് പൊള്ളലേറ്റത് 35 പേര്‍ക്കാണ്. ജാഗ്രതാ നിര്‍ദ്ദേശം ഞായറാഴ്ച വരെ തുടരും. കൊച്ചിയിൽ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥന് ജോലിക്കിടെ സൂര്യാഘാതമേറ്റു. തോപ്പുംപടി ഭാഗത്തു വബന പരിശോധന നടത്തിവന്ന എസ് ഭരതൻ ആണ് സൂര്യാഘാതത്തെ തുടർന്ന് തളർന്നു വീണത്. ഇദ്ദേഹത്തിന് അടുത്തുള്ള ഹോസ്പിറ്റലിൽ എത്തിച്ച് ചികിത്സ നൽകി. 

കോഴിക്കോട് ഇന്ന് 13 പേർക്ക് സൂര്യാതപമേറ്റു. വിവിധ ആശുപത്രികളിൽ ചികിത്സ തേടിയവരുടെ കണക്കാണ് ജില്ല ആരോഗ്യ വകുപ്പ് പുറത്ത് വിട്ടത്. വടകര, ഉള്ള്യേരി, മുക്കം പ്രദേശങ്ങളിലും, കോഴിക്കോട് കോർപ്പറേഷൻ പരിധിയിലുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൊല്ലം ജില്ലയിൽ ഇന്ന് 12 പേർക്ക് സൂര്യതപമേറ്റു. 

കോട്ടയം ഈരാറ്റുപേട്ടയിൽ ഒരാൾക്ക് സൂര്യാതപമേറ്റു. മരവിക്കൽ സ്വദേശി രാജു രാജുവിന് സൂര്യാതപമേറ്റ്. വീട്ടിലെ പറമ്പിൽ ജോലി ചെയ്യുന്നതിനിടയിലാണ് പൊള്ളലേറ്റത്. ഇയാളെ തീക്കോയി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു

കണ്ണൂരിൽ ഒന്നര വയസുകാരൻ ഉൾപ്പടെ നാല് പേർക്ക് ഇന്ന് സൂര്യതാപമേറ്റു. ചൊക്ലി സ്വദേശികളായ ശാരദ (68), തൃശാൽ (ഒന്നര), മാങ്ങാട്ടിടം സ്വദേശി കരുണാകരൻ (63), പാപ്പിനശേരി സ്വദേശി സമീറ (27) എന്നിവര്‍ക്കാണ് സൂര്യാതപമേറ്റത്. അതേസമയം ഇന്നും പാലക്കാട് അന്തരീക്ഷ താപനിലയിൽ മാറ്റമില്ല. തുടർച്ചയായ നാലാം ദിവസവും 41 ഡിഗ്രി സെൽഷ്യസില്‍ തുടരുകയാണ് അന്തരീക്ഷ താപനില.